''ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല'', വിവാഹം ഔദ്യോഗികമായി അറിയിക്കുമെന്ന് വിശാൽ

തൻ്റെ പേരിനൊപ്പം ഒരു പെണ്‍കുട്ടിയുടെ പേര് ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയതെന്നും വിശാല്‍ വ്യക്തമാക്കി
Vishal, Lakshmi menon
Vishal, Lakshmi menon

വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് നടൻ വിശാൽ. വാർത്തകളിൽ യാതൊരു കഴമ്പുമില്ലെന്നും ഇത്തരം വാർത്തകൾക്ക് താൻ പ്രതികരിക്കാറില്ലെന്നും എന്നാൽ തൻ്റെ പേരിനൊപ്പം ഒരു പെണ്‍കുട്ടിയുടെ പേര് ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയതെന്നും വിശാല്‍ വ്യക്തമാക്കി. തെന്നിന്ത്യൻ നടി ലക്ഷ്മി മേനോനും വിശാലും അടുത്ത മാസം വിവാഹിതരാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

"സാധാരണയായി എന്നെക്കുറിച്ചുള്ള ഇത്തരം വ്യാജ വാർത്തകളോടും കിംവദന്തികളോടും പ്രതികരിക്കാറില്ല, കാരണം അത് ഉപയോഗശൂന്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ലക്ഷ്മി മേനോനെ ഞാൻ വിവാഹം കഴിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ യാതൊരു സത്യവുമില്ല. ഞാൻ ഇത് പൂർണമായും നിഷേധിക്കുന്നു, ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്.

നിങ്ങളൊരു പെൺകുട്ടിയുടെ സ്വകാര്യജീവിതത്തിലാണ് കടന്നുകയറിയത്. ഭാവിയിൽ ഞാൻ ഏത് വർഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാൻ ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല. സമയമാകുമ്പോൾ വിവാഹക്കാര്യം ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും.''–വിശാൽ പറഞ്ഞു.

പാണ്ഡ്യ നാട്, നാൻ സിഗപ്പു മനിതൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതേസമയം 2019ൽ അനീഷ എന്ന യുവതിയുമായി വിശാലിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ വിവാഹം മുടങ്ങിപ്പോവുകയുണ്ടായി. ഇതിനു പിന്നാലെ നടി അഭിനയയുമായി വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടായേക്കുമെന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com