

"അച്ഛന്‍റെ വിജയത്തിന് പിന്നിൽ എന്നും ഈ സ്ത്രീയുണ്ടായിരുന്നു, ഈ പുരസ്കാരം അമ്മയ്ക്കുള്ളതാണ്": വിനീത് ശ്രീനിവാസൻ
മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന്‍റെ വിയോഗം മലയാള സിനിമയ്ക്ക് തിരാ നഷ്ടമാണ്. അഭിനയത്തിലൂടെയും നിർമാണത്തിലൂടെയും കഥയിലൂടെയുമെല്ലാം ഒരു കാലത്ത് മലയാളികളെ നയിച്ച കലാകാരൻ.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ സംഭാവനങ്ങൾ തിരിച്ചറിഞ്ഞ് ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി ആദരിച്ചു. ഭാര്യ വിമലയും മകൻ വിനീതും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ ഈ പുരസ്കാരം അമ്മയ്ക്ക് അർഹതപ്പെട്ടതാണെന്ന് വിനീത് ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. "വളരെയധികം വിജയിയായ ആ മനുഷ്യന്‍റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം അമ്മയ്ക്കുള്ളതാണ്." വിനീത് കുറിച്ചു.
ശ്രീനിവാസന് ലഭിച്ച പുരസ്കാര ശിൽപം സന്തോഷത്തോടെ കൈയിൽ പിടിച്ച് ഇരിക്കുന്ന വിമലയുടെ ചിത്രവും വിനീത് കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.