ബോക്സ് ഓഫിസിൽ തരംഗമായി 'ജയിലർ 2'; ആദ്യ വാരാന്ത്യത്തിൽ 300 കോടി കടന്ന് രജനികാന്ത് ചിത്രം

ആദ്യദിനം 125.25 കോടിയും തുടർന്നുളള ദിവസങ്ങളിൽ യഥാക്രമം 85.4 കോടിയും 110.35 കോടിയുമാണ് ചിത്രം നേടിയത്. ഇന്ത്യയിലെ മാത്രം ആകെ ഗ്രോസ് കളക്ഷൻ 169 കോടി രൂപയിലെത്തി.
Jailor 2 first weekend collection

രജനികാന്ത് - ജയിലർ 2

Updated on: 

ന്യൂഡൽഹി: തമിഴ് സൂപ്പർതാരം രജനികാന്ത് പ്രധാന വേഷത്തിലെത്തിയ 'ജയിലർ 2' ആഗോള ബോക്സ് ഓഫിസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 321 കോടി രൂപ കളക്ഷൻ നേടിയതായി നിർമാതാക്കൾ അറിയിച്ചു.

2023-ൽ പുറത്തിറങ്ങിയ വൻ ഹിറ്റ് ചിത്രം 'ജയിലർ'ന്‍റെ രണ്ടാം ഭാഗമായ ഈ ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. നെൽസൺ ദിലീപ്കുമാർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ട്രേഡ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽകിന്‍റെ (Sacnilk) കണക്കുകൾ പ്രകാരം ആദ്യദിനം 125.25 കോടിയും തുടർന്നുളള ദിവസങ്ങളിൽ യഥാക്രമം 85.4 കോടിയും 110.35 കോടിയുമാണ് ചിത്രം നേടിയത്. ഇന്ത്യയിലെ മാത്രം ആകെ ഗ്രോസ് കളക്ഷൻ 169 കോടി രൂപയിലെത്തി.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സാധാരണ ജീവിതം നയിക്കുന്ന മുൻ ജയിൽ ഓഫിസറായ ടൈഗർ മുത്തുവേൽ പാണ്ഡ്യന്‍റെ കഥ പറഞ്ഞ ജയിലറിന്‍റെ തുടർച്ചയിൽ, തന്‍റെ കുടുംബത്തെ സംരക്ഷിക്കാനും ആഗോളതലത്തിൽ വളർന്ന പുതിയ അധോലോക സാമ്രാജ്യത്തെ നേരിടാനും മുത്തുവേൽ പാണ്ഡ്യൻ രംഗത്തിറങ്ങുന്നതാണ് ഇതിവൃത്തം.

രജനികാന്തിനൊപ്പം വിദ്യ ബാലൻ, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, ഹക്കിം ഷാജഹാൻ, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ ഭാഗത്തെ അതിഥി താരങ്ങളായിരുന്ന മോഹൻലാൽ, ശിവരാജ് കുമാർ, ജാക്ക് ഷ്റഫ് എന്നിവരെ കൂടാതെ ചില സർപ്രൈസ് കാമിയോകളും ഇത്തവണ ചിത്രത്തിന് കൂടുതൽ ആവേശം പകരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com