നരേന്ദ്ര പ്രസാദിനും രാജന്‍ പി. ദേവിനും ശേഷം ഇങ്ങനെയൊരു നടന്‍ ഇതാദ്യം

200 കോടി ക്ലബില്‍ കയറിയ 'തുടരും' എന്ന ചിത്രം മലയാള സിനിമയ്ക്ക് നല്‍കുന്നത് വലിയ സന്ദേശം
This is the first such actor after Narendra Prasad and Rajan P Dev.

പ്രകാശ് വര്‍മ, മോഹന്‍ലാല്‍

Updated on

സ്വന്തം ലേഖകൻ

നരേന്ദ്ര പ്രസാദ്, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്... ഒരു കാലത്ത് മലയാളസിനിമയെ വിറപ്പിച്ച പ്രധാനപ്പെട്ട വില്ലന്‍ നടന്മാര്‍. അവര്‍ക്കു ശേഷവും മലയാള സിനിമയില്‍ ഒട്ടേറെ വില്ലന്‍മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും മറഞ്ഞ് പോയ മഹാരഥന്മാരെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് പ്രകാശ് വര്‍മ എന്ന നടന്‍. യുവാവായിരിക്കെ സിനിമയില്‍ അവസരം തേടിയ അദ്ദേഹം രാജ്യത്തെ എണ്ണം പറഞ്ഞ ആഡ് ഫിലിം ഡയറക്റ്ററായി ശോഭിച്ചു നില്‍ക്കെയാണ് സിനിമയുടെ ഭാഗമാകുന്നത്.

തന്‍റേതായ ശൈലിയും ശബ്ദവും കൊണ്ട് ഇടിമുഴക്കമായി മാറുകയാണ് ജോര്‍ജ് സാര്‍ സ്‌ക്രീനില്‍. ബോക്‌സോഫില്‍ 200 കോടിയും കടന്ന് കുതിക്കുന്ന തുടരും എന്ന ചിത്രത്തിലെ നായകന്‍ മോഹന്‍ലാണെങ്കിലും ചിത്രത്തിന്‍റെ ആത്മാവ് ജോര്‍ജ് സാറാണ്.

ജോര്‍ജ് സാറായി പ്രകാശ് വര്‍മയെ തെരഞ്ഞെടുത്ത തരുണ്‍ മൂര്‍ത്തിക്കാണ് ഇതില്‍ നൂറു മാര്‍ക്ക് നല്‍കേണ്ടത്. തന്‍റെ കഥാപാത്രത്തിനായി അനുയോജ്യനായി ഒരാളെ കണ്ടെത്തുകയും അയാള്‍ക്ക് ആദ്യ ചിത്രത്തില്‍ തന്നെ അദ്ഭുതങ്ങള്‍ കാണിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തതിന്.

മണ്‍മറഞ്ഞു പോയ മഹാനടന്മാരിലൊരാളായ നരേന്ദ്ര പ്രസാദിനോട് ഏറെ സാമ്യമുണ്ട് പ്രകാശ് വര്‍മയ്ക്ക്. ശബ്ദത്തിന്‍റെ ഗാംഭീര്യവും സംസാരത്തിന്‍റെ ഒഴുക്കും അഭിനയത്തിലെ മെയ് വഴക്കവുമെല്ലാം എടുത്തു പറയേണ്ടത്. ഏറെ തിരക്കുള്ള പരസ്യ ചിത്ര സംവിധായകനായ പ്രകാശ് വര്‍മ ഇനിയും അഭിനയരംഗത്ത് തുടരുമോയെന്ന കൗതുകം സിനിമാ പ്രേമികള്‍ക്കിടയില്‍ ഉണ്ട്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സിനിമയില്‍ സഹസംവിധായകനായിരിക്കെ വെള്ളിത്തിരയില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയൊരു അരങ്ങേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പോലും കരുതിയിട്ടുണ്ടാകില്ല.

Narendra Prasad

നരേന്ദ്ര പ്രസാദ്

Rajan P Dev

രാജൻ പി. ദേവ്

കണ്ടാല്‍ മാന്യനെന്ന് തോന്നുന്ന, കൈയിലിരുപ്പ് മഹാവെടക്കായ ജോര്‍ജ് സാറിനെ ഗംഭീരമാക്കിയ പ്രകാശ് വര്‍മ ഇനിയും മലയാള സിനിമയില്‍ തുടരും എന്ന് തന്നെ കരുതാം.

മോഹന്‍ലാല്‍ എന്ന നടന്‍ അഴിഞ്ഞാടുന്ന സിനിമയെ, തന്‍റെ ആദ്യ സിനിമയെന്നു പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ തന്‍റേതാക്കി കളഞ്ഞു ജോര്‍ജ് സാര്‍, ''ഡാ ബെന്‍സേ, ഈ കഥയിലെ നായകന്‍ ഞാനാടാ...'' എന്ന് ജോര്‍ജ് സാര്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ എന്തൊരു നടനാണ് ഇദ്ദേഹമെനന്ന് അറിയാതെ മനസില്‍ പറഞ്ഞു പോകും ഏത് സിനിമാ പ്രേമിയും.

Binu Pappu

ബിനു പപ്പു

തുടരും ജോര്‍ജ് സാറിന്‍റേതും ഷണ്‍മുഖന്‍റേതും മാത്രമല്ല, അത് ബെന്നിയുടെ കൂടിയാണ്. ബിനു പപ്പു അവതരിപ്പിക്കുന്ന വിവിധ മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്ന വില്ലന്‍കഥാപാത്രത്തെ അദ്ദേഹവും മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്ഷേ, രണ്ടെണ്ണം പൊട്ടിക്കാന്‍ ആര്‍ക്കും തോന്നിപ്പോകും എസ്‌ഐ ബെന്നിയെ കാണുമ്പോള്‍. അദ്ദേഹത്തിന്‍റെ കരിയറിലും വലിയ വഴിത്തിരിവായി മാറും ചിത്രമെന്ന് പ്രതീക്ഷിക്കാം.

മോഹന്‍ലാല്‍-ശോഭന കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് തുടരും നേരത്തെ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ മലയാള സിനിമയുടെ തന്നെ അഭിമാന സിനിമയെന്ന നിലയില്‍ ചിത്രത്തെ കാണേണ്ടതുണ്ട്. കോട്ടും സ്യൂട്ടുമിട്ട് ഹെലികോപ്റ്ററിൽനിന്നിറങ്ങി നായകന്‍ അങ്ങോട്ടുമിങ്ങോട്ടും സ്ലോമോഷനിൽ നടന്നാല്‍ പാന്‍ ഇന്ത്യനാകില്ല, കാമ്പുള്ള കഥയാണു വേണ്ടതെന്ന തിരിച്ചറിവ് കൂടിയാണ് 'തുടരും' നല്‍കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com