ടോക്‌സിക്: വിമര്‍ശിക്കേണ്ട സിനിമയോ, വായിക്കപ്പെടാത്ത സിനിമയോ?

സത്രീകള്‍ എന്ത് മാത്രം ശക്തരാണെന്ന് രായന്‌റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകളിലൂടെ കൃത്യമായി ഗീതു വരച്ചിടുന്നുമുണ്ട്
Toxic: A film deserving of criticism, or one that went unappreciated?

കിയാരയുടെ കഥാപാത്രത്തോളം ശക്തിയുള്ള നായിക സമീപകാല ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ല.

Published on
Toxic: The untold story(4 / 5)

പ്രത്യേക ലേഖകൻ

ഒരു സിനിമയെ അതിന്റെ അവതരണത്തിലെ പാളിച്ചകള്‍ മാത്രം നോക്കി വിലയിരുത്തുന്നത് എത്രത്തോളം നീതിയുക്തമാണ്? 'ടോക്‌സിക്' കണ്ടിറങ്ങുമ്പോള്‍ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമാണിത്. വലിയ താരമൂല്യവും വന്‍ ബജറ്റും കൊമേഴ്സ്യല്‍ സിനിമയുടെ ചേരുവകളും ഉപയോഗിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് പറയാന്‍ ശ്രമിച്ചിരിക്കുന്നത് അടിസ്ഥാനപരമായി ഒരു സ്ത്രീകേന്ദ്രിത കഥ തന്നെയാണെന്ന കാര്യം പല വിമര്‍ശനങ്ങള്‍ക്കിടയിലും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. അവര്‍ പറയാന്‍ ശ്രമിക്കുന്ന വിഷയങ്ങളില്‍ സ്ത്രീയുടെ ശരീരം, ആഗ്രഹം, സ്വാതന്ത്ര്യം, അധികാരം, പുരുഷാധിപത്യം എന്നിവ പ്രധാനപ്പെട്ട സ്ഥാനത്ത് തന്നെയുണ്ട്

ഗീതുവിന്റെ മുന്‍കാല സിനിമകളായ 'ലയേഴ്‌സ് ഡൈസ്', 'മൂത്തോന്‍' തുടങ്ങിയവയില്‍ കാണുന്ന മനുഷ്യബന്ധങ്ങളുടെയും അധികാരഘടനകളുടെയും ഇരുണ്ട വശങ്ങള്‍ 'ടോക്‌സിക്'ലും കാണാം. എന്നാല്‍, ഇത്തവണ ആ ലോകത്തെ അവര്‍ അവതരിപ്പിക്കുന്നത് ആര്‍ട്ട്-സിനിമയുടെ നിയന്ത്രിത ഫ്രെയിമുകളില്‍ അല്ല; മറിച്ച് വലിയൊരു കൊമേഴ്സ്യല്‍ കാന്‍വാസിലാണ്. അതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും ഒരുപക്ഷേ ഏറ്റവും വലിയ ദൗര്‍ബല്യവും.

Toxic: A film deserving of criticism, or one that went unappreciated?

സംഭാഷണങ്ങളുടെ പേരില്‍ ഗീതുവിനെ വിമര്‍ശിക്കാമെങ്കിലും ഇത്രയും വിമര്‍ശനം അര്‍ഹതപ്പെടുന്നുണ്ടോ‍?

സിനിമയുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നത് പുരുഷാധിപത്യത്തിന്റെ വിവിധ രൂപങ്ങളാണ്. കുടുംബത്തിനകത്തും സമൂഹത്തിനകത്തും സ്ത്രീ എങ്ങനെ നിയന്ത്രിക്കപ്പെടുന്നു, അവളുടെ ശരീരത്തിനും തീരുമാനങ്ങള്‍ക്കും മേല്‍ മറ്റുള്ളവര്‍ എങ്ങനെ അധികാരം സ്ഥാപിക്കുന്നു തുടങ്ങിയ വിഷയങ്ങളെല്ലാം ടോക്‌സിക്കില്‍ വന്ന് പോകുന്നുണ്ട്. സത്രീകള്‍ എന്ത് മാത്രം ശക്തരാണെന്ന് രായന്‌റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകളിലൂടെ കൃത്യമായി ഗീതു വരച്ചിടുന്നുമുണ്ട്.

ഗോവ വിട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഏറ്റവും അധികം സ്‌നേഹിച്ച പുരുഷന്റെ കണ്ണുകളിലേക്ക് നോക്കി മരണത്തിലേക്ക് നടന്ന് കയറുന്ന കിയാരയുടെ കഥാപാത്രത്തോളം ശക്തിയുള്ള നായിക സമീപകാല ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ല. സിനിമയിലെ സംഭാഷണങ്ങളുടെ പേരില്‍ ഗീതുവിനെ വിമര്‍ശിക്കാമെങ്കിലും ഇത്രയും വിമര്‍ശനം അര്‍ഹതപ്പെടുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ കഥയുടെ അലങ്കാരമായി മാത്രം ഉപയോഗിക്കാതെ, അവരുടെ തീരുമാനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കാനുള്ള ശ്രമം ശ്രദ്ധേയമാണ്. പുരുഷ കഥാപാത്രത്തിന്റെ ലോകത്തെ ചുറ്റിപ്പറ്റി സ്ത്രീകള്‍ ജീവിക്കുന്നതിനുപകരം, സ്വന്തം ജീവിതവും ആഗ്രഹങ്ങളും തിരഞ്ഞെടുപ്പുകളും ഉള്ള വ്യക്തികളായി അവരെ കാണിക്കാനുള്ള ശ്രമം സിനിമയിലുണ്ട്. ഈ അര്‍ത്ഥത്തില്‍ 'ടോക്‌സിക്' ഒരു ഫെമിനിസ്റ്റ് വായന ആവശ്യപ്പെടുന്ന സിനിമ തന്നെയാണ്.

Toxic: A film deserving of criticism, or one that went unappreciated?

രായനും (യാഷ്) ഗംഗയും (നയന്‍ താരം) തമ്മിലുള്ള സഹോദര ബന്ധവും കാണാതെ പോകരുത്. ഹുമ ഖുറേഷിയും രുക്മിണി വസന്തും താരയുമെല്ലാം അവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കിയിട്ടുണ്ട്. ഓവര്‍ ആക്ടിങ് എന്ന വിമര്‍ശനം ഉന്നയിക്കുമ്പോഴും അടിസ്ഥാനപരമായി ഈ സിനിമയൊരു ഡ്രാമയാണ് എന്ന കാര്യം മറക്കാതെയും ഇരിക്കാം.

പക്ഷേ, ആശയം ശക്തമാണെന്നത് കൊണ്ട് മാത്രം സിനിമ പൂര്‍ണമാകുന്നില്ല. ഗീതുവിന്റെ ആര്‍ട്ട്-സിനിമാ ഭാഷയെ ഒരു മാസ് കൊമേഴ്സ്യല്‍ സിനിമയുടെ ഘടനയിലേക്ക് മാറ്റുമ്പോള്‍ ചിലയിടങ്ങളില്‍ ആന്തരികമായ സംഘര്‍ഷം വ്യക്തമായി അനുഭവപ്പെടുന്നു. കഥ പറയുന്ന രീതിയില്‍ ഉണ്ടാകുന്ന ചില അസ്വാഭാവികതകളും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലെ ചില പൊരുത്തക്കേടുകളും സിനിമയുടെ വൈകാരികമായ സ്വാധീനത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ചില രംഗങ്ങളില്‍ 'കാണിക്കണം' എന്ന കൊമേഴ്സ്യല്‍ നിര്‍ബന്ധം 'പറയണം' എന്ന സംവിധായകയുടെ സ്വാഭാവികമായ രീതിയെ മറികടക്കുന്നതായി തോന്നുകയും ചെയ്യുന്നു.

Toxic: A film deserving of criticism, or one that went unappreciated?

അതുകൊണ്ട് 'ടോക്‌സിക്' ഒരു മോശം സിനിമയാണെന്ന് ഒറ്റവരിയില്‍ വിധിയെഴുതുന്നതിനേക്കാള്‍, ഒരു ആര്‍ട്ട്-സിനിമാ സംവിധായിക കൊമേഴ്സ്യല്‍ സിനിമയുടെ ഭാഷയിലേക്ക് കടന്നപ്പോള്‍ സംഭവിച്ച പരീക്ഷണവും അതിന്റെ വിജയപരാജയങ്ങളും എന്ന നിലയില്‍ സിനിമയെ കാണുന്നതാണ് കൂടുതല്‍ ഉചിതം.

സിനിമയ്ക്ക് പിഴവുകളുണ്ട്. ചില തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുമുണ്ട്. എന്നാല്‍ അതിന്റെ രാഷ്ട്രീയത്തെ അവഗണിച്ചുകൊണ്ട് ആ പിഴവുകളെ മാത്രം മുന്‍നിര്‍ത്തിയുള്ള വിമര്‍ശനം സിനിമയോട് പൂര്‍ണ നീതി ചെയ്യുന്നില്ല.

'ടോക്‌സിക്' പൂര്‍ണതയുള്ള സിനിമയല്ല. പക്ഷേ അതിന് പറയാനുള്ളത് എന്താണെന്ന് നോക്കുമ്പോള്‍, അത് വെറും ഒരു 'മാസ്' സിനിമയല്ലെന്നും വ്യക്തമാണ്. ഗീതു മോഹന്‍ദാസ് തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളെ വലിയൊരു കൊമേഴ്സ്യല്‍ ഫ്രെയിമിനുള്ളില്‍ പരീക്ഷിച്ച സിനിമയാണിത്. ആ പരീക്ഷണം എല്ലായിടത്തും വിജയിച്ചിട്ടില്ലായിരിക്കാം. പക്ഷേ പരാജയപ്പെട്ട ഇടങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി അതിന്റെ ശ്രമത്തെ തന്നെ തള്ളിക്കളയുന്നത് ശരിയുമല്ല.

logo
Metro Vaartha
www.metrovaartha.com