വിക്രമിനു പിറന്നാള്‍ ആശംസകളുമായി 'തങ്കലാൻ' ടീം | Video

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പീരിയഡ് ഡ്രാമയിൽ പാർവതി തിരുവോത്താണ് വിക്രമിന്‍റെ നായികയാകുന്നത്

തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രമിന് 58 വയസ്. പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് തങ്കലാൻ ടീം വിക്രമിനു വേണ്ടി ചെറിയ ഒരു മേക്കിങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. തന്‍റെ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിക്രമിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വേദന കടിച്ചമര്‍ത്തി ഫൈറ്റ് സീനില്‍ അഭിനയിക്കുന്നതും കാണാം.

പാ. രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണാടകയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ സ്വർണ ഖനിയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രമിന്‍റെ കരിയറിലെ 61ാം ചിത്രമാണ് തങ്കലാൻ. 3ഡി ഫോര്‍മാറ്റിലും പുറത്തിറക്കുന്നുണ്ട്.

പാര്‍വതി തിരുവോത്താണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞത്. ജി.വി. പ്രകാശ്കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com