ടൊവിനോയുടെ പിറന്നാൾ ആഘോഷവുമായി 'അന്വേഷിപ്പിൻ കണ്ടെത്തും' ടീം | Video

സെറ്റിലെ ടൊവി 'നോ' അല്ല 'യെസ്' ആണ്

തെറ്റാലിയിൽ കല്ല് വെച്ച് മാവിൻ മേലേയ്ക്ക് ആഞ്ഞൊരടി, പോലീസ് യൂണിഫോമിലിരുന്ന് ലുഡോ കളി, ആസ്വദിച്ചുള്ള ക്രിക്കറ്റ് കളി, കാലൻ കുട കൊണ്ടുള്ള തരികിട അഭ്യാസങ്ങള്‍, തുറിച്ച് നോക്കിയാൽ കൊഞ്ഞനം കുത്തൽ... സെറ്റിൽ ടൊവിനോയ്ക്ക് ഒന്നിനും 'നോ' ഇല്ല എല്ലാം 'യെസ്' ആണ്. മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള രസികൻ ദൃശ്യങ്ങൾ ടൊവിനോയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകര്‍.

ടൊവിനോ അറിഞ്ഞും അറിയാതെയും ക്യാമറയിൽ പകർത്തിയ സെറ്റിലെ രസങ്ങളും കുസൃതികളും തമാശകളുമൊക്കെ ഈ വീഡിയോയിലുണ്ട്. അതിനാൽ തന്നെ ഏറെ കൗതുകത്തോടെ കണ്ടിരിക്കാവുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

ടൊവിനോ കരിയറിൽ മൂന്നാമതായി ചെയ്യുന്ന പോലീസ് വേഷമാണ് ഈ സിനിമയിലേത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം താരം വീണ്ടും പോലീസായെത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സിനിമാപ്രേക്ഷകർ. എസ്.ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായി താരം എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് സംഗീതമൊരുക്കുന്നത്. അദ്ദേഹം ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിനുണ്ട്.

ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com