''സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് എന്നാണ് അവസാനിക്കുക?''; രാഖി പരസ്യ വിവാദത്തിൽ പ്രതികരിച്ച് കൃതി സനൺ

കാലത്തിനനുസരിച്ച് പരമ്പരാഗത ഫാഷൻ മാറിയിട്ടും, ഇപ്പോഴും ഒരു സ്ത്രീയുടെ സംസ്കാരത്തോടുള്ള ബഹുമാനം അവളുടെ വസ്ത്രധാരണത്തിലൂടെയാണ് അളക്കുന്നത് എന്നും കൃതി കുറിച്ചു
Kriti Sanon

കൃതി സനൺ

Updated on

ഇൻഡോ-വെസ്റ്റേൺ വേഷത്തിലെ പുതിയ പരസ്യത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് നടി കൃതി സനൺ. വസ്ത്രധാരണത്തിന്‍റെ പേരിൽ ഒരു സ്ത്രീയുടെ സംസ്കാരത്തോടുള്ള ബഹുമാനം അളക്കുന്ന രീതി അവസാനിപ്പിക്കേണ്ട സമയമായെന്ന് കൃതി പറഞ്ഞു.

‘സംസ്കാരവും പാരമ്പര്യവും അവളുടെ ഹൃദയത്തിലാണ്, നെക്ക് ലൈനിൽ അല്ല. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് നമ്മൾ പറയുന്നത് എന്നാണ് അവസാനിക്കുക?’- എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കൃതിയുടെ പ്രതികരണം. കാലത്തിനനുസരിച്ച് പരമ്പരാഗത ഫാഷൻ മാറിയിട്ടും, ഇപ്പോഴും ഒരു സ്ത്രീയുടെ സംസ്കാരത്തോടുള്ള ബഹുമാനം അവളുടെ വസ്ത്രധാരണത്തിലൂടെയാണ് അളക്കുന്നത് എന്നും കൃതി കുറിച്ചു.

രാഖി ദിനവുമായി ബന്ധപ്പെട്ട ഒരു ജ്വല്ലറി ബ്രാൻഡിന്‍റെ പരസ്യത്തിൽ കൃതി ധരിച്ച വസ്ത്രമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഐവറി നിറത്തിലുള്ള ബ്രാലെറ്റ്-സ്കർട്ട് കോമ്പിനേഷനൊപ്പം കേപ്പ് ധരിച്ചാണ് പരസ്യത്തിൽ കൃതി പ്രത്യക്ഷപ്പെട്ടത്. സഹോദരന്‍റെ കൈയിൽ രാഖി കെട്ടുന്നതും തുടർന്ന് വളർത്തുനായയുടെ കാലിൽ രാഖി കെട്ടുന്നതുമാണ് പരസ്യത്തിലുള്ളത്.

നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും കൃതിയുടെ വേഷത്തെ വിമർശിച്ചിരുന്നു. ''ബിക്കിനി ഇട്ടാണോ സഹോദരന് രാഖി കെട്ടുന്നത്?''- എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

ഉത്സവങ്ങളുടെ സത്ത ഒരാൾ ധരിക്കുന്ന വസ്ത്രത്തിലല്ലെന്നും പാരമ്പര്യങ്ങളോടുള്ള വികാരങ്ങളിലും അവയ്ക്കുള്ള അർഥത്തിലുമാണെന്നും കൃതി വ്യക്തമാക്കി. “രക്ഷാബന്ധൻ സംരക്ഷണത്തിന്‍റെ ബന്ധമാണ്. ഞാനും എന്‍റെ സഹോദരിയും പരസ്പരം രാഖി കെട്ടാറുണ്ട്. ഒരു സഹോദരന് കഴിയുന്നതിലും കുറവൊന്നുമല്ലാതെ പരസ്പരം സംരക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസിനുമായി ഞങ്ങൾ പ്രാർഥിക്കുന്നു. ഈ പ്രാർഥനയും വാഗ്ദാനവും ഞങ്ങളുടെ നായ്ക്കൾക്കും ബാധകമാണ്. എല്ലാത്തിനുമുപരി, അവരും കുടുംബമാണ്”- കൃതി പറഞ്ഞു.

പരസ്യം പുറത്തുവന്നതിന് പിന്നാലെ പരമ്പരാഗത ഉത്സവമായ രാഖിബന്ധനിൽ ഇത്തരം വസ്ത്രം ധരിച്ചതിനെതിരെയും ‘നഗ്നത പ്രോത്സാഹിപ്പിക്കുന്നു’ എന്നാരോപിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. നായയുടെ കാലിൽ രാഖി കെട്ടിയതിനെയും ചിലർ വിമർശിച്ചു.

logo
Metro Vaartha
www.metrovaartha.com