'ദി ഗേൾ വിത്ത് ദി നീഡിൽ'; തുളഞ്ഞു കയറുന്ന ചരിത്രം

മുൻ നിരയിലെ കാണികളിലൊരാളായ യുവാവ് ബോധരഹിതനായി വീണത് പെട്ടന്നായിരുന്നു. ചിത്രത്തിന്‍റെ ഭീകരത ഉൾക്കൊള്ളാനാകാതെ പ്രേക്ഷകർ പലരും മുഖം പൊത്തി
'ദി ഗേൾ വിത്ത് ദി നീഡിൽ'; തുളഞ്ഞു കയറുന്ന ചരിത്രം | The Girl with the Needle, IFFK
'ദി ഗേൾ വിത്ത് ദി നീഡിൽ'; തുളഞ്ഞു കയറുന്ന ചരിത്രം
Updated on

പി.ബി. ബിച്ചു

യുവതിയുടെ സ്വകാര്യ ഭാഗത്തിലൂടെ ഒരു വലിയ സൂചി തറഞ്ഞു കയറുന്ന അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ഒരുപക്ഷേ ഒറ്റ ടേക്കിൽ ചിന്തിക്കാൻ പോലും കഴിയാത്ത ഈ രംഗം അഭിനേതാവിന്‍റെ ഭാവങ്ങളിലൂടെ പ്രേക്ഷകനിലേക്കെത്തുമ്പോൾ ആ ഭീകര ദൃശ്യത്തിന്‍റെ തീവ്രത ഒരുപൊടിക്ക് കുറയാതെ അനുഭവവേദ്യമാകുന്നിടത്താണ് സംവിധാകൻ മാഗ്നസ് വോണ്‍ ഹോണിന്‍റെയും നടി വിക് കാർമെൻ സോനെയുടെയും വിജയം.

പ്രമേയം ആവശ്യപ്പെടുന്ന വയലന്‍സും നഗ്‌നതയുമടങ്ങുന്ന രംഗങ്ങള്‍ കാണികളെ എത്രത്തോളം അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടെന്നതിന്‍റെ തെളിവായിരുന്നു കഴിഞ്ഞ രാത്രിയിൽ ചലച്ചിത്രമേളയിൽ കാണാൻ കഴിഞ്ഞത്. സ്വീഡിഷ് ചിത്രമായ 'ദി ഗേൾ വിത്ത് ദി നീഡിൽ' നിശാഗന്ധിയിലെ നിറഞ്ഞ സദസിൽ പ്രദർശനം ആരംഭിക്കുകയാണ്.

മേൽപ്പറഞ്ഞ രംഗമെത്തിയതോടെ മുൻ നിരയിലെ കാണികളിലൊരാളായ യുവാവ് ബോധരഹിതനായി വീണത് പെട്ടന്നായിരുന്നു. ചിത്രത്തിന്‍റെ ഭീകരത ഉൾക്കൊള്ളാനാകാതെ പ്രേക്ഷകർ പലരും മുഖം പൊത്തി. ആ രംഗത്തിന്‍റെ ഷോട്ടുകൾ മാറിയെത്തുന്നതോടെ പലരും അലമുറയിട്ടു. ബോധരഹിതനായി വീണുപോയ യുവാവിനെ പ്രാഥമിക ചികിത്സ നൽകുന്നതിനായി 15 മിനിറ്റോളം പ്രദര്‍ശനം നിര്‍ത്തിവെച്ച ശേഷമാണ് ചിത്രം പുനരാരംഭിച്ചത്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഡെന്മാർക്കിൽ നടന്ന ഒരു സംഭവത്തെ ബ്ലാക്ക് ആന്‍റ് വൈറ്റ് ആയി അവതരിപ്പിച്ചിട്ടും രംഗങ്ങളുടെ തീവ്രത പ്രക്ഷകനിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങുന്നുണ്ടെന്നത് കണ്ടറിയേണ്ട, അനുഭവിച്ചറിയേണ്ട ഒന്നാണ്.

സ്വീഡിഷ്-പോളിഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മാഗ്നസ് വോൺ ഹോർണാണ് 'ദി ഗേൾ വിത്ത് ദി നീഡിൽ' സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ അന്താരാഷ്ട ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച പ്രതികരണം നേടിയ ചിത്രം 2024 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിലെ പാം ഡി ഓർ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഐഎഫ്എഫ്കെയിലേക്കും ചിത്രം എത്തുന്നത്.

1915നും 1920നും ഇടയിലായി പോളണ്ടിൽ നടന്ന നടന്ന ഒരു സംഭവമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അന്നത്തെ ജീവിത സാഹചര്യങ്ങളുടെ സമ്മർദം മൂലം പ്രസവിക്കുന്ന, തുടർന്ന് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അമ്മമാരിൽ നിന്നും ഒരു മധ്യവയസ്ക കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിക്കുന്നു.

മിഠായി വ്യവസായവുമായി മുന്നോട്ടുപോകുന്ന അവരോടൊപ്പം തങ്ങളുടെ മക്കൾ‌ നല്ല സൗകര്യത്തോടെ ജീവിക്കും എന്ന പ്രതീക്ഷയോടെയായിരുന്നു ഡാഗ്മർ ഓവർബൈ എന്ന മധ്യവയസ്കയുടെ കൈകളിലേക്ക് ആ അമ്മമാർ കുഞ്ഞുങ്ങളെ കൈമാറുന്നത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. പിന്നീട് ഓരോ കുഞ്ഞിനേയും അന്വേഷിച്ച് അമ്മമാരും ഒപ്പം പൊലീസുമെത്തുന്നതോടെ രാജ്യം കണ്ട ഒരു സീരിയൽ കില്ലറുടെ മുഖംമൂടി അഴിഞ്ഞു വീഴുകയായിരുന്നു.

നായകയായ കരോളിൻ എന്ന ഫാക്ടറി വർക്കറുടെ കഥയിലൂടെ മുന്നോട്ട് പോകുന്ന ചിത്രം, കരോളിൻ ഡാഗ്മറെ പരിചയപ്പെടുന്നതോടെയാണ് കൂടുതൽ ഉദ്വേഗത്തിലേക്ക് മാറുന്നത്. കരോളിനും ഡാഗ്മർ എന്ന മധ്യവയസ്‌കയും തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഈ കഥ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ദു:സ്വപ്‌നങ്ങളും അതിതീവ്ര രംഗങ്ങളിലുമടക്കം വിക് കാര്‍മന്‍റെ അഭിയശേഷി കാണികള്‍ക്ക് തിരിച്ചറിയാനാവും. ഒരു നൂറ്റാണ്ടിലേറെ പ‍ഴക്കമുള്ള കഥാതന്തു അതേ രീതിയില്‍ ഉ‍ള്‍ക്കൊള്ളാന്‍ കാണികള്‍ക്ക് ക‍ഴിയുമെന്നത് ചിത്രത്തിന്‍റെ സംവിധായകന്‍റെ മിടുക്ക് വ്യക്തമാകും.

ഹിസ്‌റ്റോറിക്കൽ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ എന്ന ജോണറിലുള്ള ഈ ചിത്രത്തിൽ ചിത്രത്തിൽ ട്രൈൻ ഡിർഹോം എന്ന ഡാനിഷ് നടിയാണ് ഡാഗ്മർ ഓവർബൈയുടെ വേഷം ചെയ്യുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ഡാഗ്മറിന്‍റെ വെളിപ്പെടുത്തൽ വരെ ആ കഥാപാത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും മറ്റുമെല്ലാം തീർത്തും സസ്പെൻസ് ആണെന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലേറ്റ്. കരോളിന്‍റെ ജീവിതത്തിലൂടെ കടന്നെത്തുന്ന കഥയിൽ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്ന പുതിയ ഭർത്താവിനെയും ഓരോ വീഴ്ചകളിലും ഒട്ടും സ്നേഹം ചോരാതെ അവളെ ചേർത്തു നിർത്തുന്ന മുൻ ഭർത്താവിനെയുമെല്ലാം പ്രക്ഷകനെ പരിചയപ്പെടുത്തുമ്പോൾ സൗഹൃദത്തിനും സെക്സിനും സമീപിക്കുന്ന ആൺ സ്വഭാവങ്ങളെയും ചരിത്രപരമായി തന്നെ അടിവരയിടുന്നു. 'fairy tale for grownups' എന്ന് സംവിധായകൻ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം, സൈക്കോളജിക്കൽ ഹൊറർ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു അനുഭവമായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com