
മുംബൈ: ഡാഡി, ദിൽ ഹെ കി മാൻതാ നഹി, സഡക്... ബോളിവുഡിൽ തുടർച്ചയായി മൂന്നു ഹാട്രിക് ഹിറ്റുകൾ സമ്മാനിക്കുമ്പോൾ പൂജ ഭട്ടിന് പ്രായം വെറും പത്തൊമ്പത്. പക്ഷേ, പിന്നെ കഷ്ടിച്ച് ഒരു അഞ്ച് വർഷം കൂടിയാണ് പൂജയെ വെള്ളിത്തിരയിൽ കാണാനുണ്ടായിരുന്നത്. മറ്റു പല മേഖലകളിലും കരിയർ തുടങ്ങുന്ന പ്രായത്തിൽ, വെറും ഇരുപത്തിനാലാം വയസിൽ, പൂജ അഭിനയ ജീവിതത്തിന് അർധവിരാമമിട്ടു.
മറ്റാരുമല്ല, ഹിന്ദി സിനിമാ ലോകം തന്നെയാണ് അഭിനയം നിർത്താൻ തന്നെ നിർബന്ധിതയാക്കിയതെന്നാണ് പൂജ പറയുന്നത്.
''19 വയസിൽ ഞാൻ സൂപ്പർസ്റ്റാർ ആയി, പക്ഷേ, 24 വയസായപ്പോഴേക്ക് സിനിമാ ലോകം പറഞ്ഞു, ഇവളുടെ കാലം കഴിഞ്ഞു'', പൂജ കൂട്ടിച്ചേർത്തു.
മറ്റെല്ലായിടത്തും കരിയർ തുടങ്ങുന്ന പ്രായത്തിൽ, നിന്‍റെ കാലം കഴിഞ്ഞെന്നു പറഞ്ഞ് പാതാളക്കുഴിയിലേക്കു ചവിട്ടിത്താഴ്ത്തുന്ന ഒരേയൊരു ഇൻഡസ്ട്രി ബോളിവുഡ് ആയിരിക്കുമെന്നും പൂജ.
എന്നാൽ, സ്ക്രീനിൽ നിന്നു വിടപറഞ്ഞെങ്കിലും ക്യാമറയ്ക്കു പിന്നിൽ പുതിയ വേഷത്തിലെത്തുകയായിരുന്നു പൂജ ഭട്ട് 'തമന്ന' എന്ന സിനിമയിലൂടെ. 25ാം വയസിൽ തന്നെ സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. തമ്മന്നയിലൂടെ ലഭിച്ച ദേശീയ പുരസ്കാരം തന്‍റെ ആത്മാഭിമാനമാണ് വീണ്ടെടുത്തു തന്നതെന്നും പൂജ അനുസ്മരിക്കുന്നു.