
ലണ്ടൻ: താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. പക്ഷേ, കേൾക്കുന്നവരെ ഭയപ്പെടുത്തുന്നതു പോലൊരു വിവാഹത്തിലൂടെയാണ് ബ്രിട്ടീഷ് ഗായിക റോക്കർ ബ്രൊക്കാർഡ് ജനശ്രദ്ധയാകർഷിക്കുന്നത്. റോക്കർ പ്രണയിച്ചതും വിവാഹം കഴിച്ചതും ഒരു സൈനികന്‍റെ പ്രേതത്തെയാണ്. ഒടുവിൽ സൈനികന്‍റെ ആത്മാവിന് മർലിൻ മൺറോയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാഹമോചനവും നേടി.
വിക്റ്റോറിയൻ കാലഘട്ടത്തിൽ ജീവിച്ചു മരിച്ച സൈനികനായ എഡ്വേർഡോയുടെ ആത്മാവാണ് റോക്കറിന്‍റെ ജീവിത കഥയിലെ നായകൻ. കൊടുങ്കാറ്റും പേമാരിയുമുള്ള ഒരു രാത്രിയിലാണ് അപ്രതീക്ഷിതമായി എഡ്വേർഡോയുടെ ആത്മാവ് തന്‍റെ മുറിയിലെത്തിയതെന്ന് റോക്കർ പറയുന്നു. പിന്നീട് അഞ്ച് മാസം നീണ്ട പ്രണയത്തെത്തുടർന്ന് 2022 ലെ ഹാലോവിൻ രാത്രിയിൽ 'ഇരുവരും' വിവാഹിതരായി. പിന്നീട് ഇരുവരും ചേർന്ന് ബാരി ദ്വീപുകളിൽ മധുവിധു ആഘോഷിക്കുന്നതിനിടെയാണ് എഡ്വേർഡോവിന് മരണപ്പെട്ട മർലിൻ മൺറോയോട് അടുപ്പമുള്ളതായി താൻ തിരിച്ചറിഞ്ഞതെന്ന് റോക്കർ. ഇടയ്ക്കെല്ലാം ദിവസങ്ങളോളം എഡ്വാർഡോന്‍റെ ആത്മാവ് അപ്രത്യക്ഷനാകും. തിരിച്ചെത്തുമ്പോൾ എഡ്വേർഡിന് മർലിൻ മൺറോയുടെ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമായിരുന്നുവെന്നും റോക്കർ. അങ്ങനെ ദാമ്പത്യത്തിൽ ചില പരിധികൾ നിശ്ചയിക്കാൻ റോക്കർ തീരുമാനിച്ചു.
അതു പക്ഷേ എഡ്വാർഡോയുടെ ആത്മാവിനെ കൂടുതൽ അപകടകാരിയാക്കി മാറ്റുകയായിരുന്നു. സഹിക്കാനാകാതെ ഒടുവിൽ എക്സോർസിസം വഴി വിവാഹമോചനം നേടി ആത്മാവുമായുള്ള ജീവിതത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ഇപ്പോൾ വല്ലാത്ത ആശ്വാസം തോന്നുന്നുവെന്നും റോക്കർ പറയുന്നു. സ്വന്തം ജീവിതത്തിലെ മുഹൂർത്തങ്ങളെ ഓർമിപ്പിക്കുന്നതിനായി ജസ്റ്റ് അനദർ ആന്തം എന്ന ഗാനവും പുറത്തിറക്കി.