
ഉണ്ണി മുകുന്ദൻ
ഇന്ത‍്യൻ സിനിമയിലേ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ മാർക്കോയെന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകന്‍റെ കമന്‍റിന് നൽകിയ മറുപടിയിലൂടെയാണ് ഉണ്ണി മുകുന്ദൻ ഇക്കാര‍്യം അറിയിച്ചത്.
ചിത്രത്തെ പറ്റി വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാൾ വലിയ ചിത്രവുമായി വരാൻ ശ്രമിക്കാമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്‍റസ്റ്റഗ്രാമിൽ പങ്കുവച്ച തന്‍റെ ബോഡി ട്രാൻസ്ഫർമേഷൻ വിഡിയോയ്ക്ക് താഴെയായിരുന്നു ഹിന്ദി ആരാധകൻ മാർക്കോ എപ്പോ വരുമെന്ന് ചോദിച്ചത്.
''ക്ഷമിക്കണം മാർക്കോ സീരീസ് തുടരാനുള്ള പദ്ധതി ഉപേക്ഷിച്ചു. ആ പ്രൊജക്റ്റിനെ പറ്റി ഒരുപാട് നെഗറ്റിവിറ്റിയുണ്ട്. മാർക്കോയെക്കാൾ മികച്ചതും വലുതുമായ മറ്റെന്തെങ്കിലും ഞാൻ പരമാവധി ശ്രമിക്കാം. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി.'' ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാർക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. പിന്നീട് ഒടിടിയിലെത്തിയപ്പോൾ പരിധി വിടുന്ന തരത്തിലുള്ള വയലൻസാണ് ചിത്രത്തിലുള്ളതെന്ന തരത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, കബീര്‍ ദുഹാന്‍ സിങ്, ആന്‍സണ്‍ പോള്‍, അഭിമന്യു ഷമ്മി തിലകന്‍, ജഗദീഷ്, യുക്തി തരേജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.