

ചിരിപ്പിച്ച് 'ബെത്‌ലഹേം', ആക്ഷനുമായി 'ഖലീഫ'; തിയെറ്ററുകളിൽ ആവേശത്തിരയിളക്കി ഓണ ചിത്രങ്ങൾ
പി.ജി.എസ്. സൂരജ്
മലയാളികളുടെ ഓണാഘോഷം പൂര്‍ണമാകണമെങ്കില്‍ സദ്യയ്‌ക്കൊപ്പം തിയെറ്ററുകളിലെ സിനിമാക്കാഴ്ചകള്‍ കൂടി വേണമെന്നത് കാലങ്ങളായുള്ള നാട്ടുനടപ്പാണ്. പൂക്കളവും പായസവും ഒരുക്കുന്ന അതേ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ തിയെറ്ററുകളിലേക്കും ഒഴുകിയെത്തുന്നത്. ഈ വര്‍ഷത്തെ ഓണക്കാലം മലയാള സിനിമയെ സംബന്ധിച്ച് വമ്പന്‍ റിലീസുകളുടെയും കടുത്ത മത്സരങ്ങളുടെയും കാലമാണ്. ബോക്‌സ് ഓഫീസിന് വലിയ ഉണര്‍വ് നല്‍കിക്കൊണ്ട് നിരവധി ചിത്രങ്ങളാണ് 2026 ലെ ഓണത്തിന് തിയെറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.
താരരാജാക്കന്മാരും യുവതാരങ്ങളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ഇത്തവണത്തെ ഓണക്കാലം പ്രധാനമായും സാക്ഷ്യം വഹിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി തുടങ്ങിയ മുന്‍നിര താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളാണ് ഇത്തവണ ബോക്‌സ് ഓഫീസില്‍ മാറ്റുരയ്ക്കുന്നത്. കോമഡിയും ആക്ഷനും ഫാമിലി ഡ്രാമയും ഒത്തുചേര്‍ന്നപ്പോള്‍ 2026-ലെ ഓണം തിയെറ്ററുകളില്‍ ഉത്സവമായി മാറി എന്ന് നിസംശയം പറയാം.
ആക്ഷന്‍ പൂരവുമായി പൃഥ്വിരാജിന്‍റെ "ഖലീഫ'
ഈ ഓണക്കാലത്തെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ഖലീഫ'. ജിനു ഏബ്രഹാം തിരക്കഥയൊരുക്കിയ ഈ ചിത്രം പൂര്‍ണ്ണമായും ഒരു പക്കാ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. സ്വര്‍ണക്കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതികാരത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ ഗംഭീര പ്രകടനമാണെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. ഇതിനെല്ലാം പുറമെ, സൂപ്പര്‍താരം മോഹന്‍ലാലും യുവനടന്‍ ടൊവിനോ തോമസും അതിഥി വേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയുടെ ഹൈപ്പ് ഇരട്ടിയാക്കി മാറ്റിയിട്ടുണ്ട്. ഓഗസ്റ്റ് ഇരുപതിന് തിയെറ്ററുകളിലെത്തിയ ഖലീഫ ട്രെയിലര്‍ മുതല്‍ തന്നെ വലിയ ആവേശമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഇന്ദ്രന്‍സ്, കൃതി ഷെട്ടി, ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ് എന്നിവരും ഈ വമ്പന്‍ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. വൻ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളും പശ്ചാത്തല സംഗീതവും വലിയ രീതിയിലാണ് തിയെറ്ററുകളില്‍ കയ്യടി നേടുന്നത്. മികച്ച സാങ്കേതിക തികവോടെ ഒരുക്കിയിരിക്കുന്ന ഈ മാസ് എന്‍റര്‍ടെയ്‌നര്‍ യുവാക്കളെയും ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്.
ചിരിപ്പൂരമൊരുക്കി "ബെത്‌ലഹേം കുടുംബ യൂണിറ്റ് '
"തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'പ്രേമലു' എന്നീ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ക്കും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കും ശേഷം യുവ സംവിധായകന്‍ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിന്‍ പോളി, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തിയെറ്ററുകളില്‍ അക്ഷരാർഥത്തില്‍ വലിയ ചിരിപ്പൂരമാണ് ഒരുക്കിയിരിക്കുന്നത്. പ്രായവ്യത്യാസമുള്ള ജീവിതപങ്കാളികളുടെ കഥയും ഒരു ശരാശരി മലയാളി കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവവികാസങ്ങളും തികച്ചും നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതല്‍ തന്നെ ലഭിക്കുന്നത്. കിരണ്‍ ജോസിയും ഗിരീഷ് എ.ഡിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, ബിന്ദു പണിക്കര്‍ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഓഗസ്റ്റ് ഇരുപത്തിയൊന്നിന് റിലീസ് ചെയ്ത ചിത്രം കുടുംബപ്രേക്ഷകരെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഗിരീഷ് എ.ഡി ശൈലിയിലുള്ള സ്വാഭാവിക നര്‍മ്മ മുഹൂര്‍ത്തങ്ങളും നിവിന്‍ പോളിയുടെ അനായാസമായ കോമഡി ടൈമിംഗും ഈ ചിത്രത്തെ ഓണക്കാലത്തെ ഏറ്റവും മികച്ച എന്‍റര്‍ടെയ്‌നറുകളില്‍ ഒന്നാക്കി മാറ്റുന്നു. പ്രേക്ഷകര്‍ ഏറെ കൊതിച്ച നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം അടയാളപ്പെടുത്തുന്നത്.
കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് വിസ്മയയുടെ "തുടക്കം'
ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് ആദ്യവാരം തിയെറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് 'തുടക്കം'. സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ചിത്രം എന്ന നിലയില്‍ റിലീസിന് മുന്‍പേ തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടിയ സിനിമയാണിത്. ഒരു ചെറിയ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ഒരു പ്രമേയം പറയുന്ന ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ തിയെറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഓണക്കാലത്തും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി പ്രദര്‍ശനം തുടരുന്ന 'തുടക്കം', പ്രധാനമായും മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയത്തിലേക്ക് കുതിക്കുന്നത്. വൈകാരികമായ മുഹൂര്‍ത്തങ്ങളും മികച്ച ഗാനങ്ങളും ഈ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. വമ്പന്‍ റിലീസുകള്‍ക്കിടയിലും തന്‍റേതായ ഇടം കണ്ടെത്താന്‍ ഈ കൊച്ചു ചിത്രത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.
വഴിമാറിപ്പോയ ദുല്‍ഖറിന്‍റെ "ഐ ആം ഗെയിം'
ഈ ഓണക്കാലത്ത് ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ മത്സരം കാഴ്ചവെക്കുമെന്ന് ഏവരും കരുതിയിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് 'ഐ ആം ഗെയിം'. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം ഓഗസ്റ്റ് ഇരുപതിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ അറിയിപ്പുകള്‍ പുറത്തുവന്നിരുന്നത്. ജീവനേക്കാള്‍ ഉപരിയായി ഭാഗ്യത്തെ വിശ്വസിക്കുന്ന ഒരു ചൂതാട്ടക്കാരന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനും സംയുക്ത വിശ്വനാഥനും ഒന്നിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പിന്മാറിയതോടെ ഓണക്കാലത്തെ പ്രധാന മത്സരം പൃഥ്വിരാജ് ചിത്രവും നിവിന്‍ പോളി ചിത്രവും തമ്മിലായി മാറി. ദുല്‍ഖര്‍ ചിത്രത്തിന്‍റെ അപ്രതീക്ഷിത പിന്മാറ്റം മറ്റ് ഓണചിത്രങ്ങള്‍ക്ക് കൂടുതല്‍ തിയെറ്ററുകള്‍ ലഭിക്കാനും ആദ്യ ദിനങ്ങളിലെ കളക്ഷന്‍ വര്‍ദ്ധിപ്പിക്കാനും വലിയ രീതിയില്‍ സഹായകമായിട്ടുണ്ട്.
ബോക്‌സ് ഓഫീസ് കളക്ഷൻ
2026-ലെ ഓണചിത്രങ്ങളില്‍ പ്രേക്ഷകരുടെ അഭിപ്രായത്തിലും ബോക്‌സ് ഓഫീസ് കളക്ഷനിലും തിയെറ്ററുകളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകളും തിയെറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങളും വിലയിരുത്തുമ്പോള്‍, ഈ ഓണക്കാലത്ത് ഏറ്റവും മികച്ച അഭിപ്രായം സ്വന്തമാക്കിയത് ഗിരീഷ് എ.ഡി. ഒരുക്കിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രമാണ്. യാതൊരുവിധ ലാഗും ഇല്ലാതെ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന മികച്ച നര്‍മ്മവും ഫീല്‍ ഗുഡ് പശ്ചാത്തലവും എടുത്തു കാണിക്കുന്ന ചിത്രത്തിന് കുടുംബപ്രേക്ഷകരില്‍ നിന്നും യുവാക്കളില്‍ നിന്നും ഒരേപോലെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സംവിധായകന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെ തന്നെ മികച്ചൊരു കോമഡി എന്‍റര്‍ടെയ്‌നറായി ഈ ചിത്രത്തെയും നിരൂപകരും സാധാരണ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. മികച്ച തിരക്കഥയും അഭിനേതാക്കളുടെ ഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തിന് തിയെറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊടുത്തത്.
അതേസമയം പൃഥ്വിരാജിന്‍റെ ഖലീഫയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടുന്നത് . മോഹന്‍ലാലിന്‍റെയും ടൊവിനോ തോമസിന്‍റെയും സര്‍പ്രൈസ് സാന്നിധ്യവും സംവിധായകന്‍ വൈശാഖ് ചിത്രത്തിന്‍റെ മാസ് അപ്പീലും കളക്ഷനില്‍ വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. ആക്ഷന്‍ രംഗങ്ങളും വലിയ ക്യാന്‍വാസ് കൊണ്ടും റിലീസ് ചെയ്ത ആദ്യ ദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് ഓപ്പണിങ് കളക്ഷനാണ് 'ഖലീഫ' സ്വന്തമാക്കിയത്.