

ജനനായകന് വീണ്ടും തിരിച്ചടി
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് തിരിച്ചടി. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർമാതാക്കളോട് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇതോടെ ചിത്രത്തിന്‍റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി. പൊങ്കൽ അവധി കഴിഞ്ഞ് ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കുകയാണ്.
ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.
നേരത്തെ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സെൻസർ ബോർഡിന്‍റെ ചെയർമാൻ നൽകിയ ഹർജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീംകോടതി നിരീക്ഷിച്ചു. ജനുവരി 9നാണ് ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ജസ്റ്റിസ് പി.ടി. ആശയാണ് ഉത്തരവിട്ടത്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർമാന്‍റെ തീരുമാനവും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു.
എന്നാൽ സെൻസർ ബോർഡിന്‍റെ അപ്പീലിൽ അന്ന് വൈകിട്ട് തന്നെ ചിത്രത്തിനെ റിലീസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു, പിന്നാലെയാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.