

മേഖ നായർ
സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും നടനുമായ അഖിൽ എൻആർഡിയുടെ വീട്ടിൽനിന്ന് താൻ ഇറങ്ങിപ്പോയത് സത്യമാണെന്ന് വ്യക്തമാക്കി ഭാര്യ മേഘ നായർ. എന്നാൽ മറ്റൊരാളുടെ കൂടെ പോയത് അഖിലിനെ ഉപേക്ഷിക്കാനായിരുന്നില്ലെന്നും, വീട്ടിൽനിന്ന് ഇറങ്ങിവരാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നും മേഘ പറഞ്ഞു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മേഘ സംഭവത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. അഖിലിന്‍റെ വീട്ടിൽനിന്ന് ഇറങ്ങിയ ശേഷം 10 ദിവസത്തോളം അനൂപിനൊപ്പമായിരുന്നുവെന്ന് മേഘ പറഞ്ഞു. ഇതിനിടെ പിതാവിനെ കാണാൻ സ്വന്തം വീട്ടിൽ പോയിരുന്നുവെന്നും പിന്നീട് വീണ്ടും അനൂപിന്‍റെ വീട്ടിലേക്ക് മടങ്ങിയെന്നും അവർ വ്യക്തമാക്കി. പിതാവിന്‍റെ വീട്ടിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
അഖിലിന്‍റെ വീട്ടിൽനിന്ന് ഇറങ്ങിവരാനുള്ള കാരണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പറയാൻ താൽപര്യമില്ലെന്നും മേഘ പറഞ്ഞു. താനും അഖിലും പരസ്പരം കുറ്റപ്പെടുത്തില്ലെന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇരുവരുടെയും പേരിൽ സുഹൃത്തുക്കളെന്ന് പറഞ്ഞ് മറ്റുള്ളവർ നടത്തുന്ന പ്രതികരണങ്ങൾ വിശ്വസിക്കരുതെന്നും മേഘ ആവശ്യപ്പെട്ടു.
വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സ്വർണവും മറ്റ് വസ്തുക്കളും കൊണ്ടുപോയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും മേഘ നിഷേധിച്ചു. അഖിലിന്‍റെ കുടുംബത്തിന്‍റെ സ്വർണം തിരികെ കൈമാറിയെന്നും തന്‍റെ സ്വർണവും തിരികെ വാങ്ങിയെന്നും അവർ പറഞ്ഞു. തന്‍റേതല്ലാത്ത യാതൊരു വസ്തുവും അവിടെനിന്ന് എടുത്തിട്ടില്ലെന്നും മേഘ വ്യക്തമാക്കി.
അഖിൽ എൻആർഡിയും മേഘ നായരും തമ്മിലുള്ള വേർപിരിയൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പരീക്ഷാ കോച്ചിങ്ങിന് പോയിരുന്ന ബസിലെ കണ്ടക്റ്ററുടെ കൂടെ മേഘ ഒളിച്ചോടിയെന്നായിരുന്നു പ്രധാന ആരോപണം. അർധരാത്രിയിൽ അഖിലിന്‍റെ വീട്ടിൽനിന്ന് മേഘ ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 2024ലായിരുന്നു അഖിലിന്‍റെയും മേഘയുടെയും വിവാഹം.