
#ശരത് ഉമയനെല്ലൂർ
ബംഗളൂരുവിൽ നിന്നെത്തുന്ന മൂന്ന് യുവാക്കൾ വനമേഖലയോട് ചേർന്നു നിൽക്കുന്ന ഗ്രാമത്തിലെത്തുന്നു. അവിടെനിന്നും മൂന്ന് പേരെ പരിചയപ്പെടുകയും പിന്നീട് നിഗൂഢതകൾ ഒളിപ്പിച്ച, വനത്തിനുള്ളിലെ സായിപ്പിന്റെ ഗുഹ തേടിപ്പോകുന്നു. അങ്ങനെ ഇവര്‍ ആറു പേരും കൂടെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതില്‍ ഒരാള്‍ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു.
ഇവരുടെ സാഹസികയാത്രയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും രസച്ചരട് മുറിയാതെ പ്രേക്ഷകനോട് പങ്കുവയ്ക്കുന്ന ത്രില്ലർ... അതാണ് "വിത്ത് ഇൻ സെക്കന്റ്സ് '. ആദ്യവസാനം വരെ കാഴ്ചക്കാരനെ ത്രസിപ്പിക്കുന്ന രംഗങ്ങളിലൂടെ സിനിമ ഒഴുകിപ്പടരുന്നു. അടക്കമുള്ള തിരക്കഥയും കാടിന്റെ മനോഹാരിതയും വന്യതയും ഒട്ടും ചോരാതെ തന്നെ സിനിമയെടുക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് ചിത്രീകരിച്ച് രണ്ടു വർഷം കഴിഞ്ഞ് സിനിമ പൂർത്തിയാക്കി പ്രേക്ഷകർക്കു മുന്നിലെത്തിച്ച അണിയറ പ്രവർത്തകർ വിവാദങ്ങളിൽ ചെന്നുപെട്ടെങ്കിലും സിനിമയെ അത് ഒട്ടും ബാധിച്ചില്ലെന്നതാണു തിയെറ്ററുകളിൽ നിന്നും കിട്ടുന്ന പ്രതികരണങ്ങളിലൂടെ വെളിവാകുന്നത്.
ആദ്യസിനിമ ജനശ്രദ്ധ പിടിച്ചു പറ്റിയതിന്റെ സന്തോഷത്തിലാണു സംവിധായകൻ വിജേഷ് പി. വിജയൻ. സംവിധായകനും ബംഗളൂരുവിൽ നിന്നെത്തുന്ന യുവാക്കളെ അവതരിപ്പിച്ച സാന്റിയോ, ബാജിയോ, സെബിൻ എന്നിവർ മെട്രൊ വാർത്തയോട് മനസ് തുറക്കുന്നു.
സംവിധായകന്റെ സ്വന്തം നാടായ കൊല്ലം ചണ്ണാപ്പേട്ട എന്ന കിഴക്കൻ മലയോര വനമേഖലയിലാണു സിനിമ പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. മൂവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ.
കൊവിഡും പിന്നീടു വന്ന മഴയും ചിത്രീകരണത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയെന്ന് സംവിധായകൻ വിജേഷ് പി. വിജയൻ പറയുന്നു. മൂന്ന് വർഷം സിനിമ പെട്ടിയിലിരുന്നു. പിന്നീട് എഡിറ്റിങ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി ബാക്കി കുറേ ഭാഗങ്ങൾ കൂടി ചേർത്താണ് സിനിമ തിയെറ്ററുകളിലെത്തിച്ചത്. സിനിമ കാണാതെയുള്ള റിവ്യു പരാമർശം വേദനിപ്പിച്ചു. ഒരുപാടു പേരുടെ അധ്വാനവും കാത്തിരിപ്പുമാണ് ഈ സിനിമ. നിരവധി പരസ്യ ചിത്രങ്ങൾക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുമായാണ് സിനിമ ചെയ്യാനിറങ്ങിയത്. സഹോദരൻ വിനയന് പി. വിജയന്, ഡോ. സംഗീത് ധര്മ്മരാജന് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ പൂർത്തിയായപ്പോൾ തന്നെ നടൻ ഇന്ദ്രൻസിനെയും മറ്റു താരങ്ങളെയും സമീപിച്ചിരുന്നു. കേട്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സിനിമയുമായി മുന്നോട്ട് പോയത്. സിനിമ ഒരു പാഷനായാണ് കൊണ്ടു നടക്കുന്നത്. റിലീസ് ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളൊന്നും സിനിമയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു തിയെറ്ററുകളിൽ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് , സഹതാരങ്ങളായ അലന്‍സിയര്‍, സുധീര്‍ കരമന, സാന്ഡിനോ മോഹന്‍, ബാജിയോ ജോര്‍ജ്, സെബിന്, സിദ്ധിക്ക്, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഗത, ഡോ. സംഗീത് ധര്മ്മരാജന്, നാരായണന്‍കുട്ടി, ദീപു, ശംഭു, മുരുകേശന്, ജയന്, ജെ.പി. മണക്കാട്, സരയു മോഹന്‍, സീമ ജി. നായര്‍ തുടങ്ങിവരുൾപ്പെടയുള്ള നടീനടൻമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോരുത്തരും അവരരവരുടെ കഥാപാത്രങ്ങൾ കൈയടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ചു പ്രേക്ഷക ശ്രദ്ധനേടി. അടുത്ത സിനിമയ്ക്കുള്ള ത്രഡ് ഏതാണ്ടൊക്കെ മനസിലുണ്ടെങ്കിലും വിത്തിൻ സെക്കന്റ്സിന്റെ വിജയാരവം കഴിഞ്ഞിട്ടേ അതിനുള്ള വർക്ക് തുടങ്ങൂവെന്നും വിജേഷ് പി. വിജയൻ പറയുന്നു.
മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ സാന്റിയോ മികച്ച ഡാൻസറാണ്. ആദ്യമായാണ് സിനിമയിൽ അഭിനയിക്കുന്നത്. സെബിൻ അങ്കമാലി സ്വദേശിയാണ്. ഇത് മൂന്നാമത്തെ സിനിമയാണ്. ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനാണെങ്കിലും സിനിമ പാഷനായി കൊണ്ടു നടക്കുന്നു. ഇരിങ്ങാലക്കുട സ്വദേശി ബാജിയോ നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. ബാജിയോക്കും സിനിമയിൽ ഇതേ പോലെയുള്ള മികച്ച വേഷങ്ങളിൽ തുടരാനാണ് ആഗ്രഹം. ഇവർ മൂവരും സിനിമയിൽ ബംഗളൂരുവിൽ നിന്നെത്തുന്ന അടിച്ചുപൊളി പയ്യൻമാരായാണ് വേഷമിട്ടത്. സിനിമയിൽ വില്ലത്തരം കാണിച്ചെങ്കിലും ജീവിതത്തിൽ തങ്ങൾ പാവങ്ങളാണെന്നു തുറന്നു പറയുന്നു.
അനു നായര്‍, നീനക്കുറുപ്പ്, വര്‍ഷ, അനീഷ, ഡോ. അഞ്ചു സംഗീത്, മാസ്റ്റര്‍ അര്ജുന് സംഗീത്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ അര്ജുന് അനില്‍ എന്നിവരും സിനിമയിൽ വിവിധ കഥാപാത്രങ്ങളായി രംഗത്തുണ്ട്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകരുന്നു. ബോള്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറിലാണു നിർമാണം. ഛായാഗ്രഹണം- രജീഷ് രാമന്, എഡിറ്റിംഗ്- അയൂബ് ഖാന്, സംഗീതം- രഞ്ജിന് രാജ്, കലാസംവിധാനം- നാഥന് മണ്ണൂര്‍,മേക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജെ.പി. മണക്കാട്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- മഹേഷ്, വിഷ്ണു; സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ. അഞ്ജു സംഗീത് തുടങ്ങിയവർ തുടങ്ങിയവരാണ് സിനിമയുടെ അണിയറയിൽ.