
കമൽഹാസൻ.രജനീകാന്ത്
പി.ജി.എസ്. സൂരജ്
ഇന്ത്യൻ സിനിമയുടെ താളുകളിൽ തങ്ങളുടെ പേര് മായാത്ത ലിപികളിൽ എഴുതിച്ചേർത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലകനായകൻ കമലഹാസനും സ്റ്റൈൽ മന്നൻ രജനീകാന്തും. 47 നീണ്ട വർഷങ്ങൾക്ക് ശേഷം, ഇന്ത്യൻ സിനിമയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട് കമലഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുകയാണ്.
'ജയിലർ' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം യുവ സംവിധായകൻ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരരാജാക്കന്മാർ ഒരുമിക്കുന്നത്. റെഡ് ജയന്‍റ് മൂവീസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഗ്ലിംപ്സ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ അക്ഷരാർഥത്തിൽ ഇളകിമറിയുകയാണ്.
സിനിമാ മാസികകളുടെ താളുകളിൽ മാത്രം ഒതുങ്ങിയിരുന്ന ആ പഴയ സുവർണ കാലഘട്ടത്തിന്‍റെ ഗംഭീരമായ തിരിച്ചുവരവ് കൂടിയാണിത്. ഈ കൂടിച്ചേരൽ കേവലം ഒരു സിനിമയ്ക്ക് അപ്പുറം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാത്തിരിപ്പിന്‍റെ അവസാനമാണ്.
ഇവർ ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഏതൊരു സിനിമാസ്വാദകനും അത്ഭുതപ്പെടാതിരിക്കാനാകില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി 21 സിനിമകളിലാണ് ഇവർ ഇതിനുമുമ്പ് ഒന്നിച്ച് സ്ക്രീൻ പങ്കിട്ടത്. ഇതിൽ മിക്കവാറും ചിത്രങ്ങൾ വലിയ സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയവയാണ്.
1975-ൽ ഇതിഹാസ സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ്വ രാഗങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് 'മൂൺട്ര് മുടിച്ച്', 'അവർകൾ', '16 വയതിനിലെ', 'അവൾ അപ്പടിത്താൻ', 'നിനൈത്താലെ ഇനിക്കും' തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് വിസ്മയം തീർത്തു. 16 വയതിനിലെ എന്ന ചിത്രത്തിലെ കമലിന്‍റെ 'ചപ്പാണി' എന്ന കഥാപാത്രവും രജനിയുടെ 'പരട്ടൈ' എന്ന വില്ലൻ കഥാപാത്രവും ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. 1979-ൽ പുറത്തിറങ്ങിയ 'അലാവുദ്ദീനും അത്ഭുതവിളക്കും', 'നിനൈത്താലെ ഇനിക്കും' എന്നീ ചിത്രങ്ങളിലാണ് ഇവർ തമിഴിൽ അവസാനമായി ഒന്നിച്ചെത്തിയത്. പിന്നീട് 1985-ൽ ഹിന്ദിയിൽ പുറത്തിറങ്ങിയ 'ഗിരഫ്താർ' (Geraftaar) എന്ന ചിത്രത്തിലും ഇരുവരും സ്ക്രീൻ പങ്കിട്ടു.
അതിനുശേഷം ഇരുവരും അവരവരുടേതായ താരപദവികളിലേക്ക് അതിവേഗം ഉയർന്നപ്പോൾ, തങ്ങളുടെ വിപണി മൂല്യം മനസ്സിലാക്കി ഒന്നിച്ച് അഭിനയിക്കുന്നത് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. ഒരു ബിസ്കറ്റ് പകുതിയാക്കി പങ്കിടുന്നതിന് പകരം രണ്ടുപേർക്കും മുഴുവൻ ബിസ്കറ്റ് വേണം എന്ന് കരുതിയാണ് അന്ന് വഴിപിരിഞ്ഞതെന്നും, എന്നാൽ ഇപ്പോൾ വീണ്ടും ഒരുമിക്കാൻ സമയമായെന്നും പകുതി ബിസ്കറ്റ് കൊണ്ട് തന്നെ ഞങ്ങൾ ഇന്ന് സന്തുഷ്ടരാണെന്നും കമലഹാസൻ തന്നെ അടുത്തിടെ ഒരു അവാർഡ് വേദിയിൽ തുറന്നുപറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ 'KH x RK' (താൽക്കാലിക പേര്) എന്ന ചിത്രത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. വിക്രം എന്ന ചിത്രത്തിലൂടെ കമലഹാസനും, ജയിലർ എന്ന ചിത്രത്തിലൂടെ രജനീകാന്തും തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുത്ത് ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചതിന് ശേഷമാണ് ഇരുവരും ഒന്നിക്കാൻ പോകുന്നത് എന്നതും ചിത്രത്തിന്‍റെ ഹൈപ്പ് ഇരട്ടിയാക്കുന്നു.
കെ. ബാലചന്ദർ, ഐ.വി. ശശി തുടങ്ങി ഇന്ത്യൻ സിനിമയിലെ വിരലിലെണ്ണാവുന്ന ഇതിഹാസ സംവിധായകർക്ക് മാത്രമേ ഈ രണ്ട് താരങ്ങളെയും വെച്ച് സിനിമയൊരുക്കാൻ സാധിച്ചിട്ടുള്ളൂ. ആ എലൈറ്റ് ലിസ്റ്റിലേക്കാണ് ഇപ്പോൾ യുവ സംവിധായകൻ നെൽസൺ ദിലീപ് കുമാറും കടന്നുവരുന്നത്. 'കൊലമാവ് കോകില', 'ഡോക്ടർ', 'ബീസ്റ്റ്', എന്നീ ചിത്രങ്ങളിലൂടെ ഡാർക്ക് ഹ്യൂമർ ശൈലി അവതരിപ്പിച്ച് കയ്യടി നേടിയ നെൽസൺ, 'ജയിലർ' എന്ന ചിത്രത്തിലൂടെ രജനീകാന്തിന് നൽകിയത് കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. നെൽസണിന്‍റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയും ഭാഗ്യവുമാകും ഈ പുതിയ ചിത്രം.
ചിത്രത്തിന് സംഗീതം നൽകുന്നത് തെന്നിന്ത്യൻ സിനിമയുടെ സ്വന്തം റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ ആണ്. കൂടാതെ, ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ രാജീവ് മേനോൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എന്നതും വലിയ പ്രത്യേകതയാണ്.
രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഗ്ലിംപ്സ് വീഡിയോ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ആവേശം വാക്കുകൾക്ക് അതീതമാണ്. 3 മിനിറ്റും 46 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ നെൽസൺ ദിലീപ് കുമാറിന്‍റെ ട്രേഡ്മാർക്ക് കോമഡി ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
കമലഹാസന്‍റെയും രജനീകാന്തിന്‍റെയും റൂമുകൾക്ക് മുന്നിൽ ആരെ ആദ്യം പോയി കാണണം എന്നറിയാതെ ഹോട്ടൽ കോറിഡോറിൽ കുഴങ്ങി നിൽക്കുന്ന നെൽസണെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. അവിടേക്ക് സംഗീത സംവിധായകൻ അനിരുദ്ധ് മൂളിപ്പാട്ടും പാടി കടന്നുവരുന്നു. തന്‍റെ പുതിയ പാട്ടിന് ഷണ്മുഖപ്രിയ രാഗം വേണോ അതോ കോകിലപ്രിയ രാഗം വേണോ എന്ന സംശയത്തിലാണ് അനിരുദ്ധ്. ഇതുകേട്ട് ഏതോ നായികമാരുടെ പേരാണെന്ന് കരുതി നെൽസൺ ചോദിക്കുന്നതും, അനിരുദ്ധ് തന്‍റെ രണ്ട് വിരലുകൾ കാണിച്ച് ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ നെൽസണോട് പറയുന്നതും വലിയ ചിരിയുണർത്തുന്നു. ഇതേ ടെക്നിക്ക് ഉപയോഗിച്ച് നെൽസണും തന്‍റെ വലിയ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു.
തുടർന്ന് നെൽസൺ താരങ്ങളുടെ റൂമിലേക്ക് കയറുന്നതും ഇരുവരും തങ്ങളുടെ കോട്ടുകളും ഷൂസുകളും വാച്ചുകളും തിരഞ്ഞെടുക്കുന്നതുമായ രസകരമായ രംഗങ്ങളാണ് കാണിക്കുന്നത്. ഒരാൾ തിരഞ്ഞെടുത്ത സാധനം മറ്റേയാൾക്കും ഇഷ്ടപ്പെടുന്നുവെന്ന് നെൽസൺ പറയുമ്പോൾ, അവർ അത് മാറ്റി മറ്റൊന്ന് എടുക്കുന്നു. ഈ ചെറിയ ഈഗോ ക്ലാഷ് വളരെ രസകരമായാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒടുവിൽ വിന്‍റേജ് ഗ്യാങ്സ്റ്റർ ലുക്കിൽ, സ്റ്റൈലിഷ് ലെതർ ജാക്കറ്റും ധരിച്ച് ഇരുവരും മാസ്സ് എൻട്രി നടത്തുന്നു. പോസ്റ്ററിലെ "ചിലർ നിയമങ്ങൾ ഉണ്ടാക്കുന്നു, ചിലർ ഭരിക്കുന്നു" (Some men set rules, some men rule) എന്ന ടാഗ്‌ലൈൻ തന്നെ ചിത്രത്തിന്‍റെ മാസ്സ് സ്വഭാവം വിളിച്ചോതുന്നുണ്ട്.
ഇരുവരും ഗാരേജിൽ കിടക്കുന്ന ഒരു വിന്‍റേജ് കാറിൽ കയറാൻ പോകുമ്പോൾ, കാറിന്‍റെ താക്കോൽ രജനീകാന്ത് തന്‍റെ തനതായ സ്റ്റൈലിൽ വായുവിൽ എറിഞ്ഞ് കമലിന് നൽകുന്ന സീൻ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു. കമൽ ഡ്രൈവിംഗ് സീറ്റിലും രജനി തൊട്ടടുത്തും ഇരിക്കുന്നു. പിൻസീറ്റിൽ നെൽസണും അനിരുദ്ധും ഉണ്ട്. അപ്പോൾ അവർ നെൽസണോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "ഇതിൽ ആരാണ് ഹീറോ?". ഉത്തരം പറയാൻ കഴിയാതെ വിയർക്കുന്ന നെൽസണെ കാണിച്ച് ഗ്ലിംപ്സ് അവസാനിക്കുന്നു. അനിരുദ്ധിന്‍റെ 'ആജാ രാജാ' (Aaja Raja) എന്ന ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോർ ഈ വീഡിയോയെ വേറൊരു ലെവലിൽ എത്തിച്ചു എന്ന് തന്നെ പറയാം.
ഗ്ലിംപ്സ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ഫാൻ തിയറികളുമാണ് നിറയുന്നത്. വീഡിയോയിൽ ചോദിച്ചതുപോലെ ഇതിൽ ആരാണ് ഹീറോ, ആരാണ് വില്ലൻ എന്നതാണ് ആരാധകരുടെ പ്രധാന സംശയം. കമൽ വില്ലനായി എത്തുമ്പോൾ രജനി നായകനാകുമെന്നും, അതല്ല ഇരുവരും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാകാം എന്നുമാണ് ചിലരുടെ വാദം. പ്രശസ്ത ഹോളിവുഡ് ചിത്രമായ 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' പോലെയുള്ള ഒരു ഡാർക്ക് ഹ്യൂമർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് ചില ഫാൻ തിയറികൾ പറയുന്നത്.
എന്തായാലും ബോക്സ് ഓഫീസിൽ ആയിരം കോടികൾ നിഷ്പ്രയാസം നേടാൻ പോകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് തലമുറകളെ ആവേശം കൊള്ളിച്ച രണ്ട് മഹാനടന്മാർ 47 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ അത് ചരിത്രമായി മാറും എന്നതിൽ സംശയമില്ല. ഈ ബ്രഹ്മാണ്ഡ സംഗമത്തിനായി നമുക്കും കാത്തിരിക്കാം.