പള്ളിയെ രക്ഷിക്കാൻ വരുന്ന ചട്ടമ്പി, ആക്ഷനും പ്രണയവും നിറച്ച് 'പള്ളിച്ചട്ടമ്പി' ട്രെയിലർ
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന പള്ളിച്ചട്ടമ്പിയിലെ ട്രെയിലർ പുറത്ത്. ആക്ഷനും പ്രണയവുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള കംപ്ലീറ്റ് എന്‍റർടെയ്നറായാണ് ട്രെയിലർ എത്തുക. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ പത്തിന് തിയറ്ററുകളിൽ എത്തും.
1950കളിൽ മധ്യ തിരുവിതാംകൂറിലാണ് കഥ നടക്കുന്നത്. ഗ്രാമത്തിലെ പള്ളിക്കെതിരേ നടക്കുന്ന ആക്രമങ്ങളെ ചെറുത്തുനിൽക്കാൻ വേണ്ടി നാട്ടുകാർ ഒരു ചട്ടമ്പിയെ കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പള്ളിച്ചട്ടമ്പിയിൽ പറയുന്നത്.
ടൊവീനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്‍റെ മ്യൂസിക് സെൻസേഷൻ ജെയ്ക്സ് ബിജോയ്യുമാണ്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും, ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
