The comedy-thriller film starring Arun and Mithun in the lead roles has begun

അരുൺ മിഥുൻ

അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രത്തിന് തുടക്കം

പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായികയാവുന്നത്.
Published on

മലയാളികളുടെ പ്രിയതാരം അരുൺ കുമാറും, മിനിസ്ക്രീൻ താരം എം.കെ. മിഥുനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രത്തിന് വയനാട് കൽപ്പറ്റയിൽ തുടക്കം. സിനിപോപ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺദേവ് മലപ്പുറമാണ്. ഒളിംപ്യന്‍ അന്തോണി ആദം, പ്രിയം, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ.

അഭിയുടെയും ജാനകിയുടെയും വീട്, കൂടെവിടെ, അനിയത്തിപ്രാവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തനാണ് മിഥുൻ. പുതുമുഖം ഋഷ്യ റായാണ് ചിത്രത്തിൽ നായികയാവുന്നത്. ഫാമിലി കോമഡി- ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഉണ്ണി മടവൂരാണ്. വയനാട് കൽപ്പറ്റയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സ്വിച്ചോൺ കർമ്മം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.

ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് സംവിധായകൻ അറിയിച്ചു. ജിജീഷ് ഗോപിയാണ് സഹ നിർമാതാവ്. രാഗം റൂട്ട്സ് മ്യൂസികാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിപിൻ മണ്ണൂർ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം മഹേഷ് മാധവരാജാണ്.

കൽപ്പറ്റ, പെരുന്തട്ട, വൈത്തിരി, മേപ്പാടി തുടങ്ങി വയനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, കൈലാഷ്, എൽദോ രാജു, കെ.എം. വൈശാഖ്, ഷനൂപ്, മനു കെ തങ്കച്ചൻ, ജിജീഷ് ഗോപി, ലത ദാസ്, നവ്യ മനോജ് എന്നിവർക്കൊപ്പം നിരവധി താരങ്ങളും അഭിനയിക്കുന്നു.

logo
Metro Vaartha
www.metrovaartha.com