

ഉർവശി
നടനൻ മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹത്തിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ് നടി ഉർവശി. താൻ മദ്യപിക്കാൻ തുടങ്ങിയത് ഭർതൃവീട്ടിൽ നിന്നാണ് എന്നാണ് ഉർവശി പറഞ്ഞത്. അമ്മയും മക്കളുമൊക്കെ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്ന വീടായിരുന്നു അത്. ജോലി കഴിഞ്ഞു വരുമ്പോൾ ഒന്ന് റിലാക്സ് ആകാൻ വേണ്ടി എല്ലാവരും കൂടി ഇരുന്നു കഴിക്കും. അങ്ങനെ താൻ മദ്യത്തിന് അടിമപ്പെട്ടുവെന്നും മാനസികമായി തന്നെ ഇത് തളർത്തിയെന്നുമാണ് ഉർവശി പറയുന്നത്. കുഞ്ഞുങ്ങളെ ഓർത്താണ് താൻ ഇതുവരെ മിണ്ടാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസിന് അനുവദിച്ച അഭിമുഖത്തിലാണ് ഉർവശിയുടെ തുറന്നു പറച്ചിൽ.
"ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ ഇതൊക്കെ സാധ്യം ആണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിനോടെല്ലാം ഞാൻ പൊതുത്തപ്പെടാൻ ശ്രമിച്ചു. ഞാൻ എടുത്ത തീരുമാനം ആയിരുന്നു വിവാഹം, അത് നല്ലതായിരുന്നു എന്ന് വീട്ടുകാരെ കാണിക്കാനും ഞാൻ ഒരുപാട് വാശി കാണിച്ചു. എല്ലാം അറിയുന്ന ആൾ കലച്ചേച്ചി ആയിരുന്നു. നേരെ ആക്കാൻ ചേച്ചിയും ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും നമ്മൾ വേറെ ഒരാൾ ആയി മാറി കഴിഞ്ഞു.''
''ഞാൻ സിനിമയിൽ വരുമ്പോൾ ശ്രീദേവി മാഡത്തെകുറിച്ച് കേട്ടിട്ടുണ്ട്, ഷൂട്ടിങ് കഴിഞ്ഞു തളർന്നിരിക്കുന്ന അവർക്ക് ഒന്ന് റിലാക്സ് ആകാൻ ഒരു ഡ്രിങ്ക്സ് കൊണ്ടു വന്നു കൊടുക്കുമെന്ന്. എനിക്ക് ചെന്നുകയറിയ വീട്ടിൽ നിന്നാണ് ആ ഒരു പരിചയം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞു വരുമ്പോൾ ഒന്ന് റിലാക്സ് ആകാൻ വേണ്ടി എല്ലാവരും കൂടി ഇരുന്നു കഴിക്കും. പക്ഷേ, പിന്നീട് ഞാൻ ഒറ്റയാൾ പട്ടാളമായി. അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ ഡ്രിങ്ക്സ് കഴിക്കുന്നത് കൂടും. അതിനനുസരിച്ച് നമ്മുടെ ആരോഗ്യം മോശം ആവുകയും ചെയ്തു. ഉറക്കമില്ലാതെ ആയി. ഭക്ഷണം പോലും കഴിക്കാതെ മദ്യപാനം മാത്രം തുടർന്നു. എന്റെ സുഹൃത്തുക്കളും പേഴ്സണൽ സ്റ്റാഫും എല്ലാവരും ചേർന്ന് എന്നെ അതിൽ നിന്നും മോചിപ്പിച്ചത്.''
''ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവൾ ആണ് പെൺകുട്ടി എന്ന രീതിയിൽ ആണ് എന്നെ വളർത്തിയത്. ആ രീതിയിൽ ഞാൻ ജീവിച്ചു. അത് മാറാൻ കുറേകാലം എടുത്തു. എനിക്ക് സംഭവിച്ചത് എന്താണെന്ന് പുറത്ത് പറഞ്ഞില്ല. ഞാൻ മിണ്ടാതെ ഇരുന്നത് എന്റെ കുഞ്ഞുങ്ങളെ ഓർത്തിട്ടാണ്. പക്ഷേ, മറുഭാഗത്ത് നിന്നു വന്ന വിശദീകരണങ്ങൾ ഒന്നും ശരിയായ രീതിയിൽ ആയിരുന്നില്ല. അത് കേൾക്കുമ്പോൾ നിങ്ങളുടെ കടമയാണ് നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് എന്ന് സുഹൃത്തുക്കൾ പറഞ്ഞു. 85 മുതൽ 95 വരെ മലയാള സിനിമയിൽ ആക്റ്റീവ് ആയി നിന്ന ഉർവശി എന്താണെന്ന് ഇവിടെ ഉള്ളവർക്കും സഹപ്രവർത്തകർക്കും അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന്റെ കാരണവും വ്യക്തമാണ്. എനിക്ക് ഇങ്ങനെ ഒരു നിയോഗം ഉണ്ടായിരുന്നു. എന്റെ മകൾ ഇങ്ങനെ രണ്ടുപേരുടെ മകളായി ജനിക്കണം എന്നത്. ആ നിയോഗം പൂർത്തിയായി. ഇപ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല.'' -ഉർവശി പറഞ്ഞു.