വിനയ് ഫോർട്ടിന്‍റെ മുറിമീശ ഭാവങ്ങൾ.
വിനയ് ഫോർട്ടിന്‍റെ മുറിമീശ ഭാവങ്ങൾ.

ട്രോളുകളിൽ ആറാടി വിനയ് ഫോർട്ടിന്‍റെ മുറിമീശ

ഒറ്റ നോട്ടത്തിൽ ചാർലി ചാപ്ലിന്‍റെ ലുക്ക്. അതല്ലെങ്കിൽ, ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും പല സിനിമകളിലും കാഴ്ചയിൽ തന്നെ ചിരി വരുത്താൻ ഉപയോഗിച്ചിട്ടുള്ള, അറ്റം മുറിച്ച മീശ
Published on

കൊച്ചി: രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയിൽ നായകൻ നിവിൻ പോളിയാണ്. പക്ഷേ, സിനിമയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോൾ നായകനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് മറ്റൊരാളായിരുന്നു. വേറാരുമല്ല, വിനയ് ഫോർട്ട്. പ്രേമം സിനിമയിൽ ഒരൊറ്റ ജാവ ക്ലാസ രംഗത്തിലൂടെ നായകനെക്കാൾ അനശ്വരമായ കഥാപാത്രത്തെ സൃഷ്ടിച്ച ആ പഴയ വിനയ് ഫോർട്ട് തന്നെ.

എന്നാൽ, ഇക്കുറി സിനിമ വരും മുൻപേ ഹിറ്റായിരിക്കുന്നത് വിനയ് ഫോർട്ടിന്‍റെ മീശയാണ്. മീശയെന്നു പറഞ്ഞാൽ ശരിയാവില്ല, മുറിമീശ. ഒറ്റ നോട്ടത്തിൽ ചാർലി ചാപ്ലിന്‍റെ ലുക്ക്. അതല്ലെങ്കിൽ, ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും പല സിനിമകളിലും കാഴ്ചയിൽ തന്നെ ചിരി വരുത്താൻ ഉപയോഗിച്ചിട്ടുള്ള, അറ്റം മുറിച്ച മീശ.

ട്രോളൻമാരും മീം സ്രഷ്ടാക്കളുമെല്ലാം പെട്ടെന്നു തന്നെ വിനയ് ഫോർട്ടിന്‍റെ മുറിമീശ ഏറ്റെടുത്തു. ട്രോളുകളുടെ ചാകരയായെന്ന് പ്രത്യേകം പറയേണ്ടല്ലോ. സിഐഡി ഉണ്ണിക്കൃഷ്ണൻ ബിഎ ബിഎഡ് എന്ന സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഉമ്മൻ കോശുമായി വിനയ് ഫോർട്ടിന്‍റെ ലുക്കിനെ താരതമ്യം ചെയ്ത് നടൻ അജു വർഗീസും സോഷ്യൽ മീഡിയയിലെത്തി.

അതേസമയം, രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയിലെ വിനയ് ഫോർട്ടിന്‍റെ ലുക്ക് ഇതല്ല. ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന പേരിടാത്ത സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പാണ്. അപ്പൻ എന്ന സിനിമയ്ക്കു ശേഷം മജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രസകരമായ സിനിമയും കഥാപാത്രവുമായതിനാൽ സെപ്റ്റംബർ വരെ താൻ ഈ കോലത്തിൽ തന്നെയുണ്ടാകുമെന്ന് വിനയ് ഫോർട്ട് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com