

വിജയ്, രജനീകാന്തും വിഷ്ണു വിശാലും
തമിഴ്നാട് തെരഞ്ഞെടുപ്പിലെ വിജയ്‌യുടെ മിന്നും വിജയം തമിഴ്സൂപ്പർതാരം രജനീകാന്തിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിജയ്ക്ക് ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവച്ചിട്ടും താരത്തിന് എതിരേ സൈബർ ആക്രമണം രൂക്ഷമായിരുന്നു. പിന്നാലെ തനിക്ക് വിജയ്‌യോട് പ്രശ്നമില്ലെന്ന് വ്യക്തമാക്കാൻ രജനീകാന്തിന് പത്രസമ്മേളനം വിളിക്കേണ്ടിവന്നു. എന്നാൽ ഇതിന്‍റെ പേരിലും സൂപ്പർതാരത്തിന് നേരെ രൂക്ഷ വിമർശനമുണ്ടായി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി നടൻ വിഷ്ണു വിശാൽ രംഗത്തെത്തിയിരിക്കുകയാണ്.
വിജയ്‌യോട് തനിക്ക് പ്രശ്നമില്ലെന്ന് രജനീകാന്തിന് മൈക്കിന് മുന്നിൽ പറയേണ്ടിവന്നെന്നും ഇത് കാണുന്നത് വളരെ വേദനാജനകമാണ് എന്നുമാണ് വിഷ്ണു പറഞ്ഞത്. പുതിയ സിനിമ ഗലാട്ട ഗുസ്തി 2ന്‍റെ പ്രമോഷൻ ചടങ്ങിനിടെ തനിക്ക് നേരെ വന്ന സൈബർ ആക്രമണത്തേക്കുറിച്ച് പറയുന്നതിനിടെയാണ് രജനീകാന്ത് നേരിടേണ്ടിവന്ന അവസ്ഥയെക്കുറിച്ച് പരാമർശിച്ചത്.
വിജയ്‌ക്കെതിരെ എനിക്ക് ഒരു വിരോധവുമില്ലെന്ന് തലൈവർ നേരിട്ട് പറയേണ്ട ഒരു സാഹചര്യമുണ്ടായിരിക്കുന്നു. നാല് ദിവസം മൗനം പാലിച്ചതിനാണ് അദ്ദേഹത്തിന് നേരെ ഓൺലൈൻ ആക്രമമുണ്ടായത്. തുടർന്ന് മൈക്കിൽ സ്വയം വിശദീകരിക്കേണ്ട ഗതികേടിലേക്ക് തലൈവർക്കുണ്ടായി. അദ്ദേഹം നേടിയതെല്ലാം കണ്ടിട്ടും മറ്റൊരാളോട് അദ്ദേഹത്തിന് അസൂയ തോന്നുന്നുവെന്ന് എങ്ങനെയാമ് പറയാൻ കഴിയുന്നത്? ഇത് കാണുന്നത് വളരെ വേദനാജനകമാണ്.- വിഷ്ണു വിശാൽ പറഞ്ഞു.