

ഒരു തലമുറയ്ക്ക് രാമൻ, പുതിയ രാമായണത്തിൽ അരുൺ ഗോവിൽ ദശരഥനായതിന് കാരണം
ശ്രീരാമൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന മുഖം അരുൺ ഗോവിലിന്‍റേതാണ്. ആ പേര് പലർക്കും ഓർമ കാണില്ല. പക്ഷേ ആ മുഖം ഓരോ ഇന്ത്യക്കാരുടേയും മനസിലുണ്ട്. ടിവി സീരിയലായ രാമായണിൽ രാമനായി എത്തിയാണ് അരുൺ ഗോവിൽ ശ്രദ്ധേയനാവുന്നത്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം രാമന്‍റെ അച്ഛനായ ദയരഥന്‍റെ വേഷത്തിൽ എത്തുകയാണ് അദ്ദേഹം. നിധീഷ് തിവാരിയുടെ രാമായണത്തിലാണ് അരുൺ ഗോവിൽ ദശരഥനായി വേഷമിടുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദശരഥ മഹാരാജാവിന്‍റെ പുതിയ പോസ്റ്ററാണ്.
അരുൺ ഗോവിലിന്‍റെ ദശരഥനാക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണം എന്തെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഒരു തലമുറയ്ക്ക് രാമനായ നടൻ ഇപ്പോൾ ഇതാ രാമന്‍റെ അച്ഛനാകുന്നു. വെറും നൊസ്റ്റാൾജിയയ്ക്ക് വേണ്ടിയല്ല ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നിർമാതാക്കൾ എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത് ബന്ധമുള്ള ഒരാൾ പറയുന്നത്.
"രാമനുമായി തലമുറകളായി ബന്ധപ്പെട്ടിരിക്കുന്ന ഒരു നടനുള്ളപ്പോൾ, അദ്ദേഹവുമായി വളരെ പെട്ടെന്ന് ഒരു വൈകാരിക ബന്ധമുണ്ടാകും. നൊസ്റ്റാൾജിയയുടെ പേരിൽ അല്ല ദശരഥനായി അരുൺജി എത്തണമെന്ന് തോന്നിച്ചത്. വ്യത്യസ്തമായ ഒരു കഥാപാത്രമായി അദ്ദേഹം രാമായണ കഥയിലേക്ക് തിരിച്ചെത്തുന്നത് ആരാധകർക്ക് ഇഷ്ടപ്പെടുമെന്ന് അണിയറ പ്രവർത്തകർക്ക് തോന്നി. രാമന്റെ പിതാവായി അദ്ദേഹത്തെ തിരികെ എത്തിച്ചത് വളരെ സാധാരണമായിട്ടാണ്. ഒരു തലമുറയ്ക്ക് മുഴുവൻ രാമനായ ഒരു നടനെ രാമന്‍റെ പിതാവായി കൊണ്ടുവരുന്നത് മനോഹരമായ നിമിഷമാണ്."
രൺവീർ കപൂർ രാമന്‍റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സീതയായി വേഷമിടുന്നത് സായി പല്ലവിയാണ്. യഷാണ് രാവണനായി എത്തുന്നത്. 2026 ദീപാവലി റിലീസായാണ് രാമായണത്തിന്‍റെ ആദ്യ ഭാഗം തിയെറ്ററിലെത്തുക. 2027ൽ ദിപാവലി റിലീസായി രണ്ടാം ഭാഗവും റിലീസ് ചെയ്യും.