"ഗൗരി നന്ദയെ പോലൊരു നടിയിൽ നിന്ന് സന്തോഷത്തോടെ അവാർഡ് സ്വീകരിച്ചല്ലോ?"; ചോദ്യം കേട്ട് അമ്പരന്ന് ഉർവശി

നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്
urvashi about receiving award from gowri nanda

"ഗൗരി നന്ദയെ പോലൊരു നടിയിൽ നിന്ന് സന്തോഷത്തോടെ അവാർഡ് സ്വീകരിച്ചല്ലോ?"; ചോദ്യം കേട്ട് അമ്പരന്ന് ഉർവശി

Updated on

മലയാളത്തിലെ എന്നല്ല തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിയാണ് ഉർവശി. കഴിഞ്ഞ ദിവസം നടന്ന അവാർഡ് നിശയിൽവെച്ച് മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി ഏറ്റുവാങ്ങിയിരുന്നു. നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉർവശിയോടുള്ള യൂട്യൂബേഴ്സിന്‍റെ ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ്.

ഗൗരി നന്ദയെ പോലൊരു നടിയിൽ നിന്ന് സന്തോഷത്തോടെ അവാർഡ് സ്വീകരിച്ചല്ലോ എന്നാണ് ഓൺലൈൻ മീഡിയ ചോദിച്ചത്. ‘‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ​ഗൗരി നന്ദയെ പോലൊരു നടിക്ക് യോ​ഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ?- എന്നായിരുന്നു ചോദ്യം.

ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും താരം കൃത്യതയോടെ മറുപടി നൽകുകയായിരുന്നു. ‘‘അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല.‍ നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം. അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ.’’- ഉർവശി പറഞ്ഞു.

പിന്നാലെ വിഡിയോയ്ക്ക് താഴെ കമന്‍റുമായി ഗൗരി നന്ദയും എത്തി. ‘‘വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എന്‍റെ നന്ദി’’ എന്നായിരുന്നു ഗൗരി കുറിച്ചത്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് ഉർവശി മികച്ച നടിയായത്.

logo
Metro Vaartha
www.metrovaartha.com