തുടക്കം: വഴുതിപ്പോകാത്ത വിസ്മയത്തുടർച്ച

രാഷ്ട്രീയം മാനവികതയ്ക്കു മേലെയല്ലെന്ന സന്ദേശം ആവര്‍ത്തുറപ്പിച്ചു കൊണ്ട്, പൗരബോധത്തെ ഇല്ലാതാക്കാന്‍ സൈബര്‍ ആക്രമണത്തിനു കഴിയില്ലെന്ന സന്ദേശം നല്‍കിക്കൊണ്ട്, വിസ്മയ മോഹന്‍ലാലിന്‍റെ 'തുടക്കം'
Vismaya Mohanlal Thudakkam review

തുടക്കം സിനിമ റിവ്യൂ.

Published on
തുടക്കം : വിസ്മയ - മോഹൻലാൽ - ജൂഡ് ആന്തണി ജോസഫ് | തിയെറ്റർ റിവ്യൂ(4.5 / 5)

അനൂപ് മോഹൻ

പ്രതീക്ഷകളുടെ അമിതഭാരമെന്ന ആവര്‍ത്തിക്കുന്ന ക്ലീഷേ വാചകത്തിന്‍റെ അപകടസാധ്യത; സിനിമയുടെ ആദ്യചുവടിന്‍റെ പൂമുഖത്തു നില്‍ക്കുമ്പോള്‍, സ്വന്തം നിലപാട് പറഞ്ഞുവെന്ന അക്ഷന്തവ്യമായ 'അപരാധം'! ഇതെല്ലാം മുന്നിലുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്കു മേലെയാവരുതെന്ന സന്ദേശം ആവര്‍ത്തുറപ്പിച്ചു കൊണ്ടു തന്നെ, തന്‍റെ പൗരബോധത്തെ ഇല്ലാതാക്കാന്‍ ഒരു സൈബര്‍ ആക്രമണത്തിനും കഴിയില്ലെന്ന സന്ദേശം നല്‍കിക്കൊണ്ടു തന്നെ, വിസ്മയ മോഹന്‍ലാലിന്‍റെ ആദ്യചിത്രം 'തുടക്കം' തിയെറ്ററുകളിലെത്തിയത്. അനിവാര്യമായൊരു തുടര്‍ച്ച ഈ തുടക്കത്തിനുണ്ടാവുമെന്ന് വിസ്മയ അഭ്രപാളിയിലൂടെ രേഖപ്പെടുത്തുന്നുണ്ട്. പത്തരമാറ്റിന്‍റെ പകര്‍ന്നാട്ടത്താല്‍ ലോകത്തെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ എന്ന അളവുകോല്‍ തന്നെയായിരുന്നു വിസ്മമയുടെ ഏറ്റവും വലിയ വെല്ലുവിളി. മാറ്റുരയ്ക്കാൻ അച്ഛനെന്ന മഹാപ്രതിഭയുടെ വൈഭവം മുന്നില്‍ ഉണ്ടായിരുന്നിട്ടുകൂടി അതെല്ലാം ലളിതമായി കൈകാര്യം ചെയ്യാന്‍ തുടക്കത്തിൽ തന്നെ വിസ്മയയ്ക്ക് സാധിച്ചിരിക്കുന്നു.

ഒരു മലയോര ഗ്രാമത്തിലെ അതിസാധാരണമായൊരു അച്ഛന്‍-മകള്‍ ജീവിതത്തിന്‍റെ രേഖപ്പെടുത്തലുകളിലൂടെയാണു ചിത്രത്തിന്‍റെ തുടക്കം. അച്ഛനായി സായികുമാറും മകളായി വിസ്മയയും, വില്ലെജ് ഓഫിസർ രവി ബാലചന്ദ്രന്‍, മീനു എന്നീ കഥാപാത്രങ്ങളെ മനോഹരമാക്കി. അരങ്ങിന്‍റെ കരുത്തില്‍ നിന്ന് അഭ്രപാളിയിലെത്തി അഭിനയമികവിന്‍റെ സൂക്ഷ്മസങ്കേതങ്ങള്‍ പലവട്ടം കാണിച്ചു തന്നിട്ടുള്ള സായികുമാറിനൊപ്പം നില്‍ക്കുമ്പോള്‍, ആദ്യ സിനിമയുടെ അങ്കലാപ്പൊന്നും വിസ്മയയ്ക്കില്ല. തുറന്ന വേദികളിൽ കണ്ട അങ്കലാപ്പുകളുടെ ലാഞ്ഛന പോലും തിരശീലയിൽ പ്രതിഫലിക്കുന്നില്ല.

ആത്മവിശ്വാസത്തോടെയുളള പ്രകടനം തന്നെയാണു വിസ്മയയുടേത്. അരങ്ങേറ്റമെന്ന നിലയില്‍ വഴുതിപ്പോകാവുന്ന വൈകാരികതയുടെ വരമ്പുകളിലൊന്നും വഴുതിപ്പോകാതെ വിസ്മയ പിടിച്ചു നില്‍ക്കുന്നു, പലപ്പോഴും മികച്ചു തന്നെ നില്‍ക്കുന്നു. അനായാസമായി അഭിനയിക്കുക എന്ന അച്ഛന്‍പാഠം വിസ്മയ സിനിയിലുടനീളം കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. വൈകാരിക രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും അസാമാന്യമായ കൈയടക്കത്തോടെയാണു ഈ പുതുമുഖം കൈകാര്യം ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍, ഇതൊരു താരപുത്രിയുടെ പ്രിവിലെജുകളുടെ പുറത്തുള്ള അരങ്ങേറ്റമല്ലെന്ന് ഉറപ്പിച്ചു പറയാം.

അതിസാധാരണമായ ജീവിതം നയിക്കുന്ന അച്ഛന്‍റെയും മകളുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണു തുടക്കം വികസിക്കുന്നത്. ആ സാഹചര്യങ്ങളെ നേരിടുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ അതിജീവനവും പോരാട്ടവുമൊക്കെ കൃത്യമായി ചിത്രത്തില്‍ വരച്ചു ചേര്‍ക്കുന്നു. കേരളം മുന്‍കാലങ്ങളില്‍ ചങ്കിടിപ്പോടെ കേട്ടറിഞ്ഞ പല സംഭവങ്ങളുടെയും റഫറൻസ് ചിത്രത്തിലുണ്ട്. എന്നാൽ, ഒരിടത്തും ഇഴച്ചില്‍ അനുഭവപ്പെടാതെ ചിത്രം മുന്നോട്ടു പോകുകയും ചെയ്യുന്നു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ നിര്‍മാണം. നിര്‍മാതാവിന്‍റെ മകനും അഭിനയിക്കുന്ന സിനിമയെന്ന വിശേഷണമെത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന മുന്‍വിധികളെ അഭിനയത്തിലൂടെ തോല്‍പ്പിക്കുന്നുണ്ട് ആശിഷ് ജോ ആന്‍റണി. ചിത്രത്തിലുടനീളം മികച്ച പ്രകടനമാണ് ആശിഷ് കാഴ്ചവച്ചിരിക്കുന്നത്. കഥാപാത്രത്തിനോട് ഏറെ ചേര്‍ന്നു നിന്നു കൊണ്ട്, പുതുമുഖത്തിന്‍റെ പതര്‍ച്ചയൊന്നുമില്ലാതെയാണ് ആശിഷിന്‍റെ വില്ലന്‍ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നത്. എമ്പുരാന്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആശിഷിന്‍റെ ആദ്യ മുഴുനീള കഥാപാത്രം ആ കൈകളില്‍ ഭദ്രം.

2018 എന്ന സിനിമയുടെ വിജയഭാരം കൂടാതെ വിസ്മയയുടെ ആദ്യ ചിത്രമെന്ന പ്രതീക്ഷകളുടെ ഭാരം കൂടി വഹിച്ചാണു ജൂഡ് ആന്തണി ജോസഫ് സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രതീക്ഷകളും കാത്തുവെന്നു മാത്രമല്ല, അഭിനേതാക്കളെ കഥാപാത്രങ്ങളിലേക്കു സന്നിവേശിപ്പിക്കാനും ജൂഡിനു സാധിച്ചിട്ടുണ്ട്. ആഖ്യാനശൈലിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ജൂഡിന്‍റെ സംവിധാന മികവിനൊപ്പം ജോമോന്‍ ടി. ജോണിന്‍റെ ഛായാഗ്രഹണവും ഏറെ സഹായകമായി. ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റു കൂട്ടി. ത്രില്ലിങ് രംഗങ്ങളുടെ ചടുലത ഉയരത്തിലെത്തിക്കാന്‍ പശ്ചാത്തല സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്.

അതിഥി താരമെന്ന വിശേഷണം അഭ്രപാളിയില്‍ അല്‍പ്പദൂരം താണ്ടുന്നതാണെങ്കില്‍ക്കൂടി മോഹന്‍ലാലിന്‍റെ കഥാപാത്രം തിയെറ്ററുകളില്‍ ആവേശം ജനിപ്പിക്കുന്നുണ്ട്. സായികുമാര്‍, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, ഗണേഷ്‌കുമാര്‍, ടി.ജി. രവി, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, ചിപ്പി രഞ്ജിത്, മിയ ജോര്‍ജ്, പൗളി വല്‍സന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

logo
Metro Vaartha
www.metrovaartha.com