
'വിലായത്ത് ബുദ്ധ'യുടെ ആദ്യ ഗാനം പുറത്ത്
മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിന്‍റെയും പ്രണയത്തിന്‍റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിൾ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരന്‍റെ ജന്മദിനത്തിൽ ജന്മദിന പാരിതോഷികമായിട്ടാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
പ്രഥ്വിരാജും, പ്രിയംവദാ കൃഷ്ണനും ചേരുന്ന തികഞ്ഞ ഒരു പ്രണയഗാനം. കാട്ടുറാസാ.... എന്നു ആരംഭിക്കുന്ന ഈ ഗാനം വിജയ് യേശുദാസും, പാർവ്വതി മീനാക്ഷിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനം മലയാളത്തിലെ മികച്ച സംഗീത സംവിധായകനെന്നു വിശേഷിപ്പിക്കാവുന്ന ജെയ്ക് ബിജോയ്സ് ചിട്ടപ്പെട്ടുത്തിരിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ നാടിന്‍റെ ആചാരങ്ങളും, പ്രണയത്തിന്‍റെ ഊഷ്മളമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ഗാനരംഗം വളരെ ചുരുങ്ങിയ സമയത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു. ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസോസിയേഷൻ വിത്ത് ഏവിഎ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സന്ധീപ് സേനനും, ഏ.വി. അനൂപും ചേർന്നു നിർമിക്കുന്ന ചിത്രം നവാഗതനായ ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ ആരംഭം മുതൽ സംഘർഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും, മികച്ച ആക്ഷൻ രംഗങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം പ്രദർശന സജ്ജമാകുന്നതിന്‍റെ ഭാഗമായിട്ടാണ് ഗാനരംഗത്തിന്‍റെ പ്രകാശനം ഇപ്പോൾ നടത്തിയിരിക്കുന്നത്.
വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ. ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം - ജെയ്ക്ക് ബിജോയ്സ്.