

വിജയ്‌യും സംഗീതയും വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ
വിവാഹമോചന ഹർജി പിൻവലിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഭാര്യ സംഗീതയും ഒരേ വിവാഹസൽക്കാരത്തിൽ പങ്കെടുത്തെങ്കിലും എത്തിയത് വെവ്വേറെ. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും വിവാഹിതരായതിന്‍റെ ഭാഗമായി ശനിയാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച വിവാഹസൽക്കാരത്തിലാണ് ഇരുവരും വ്യത്യസ്ത സമയങ്ങളിൽ എത്തിയത്.
വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കും സംഗീത വിജയ്‌ക്കെതിരേ വിവാഹമോചന ഹർജി നൽകിയെന്ന റിപ്പോർട്ടുകൾക്കും പിന്നാലെയാണ് ഇരുവരുടെയും സാന്നിധ്യം ശ്രദ്ധ നേടിയത്. 2026 ഓഗസ്റ്റിലാണ് സംഗീത വിവാഹമോചന ഹർജി പിൻവലിച്ചത്. എന്നാൽ ഇരുവരുടെയും വ്യക്തിജീവിതം സംബന്ധിച്ച ചർച്ചകൾ പൊതുസമൂഹത്തിൽ തുടരുകയാണ്. വിവാഹസൽക്കാരത്തിൽ പങ്കെടുത്ത സംഗീത നവദമ്പതികൾക്ക് ആശംസകളും നേർന്നു.
ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ, സിനിമ, വ്യവസായ, കായിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മന്ത്രി നാരാ ലോകേഷ്, തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടൻമാരായ രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരും ചടങ്ങിനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും കത്തിലൂടെ നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു. നവംബർ അഞ്ചിന് അയച്ച കത്തിൽ വിവാഹജീവിതത്തിൽ വിശ്വാസവും ഒരുമയും നിലനിൽക്കട്ടെയെന്ന് മോദി ആശംസിച്ചു. കാവ്യയുടെ മാതാപിതാക്കളായ സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും കാവേരി മാരനും വിവാഹത്തിന് ക്ഷണിച്ചതിന് നന്ദിയും അറിയിച്ചു. ഒക്റ്റോബർ 23ന് കലാനിധി മാരനും കാവേരി മാരനും അയച്ച കത്തിലൂടെയായിരുന്നു സോണിയ ഗാന്ധിയുടെ ആശംസ.
നവംബർ 11ന് ഗ്രീസിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു അനിരുദ്ധിന്‍റെയും കാവ്യയുടെയും വിവാഹം.