
സ്വന്തം ലേഖകൻ
1975 മുതല്‍ 1983 വരെ, ലാറ്റനമേരിക്കന്‍ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ യുഎസ് നടത്തിയ ഇടപെടലായ ഓപ്പറേഷന്‍ കോന്‍ഡോറിനെ അടക്കം പരാമര്‍ശിക്കുന്ന മൈക്കിള്‍ ടൈലര്‍ ജാക്സണ്‍ ഒരുക്കിയ അണ്ടര്‍ ഗ്രൗണ്ട് ഓറഞ്ച് എന്ന സിനിമ IFFK വേദിയായ ടാഗോറിലെ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. യുഎസിന്‍റെ ലാറ്റനമേരിക്കന്‍ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലായ ഓപ്പറേഷന്‍ കോന്‍ഡോറിനെ ഉൾപ്പെടെ പരാമർശിക്കുന്നു.
യുഎസിന്‍റെയും അർജന്‍റീനയുടെയും സാമൂഹികരീതികളും ലൈംഗിക മുൻവിധികളും പുനർവ്യാഖ്യാനം ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സിനിമ ആധിപത്യവും അട്ടിമറിയും ചെറുത്തുനിൽപ്പും ലൈംഗിക തിരിച്ചറിവും തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായ മനുഷ്യാവസ്ഥകളെ പ്രേക്ഷനിലേക്ക് സന്നിവേശിപ്പിക്കുന്നു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിന് തിരശീല വീഴുമ്പോൾ 67 സിനിമകളാണു പ്രദർശനത്തിനെത്തിയത്. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തി.
ലോകസിനിമാ വിഭാഗത്തിൽ 'കോൺക്ലേവി'ന്‍റെ ആദ്യ പ്രദർശനവും ഏറെ പ്രേക്ഷക പ്രശംസ നേടിയ 'മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി', 'റിഥം ഓഫ് ദമാം','ലിൻഡ' എന്നീ ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തിലുണ്ടായിരുന്നു. ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 'ദ റൂം നെക്സ്റ്റ് ഡോറി'ന്‍റെ രണ്ടാം പ്രദർശനം നടന്നു.
മലയാളം ക്ലാസിക് ചിത്രം 'നീലക്കുയിൽ', ഇന്ത്യൻ സമാന്തര സിനിമയുടെ അതികായനായ കുമാർ സാഹ്നിയുടെ 'തരംഗ്', ഷബാന ആസ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗൗതം ഗോസെ ചിത്രം 'പാർ', ഐഎഫ്എഫ്‌കെ ജൂറി അധ്യക്ഷയായ ആഗ്‌നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച 'ബ്യൂ ട്രവെയ്ൽ' തുടങ്ങി 6 ചിത്രങ്ങളുടെ പ്രദർശനവും നടന്നു.