"വിവാഹം വർക്ക് ആയില്ല, തുടരാൻ ആഗ്രഹിച്ചിരുന്നില്ല"; ‌ ജീവയുമായുള്ള വേർപിരിയൽ സ്ഥിരീകരിച്ച് അപർണ

പതിനൊന്നാം വിവാഹ വാർഷിക ദിനത്തിലാണ് വേർപിരിയലും പ്രഖ്യാപിച്ചിരിക്കുന്നത്.
"That marriage didn't work out; I didn't want to continue"—Aparna confirms separation

ജീവ, അപർണ

Updated on

ജീവ ജോസഫുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചുവെന്ന് സ്ഥിരീകരിച്ച് അപർണ തോമസ്. 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ജീവ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അപർണയും കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

ഇതോടെ ആ അധ്യായം അവസാനിക്കുകയാണ് എന്ന കുറിപ്പോടെയാണ് വിശദീകരണം പങ്കു വച്ചിരിക്കുന്നത്. നിങ്ങളിൽ പലരും എന്‍റെ ഭാഗത്തു നിന്ന് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് നേരിട്ട് സംസാരിക്കുന്നത്. അതെ , ആ വിവാഹബന്ധം അവസാനിച്ചിരിക്കുന്നു.

അതു വർക് ഔട്ട് ആയില്ല, ആത്മാർഥമായി പറയുകയാണെങ്കിൽ എനിക്കത് തുടരാൻ ആഗ്രഹവുമുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു പേർക്കും ഒരിക്കലും അതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഞാൻ എനിക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു. ഇന്ന് എനിക്ക് മനസു തുറന്ന് പറയാം ഞാൻ സമാധാനത്തിലാണെന്ന്, സന്തോഷവതിയാണെന്ന്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ടെന്ന് മാത്രമല്ല കുറേ നാളുകൾക്കു ശേഷം മനസിന് ഭാരക്കുറവു തോന്നുന്നുണ്ടെന്ന്.

എന്താണ് സംഭവിച്ചതെന്നു പറയാനോ എല്ലാ കാര്യങ്ങളും വിശദീകരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പല കാര്യങ്ങളും വളരെ വ്യക്തിപരമാണ്.

ജീവിതം സമാധാനപൂർണമായി ജീവിച്ചു മുന്നോട്ടു പോകാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ദയവായി ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുക, ഞങ്ങൾക്ക് ഞങ്ങളുടേതായ ഇടം തരുക, അതു മാത്രമാണ് ആവശ്യപ്പെടുന്നത്. എല്ലാവർക്കും മനസിലായെന്ന് കരുതുന്നു എന്നാണ് അപർണ കുറിച്ചിരിക്കുന്നത്. 2015 ഓഗസ്റ്റ് 24നായിരുന്നു ഇരുവരുടെയും വിവാഹം. പതിനൊന്നാം വിവാഹ വാർഷിക ദിനത്തിലാണ് വേർപിരിയലും പ്രഖ്യാപിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com