

രണബാലിയിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ നടത്തിയ പ്രകടനത്തിന് സമാനമാണ് ‘രണബാലി’യിൽ വിജയ് ദേവരകൊണ്ടയുടെ പ്രകടനമെന്ന് ഭാര്യയും നടിയുമായ രശ്മിക മന്ദാന. കഥാപാത്രമായി മാറാൻ വിജയ് സ്വയം പൂർണമായി സമർപ്പിച്ചെന്നും രശ്മിക പറഞ്ഞു. വെള്ളിയാഴ്ച ഹൈദരാബാദിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘രണബാലി’യിൽ വിജയ് ദേവരകൊണ്ട സിംഗനമല ബൊബ്ബിലി രണബാലിയായും രശ്മിക ജയമ്മയായുമാണ് എത്തുന്നത്. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
‘പുഷ്പ 2’യിൽ അല്ലു അർജുൻ പുഷ്പരാജായി മാറിയപ്പോൾ തനിക്ക് സമാനമായ അനുഭവമുണ്ടായിരുന്നുവെന്ന് രശ്മിക പറഞ്ഞു. “ബണ്ണി സാറിനെ അദ്ദേഹമായി കാണുന്നതും പുഷ്പയായി കാണുന്നതും രണ്ടും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു. അതുപോലെ വിജയ്യെ വീട്ടിൽ വ്യക്തിപരമായി കണ്ടിട്ടുള്ളയാളാണ് ഞാൻ. എന്നാൽ സെറ്റിൽ കണ്ടപ്പോൾ അദ്ദേഹം തികച്ചും വ്യത്യസ്തനായിരുന്നു. അഭിനയിക്കുന്നവർക്ക് ആ അനുഭവം മനസിലാകും,” രശ്മിക പറഞ്ഞു.
‘ഗീതാഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങളിൽ വിജയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ‘രണബാലി’യിലും ‘ജയമ്മ’യിലും എത്തിയപ്പോൾ തനിക്ക് വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു. “മൊത്തത്തിൽ ഈ ചിത്രത്തെക്കുറിച്ച് പറയുമ്പോൾ അത് വിജയ്യുടെ സിനിമയാണ്. അദ്ദേഹം ഒറ്റയാൾ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്”- രശ്മിക പറഞ്ഞു.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ റായലസീമയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് ‘രണബാലി’. 1854 മുതൽ 1878 വരെയുള്ള കാലഘട്ടത്തിലെ ചരിത്രരേഖകൾ, വാമൊഴി ചരിത്രങ്ങൾ, അധികം അറിയപ്പെടാത്ത സംഭവങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
‘ദ മമ്മി’, ‘ദ മമ്മി റിട്ടേൺസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സാണ് നിർമാണം. അജയ്–അതുലാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്.