ഒറ്റയ്ക്ക് ഡെൻമാർക്കിലേക്ക്; മാസങ്ങൾക്കുശേഷം ക്രിസ്മസ് സോളോ ട്രിപ്പിന്‍റെ വിശേഷങ്ങളുമായി റിമി ടോമി

കോപ്പൻഹേഗനിലെ കാഴ്ചകളും കടുത്ത തണുപ്പും ഒറ്റയ്ക്കുള്ള യാത്രയിലെ രസകരമായ അനുഭവങ്ങളുമാണ് വീഡിയോയിൽ റിമി പങ്കുവയ്ക്കുന്നത്
Rimi Tomy shares details of her solo Christmas trip

ക്രിസ്മസ് സോളോ ട്രിപ്പിന്‍റെ വിശേഷങ്ങളുമായി റിമി ടോമി

Updated on

കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഡെൻമാർക്കിലേക്ക് നടത്തിയ സോളോ യാത്രയുടെ വിശേഷങ്ങളുമായി ഗായികയും അവതാരകയുമായ റിമി ടോമി. 2025 ഡിസംബറിൽ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ പുതിയ വ്ലോഗാണ് റിമി ഞായറാഴ്ച തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. കോപ്പൻഹേഗനിലെ കാഴ്ചകളും കടുത്ത തണുപ്പും ഒറ്റയ്ക്കുള്ള യാത്രയിലെ രസകരമായ അനുഭവങ്ങളുമാണ് വീഡിയോയിൽ റിമി പങ്കുവയ്ക്കുന്നത്.

2025 ഡിസംബർ 23നാണ് റിമി ഡെൻമാർക്ക് യാത്ര ആരംഭിച്ചത്. ദുബായ് വഴി കോപ്പൻഹേഗനിലേക്കായിരുന്നു യാത്ര. പതിവുപോലെ സെൽഫി സ്റ്റിക്കോ മൈക്കോ ഒന്നും ഇത്തവണ എടുത്തിരുന്നില്ലെന്നും, യാത്രയുടെ ഓർമകൾ സൂക്ഷിക്കാനും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനുമാണ് വീഡിയോ ചിത്രീകരിച്ചതെന്നും റിമി പറയുന്നു.

ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ തുടക്കത്തിൽ ചെറിയൊരു ടെൻഷനും ധൈര്യക്കുറവും ഉണ്ടാകാറുണ്ടെങ്കിലും വിമാനത്തിൽ കയറിയാൽ ആ ടെൻഷനെല്ലാം മാറുമെന്ന് റിമി പറയുന്നു. 2025ൽ റിമി എക്സ്പ്ലോർ ചെയ്ത പുതിയ രാജ്യങ്ങളിലൊന്നായിരുന്നു ഡെൻമാർക്ക്.

കോപ്പൻഹേഗനിലെത്തിയ ഉടൻ തന്നെ നഗരത്തിലെ ക്രിസ്മസ് അലങ്കാരങ്ങളാണ് തന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയതെന്ന് റിമി പറയുന്നു. സിറ്റി വ്യൂ ഉള്ള ഹോട്ടൽ മുറിയിൽ നിന്നുള്ള കാഴ്ചകളും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. നഗരത്തിലെ വർണാഭമായ കെട്ടിടങ്ങളും സൈക്കിൾ യാത്രകളും ഏറെ ആകർഷിച്ചുവെന്നും റിമി പറയുന്നു.

എന്നാൽ ക്രിസ്മസ് കാലത്തെ ഡെൻമാർക്കിലെ തണുപ്പ് അത്ര നിസാരമായിരുന്നില്ല. ഉച്ചയ്ക്ക് മൂന്ന് മണിയാകുമ്പോഴേക്കും ഇരുട്ട് വീഴാൻ തുടങ്ങുന്ന ശൈത്യകാല കാഴ്ചയും കടുത്ത തണുപ്പും റിമി വ്ലോഗിൽ പങ്കുവയ്ക്കുന്നു. ഈ തണുപ്പിനിടയിൽ എന്തിനാണ് വന്നതെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെന്തിനാണെന്നും പലരും തന്നോട് ചോദിച്ചിരുന്നതായും താരം പറയുന്നു.

കോപ്പൻഹേഗനിൽ യാത്ര ചെയ്യുന്നതിനിടെ പാക്കിസ്ഥാനി ഡ്രൈവർമാരെ പരിചയപ്പെട്ട അനുഭവവും റിമി പങ്കുവയ്ക്കുന്നുണ്ട്. ഒരു പാക്കിസ്ഥാനി ഡ്രൈവറുമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചും സിനിമകളിൽ ഇരു രാജ്യങ്ങളെയും അവതരിപ്പിക്കുന്ന രീതിയെക്കുറിച്ചുമെല്ലാം സംസാരിച്ചതായി താരം പറയുന്നു.

നഗരത്തിലെ പ്രധാന ആകർഷണങ്ങൾ കാണുന്നതിനായി 72 മണിക്കൂർ പാസ് എടുത്തതായും റിമി പറയുന്നു. പൊതുഗതാഗത സംവിധാനത്തിനൊപ്പം നിരവധി പ്രധാന ആകർഷണങ്ങൾ സന്ദർശിക്കാനും ഈ പാസ് സഹായിച്ചതായി താരം വിശദീകരിക്കുന്നു.

യാത്രയ്ക്കിടെ ഒരു കൊട്ടാരം കാണാനെത്തിയെങ്കിലും ക്രിസ്മസ് അവധിയായതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല. ഡിസംബർ 24ന് എത്തിയതിനാൽ ക്രിസ്മസ്-ന്യൂ ഇയർ അവധിയോടനുബന്ധിച്ച് കൊട്ടാരം അടച്ചിട്ടിരിക്കുകയായിരുന്നു. അകത്ത് കയറാൻ കഴിഞ്ഞില്ലെങ്കിലും ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

ശൈത്യകാലത്ത് ഡെൻമാർക്കിലെത്തുന്നത് അത്ര എളുപ്പമല്ലെന്നും റിമി തന്‍റെ അനുഭവത്തിലൂടെ പറയുന്നു. എന്നാൽ ക്രിസ്മസ് അലങ്കാരങ്ങൾ കാണാനുള്ള ഇഷ്ടമാണ് ഈ സമയത്ത് ഡെൻമാർക്കിലേക്ക് വരാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കുന്നു. ടൂറിസ്റ്റുകൾ കുറവായതിനാൽ തിരക്കില്ലാത്ത കോപ്പൻഹേഗനെ കാണാനായതും യാത്രയുടെ പ്രത്യേകതയായി. നഗരത്തിന്‍റെ വൃത്തിയും വർണാഭമായ കെട്ടിടങ്ങളും സൈക്കിൾ സംസ്കാരവും ക്രിസ്മസ് അന്തരീക്ഷവുമെല്ലാം വ്ലോഗിൽ നിറയുന്നു.

2025 ഡിസംബറിൽ നടത്തിയ യാത്രയുടെ ഓർമകൾ മാസങ്ങൾക്കുശേഷമാണ് പ്രേക്ഷകരുമായി റിമി പങ്കിട്ടത്. സംഗീതവും തമാശകളും സ്വന്തം അനുഭവങ്ങളുമൊക്കെ ചേർത്ത് ഒരു സെലിബ്രിറ്റി യാത്രയുടെ ഗ്ലാമറിനേക്കാൾ ഒരു സോളോ ട്രാവലറുടെ വ്യക്തിപരമായ അനുഭവങ്ങളാണ് റിമിയുടെ ഡെൻമാർക്ക് വ്ലോഗിൽ നിറയുന്നത്. വ്ലോഗിന്‍റെ ആദ്യ പാർട്ടാണ് റിമി ഇപ്പോൾ പങ്കുവച്ചത്. യാത്രയിലെ വലിയ കാഴ്ചകൾക്കൊപ്പം ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ടെൻഷനും കൗതുകങ്ങളും തണുപ്പിനോടുള്ള പോരാട്ടവുമൊക്കെ തുറന്നുപറയുന്ന വ്ലോഗ് റിമിയുടെ യാത്രാപ്രേമത്തിന്‍റെ മറ്റൊരു ചിത്രമാണ്.

logo
Metro Vaartha
www.metrovaartha.com