'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'; സിസ്റ്റർ റാണി മരിയയുടെ ജീവിതകഥയുമായി മല‍യാളി സംവിധായകൻ

ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളാണ് സിനിമയെ തേടിയെത്തിയത്.
A scene from the  film The face of the faceless
A scene from the film The face of the faceless

ഹണി വി. ജി.

മുംബൈ: ആദിവാസികൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, മുഖമില്ലാത്തവരുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ... സാധാരണക്കാർക്കു വേണ്ടി സ്വന്തം ജീവൻ പോലും ത്യജിച്ച അത്യപൂർവമായ ജീവിതത്തിന്‍റെ ഉടമ. സിസ്റ്ററുടെ ജീവിതം തീക്ഷ്ണതയൊട്ടും ചോരാതെ ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കെത്തിച്ചതിന്‍റെ സംതൃപ്തിയിലാണ് മുംബൈ മലയാളിയായ ഡോ. ഷൈസൻ പി ഔസേഫ്.

Vincy as Sr Rani Maria
Vincy as Sr Rani Maria

ബോളിവുഡിലെ മുതിർന്ന അഭിനേതാക്കൾ അടക്കമുള്ളവർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. തൃശ്ശൂർ ചാലക്കുടി സ്വദേശിയായ ഷൈസന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങളാണ് സിനിമയെ തേടിയെത്തിയത്. സാന്ദ്രാ ഡിസൂസയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സിസ്റ്റർ റാണി മരിയ ആദിവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതും അതുമായി ബന്ധപ്പെട്ട് ജന്മികളുമായി പ്രശ്നങ്ങൾ ഉടലെടുക്കുന്നതിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. സിസ്റ്ററുടെ രക്‌ത ചൊരിച്ചിലിലാണ് അത് കലാശിക്കുന്നത്. ഒടുവിൽ ജയിൽ ശിക്ഷ കഴിഞ്ഞു തിരിച്ചു വരുന്ന സിസ്റ്ററുടെ ഘാതകൻ സിസ്റ്ററുടെ വീട്ടിലെത്തുന്നതും അവരുടെ കുടുംബാംഗങ്ങളെ കാണുന്നതും അവരയാളെ സ്നേഹപൂർവ്വം സ്വീകരിക്കുന്നതുമെല്ലാം തികച്ചു അവിസ്മരണീയമായ രംഗങ്ങൾ ആയിരുന്നു. അതെല്ലാം യഥാർഥ സംഭവങ്ങളായിരുന്നുവെന്ന് ചിത്രത്തിന്‍റെ അവസാനം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

A scene from film
A scene from film

വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പല വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങളും വല്ലാത്തൊരു നൊമ്പരമാണ് അവശേഷിപ്പിക്കുന്നത്. ഒരു നാടിന്‍റെ പ്രതീക്ഷയായും അമ്മയായും സഹോദരിയായും മകളായും മാറാനും സിസ്റ്ററുടെ ജീവിതത്തിലെ സംഘർഷങ്ങൾ മനോഹരമായി അവതരിപ്പിക്കാനും വിൻസിക്ക് കഴിഞ്ഞു. വിൻസിയുടെ അഭിനയവും ഷൈസൻ പി ഔസേഫിന്‍റെ സംവിധാനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിത്രത്തിലെ വിൻസിയുടെ പല ഭാവപകര്‍ച്ചകളും അവിസ്മരണീയമാണ്.

Film poster
Film poster

സിനിമ അവസാനിക്കുമ്പോഴും പ്രേക്ഷകരുടെ ഉള്ളിൽ തീരാവേദനയായി തങ്ങിനില്‍ക്കുന്നു ഈ കഥാപാത്രം.

സിസ്റ്റർ റാണി മരിയയുടെ ജീവിതം സ്ക്രീനിലെത്തിക്കാൻ നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പ് വേണ്ടി വന്നുവെന്ന് സംവിധായകൻ ഷൈസൻ മെട്രൊവാർത്തയോട് പറഞ്ഞു. പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടു പോയെന്നും എന്നാൽ ഇപ്പോൾ നിറഞ്ഞ സന്തോഷമുണ്ടെന്നും ഷൈസൻ.

സിസ്റ്റർ മരിയയെ 2017 നവംബർ 4 നാണ് കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് .ഇവരുടെ ജീവിതം കൂടുതൽ പേരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ സംവിധാനം ചെയ്തതെന്നും ഷൈസൻ.

Director Shaison
Director Shaison
Film poster
Film poster

ചിത്രത്തിൽ സിസ്റ്ററുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഹിന്ദി സംസാരിക്കുന്ന ഒരു മലയാളി നടി വേണമായിരുന്നു. അങ്ങിനെയാണ് വിൻസിയിലേക്ക് എത്തുന്നതെന്ന് ഷൈസൻ. പാർശ്വവത്കരിക്കപെട്ടവുടെ നിശബ്‌ദ നിലവിളികൾ ലോകമനസ്സാക്ഷിക്കുമുന്നിൽ ഡോക്യുമെന്‍ററികളുടേയും ഹ്രസ്വചിത്രങ്ങളുടേയും രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള ഡോ. എന്ന ചലച്ചിത്ര പ്രതിഭയാണ് ഈ സിനിമയുടെ സംവിധായകൻ. മുംബൈ സെന്‍റ് സേവിയേഴ്‌സ് കോളേജിലെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്‍റിൽ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ഡിപ്പാർട്മെന്‍റ് മേധാവിയും, അസ്സോസിയേറ്റ് ഡീനും ആയി പ്രവർത്തിച്ചുവരുന്നതോടൊപ്പം തന്നെ മുപ്പത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച് മാനുഷിക മൂല്യങ്ങളെപ്പറ്റി ഡോക്യുമെന്‍ററികളൊരുക്കി അനേകം അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രകാരനാണ് ഡോ. ഷൈസൻ പി ഔസേഫ്.

Director Shaison during film preview.
Director Shaison during film preview.

മുംബൈയിലെ അന്ധേരിയിൽ താമസക്കാരനായ ഷൈസൻ നീണ്ട അഞ്ചു വർഷത്തെ പഠനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കുംശേഷമാണ് അദ്ദേഹം തന്‍റെ സ്വപ്ന പദ്ധതിയുടെ തിരക്കഥ പൂർത്തിയാക്കിയത്. പതിനാറ് സംസ്ഥാനങ്ങളിൽനിന്ന് നൂറ്റിഅമ്പതിൽപരം അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ കോർത്തിണക്കിക്കൊണ്ടു തുടക്കമിട്ട ഈ സിനിമയുടെ നിർമാണം മഹാരാഷ്ട്ര, മധ്യപ്രദേശ് കേരളം എന്നീ സംസ്ഥാനങ്ങളിലായാണ് പൂർത്തിയാക്കിയത്.

ഓ​ഗസ്റ്റ് 13 നും 14 നും ആയിരുന്നു മുംബൈയിൽ ചിത്രത്തിന്‍റെ പ്രിവ്യു നടന്നത്‌.ഇതിൽ നിന്നും കിട്ടിയ പ്രചോദനം വലുതാണെന്നും ഇങ്ങനെയൊരു സിനിമ നിർമ്മിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നും ചിത്രത്തിന്‍റെ റിലീസ് പിന്നീട് തീരുമാനിക്കുമെന്നും ഷൈസൻ കൂട്ടിച്ചേർത്തു. ഹിന്ദിയിൽ കൂടാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമ റീമേക്ക് ചെയ്യുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു.

മഹേഷ് ആനെയാണ് സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത്. അൽഫോൻസ് ജോസഫിന്‍റേതാണ് പശ്ചാത്തല സംഗീതം. സഹ സംവിധാനം ഉമേഷ് നായരും എഡിറ്റിങ്ങ് രഞ്ജൻ എബ്രഹാമുമാണ് നിർവഹിച്ചിരിക്കുന്നത്.സമൂഹത്തിൽ ഒറ്റപ്പെട്ടവരെ അല്ലെങ്കിൽ ഒറ്റപ്പെടുത്തുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമ കൂടിയാണ് ഈ ചിത്രം. ഓരോരുത്തരും കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു സിനിമ.

എക്കാലത്തും പ്രസക്തമായ ഒരു പ്രമേയവുമായെത്തുന്ന ഒരു നന്മയുള്ള ചിത്രമെന്ന് സിനിമയെ വിശേഷിപ്പിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com