

ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദാൽ തടാകത്തിൽ സ്ഥാപിച്ച ഫ്ളോട്ടിങ് സ്ക്രീൻ.
വി.കെ. സഞ്ജു
''മമ്മൂട്ടി ഫാൻ ഹേ യേ... ബഹുത് ബഡാ ഫാൻ....''
ഞങ്ങൾ കയറിയ ശിക്കാരയോടു ചേർന്ന് തുഴഞ്ഞു പോകുന്ന ഹുസൈനെ ചൂണ്ടി ഞങ്ങളുടെ വള്ളക്കരാൻ ആമിർ പറഞ്ഞു. എന്‍റെ സഹയാത്രികൻ ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി എയർപോർട്ടിൽ വച്ച് മമ്മൂട്ടിക്കൊപ്പം എടുത്ത സെൽഫി കാണിച്ചുകൊടുത്തപ്പോൾ ഹുസൈന്‍റെ മുഖത്ത് അസൂയ കലർന്ന ആവേശം. മമ്മൂട്ടിയെ മാത്രമല്ല ദുൽക്കർ സൽമാനെയും പൃഥ്വിരാജിനെയുമൊക്കെ ഇഷ്ടമാണത്രെ മൂപ്പർക്ക്. ഡബ്ബ് ചെയ്തു കിട്ടുന്ന സിനിമകളാണ് കാണുന്നത്.
ദാൽ തടാകത്തിലെ ഫ്ളോട്ടിങ് മാർക്കറ്റിലേക്കു തിരിയുന്ന ചാലുകൾക്കൊപ്പം ഞങ്ങളുടെ വർത്തമാനങ്ങൾ ജമ്മു കശ്മീരിലെ സിനിമയുടെ വഴികളിലേക്കും തിരിഞ്ഞു. ഇക്കഴിഞ്ഞ ദിവസം തടാകത്തിൽ സ്ഥാപിച്ച നാല് ഫ്ളോട്ടിങ് സ്ക്രീനുകളിൽ ബോളിവുഡ് ക്ലാസിക്കുകൾ പ്രദർശിപ്പിച്ചിരുന്നുവെന്ന് ആമിർ പറഞ്ഞു. തടാകക്കരയിലും ശിക്കാര വള്ളങ്ങളിലും ഇരുന്ന് സന്ദർശകർ സിനിമ കണ്ടപ്പോൾ ദാൽ തടാകം വലിയൊരു ഓപ്പൺ എയർ തിയെറ്ററായി മാറുകയായിരുന്നു. കശ്മീരിന്‍റെ സൗന്ദര്യം ഒപ്പിയെടുത്ത ജംഗ്‌ലീ, കഭി കഭി, കശ്മീർ കി കലി, ആർസൂ തുടങ്ങിയ സിനിമകൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, കശ്മീർ ഇല്ലാത്ത ഇന്ത്യൻ സിനിമാ ഭൂപടം എത്ര ശുഷ്കമായിരുന്നു എന്നു പ്രേക്ഷകർ ഓർത്തിട്ടുണ്ടാവും.
ചരിത്രത്തിലാദ്യമായി ജമ്മു കശ്മീർ ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഭാഗമായിരുന്നു ഈ ഫ്ളോട്ടിങ് സ്ക്രീൻ വിസ്മയം. ജമ്മുവും ശ്രീനഗറും ഗുൽമാർഗും അടക്കമുള്ള സ്ഥലങ്ങളിലായി 40 രാജ്യങ്ങളിൽ നിന്നുള്ള 135 സിനിമകൾ നാല് ദിവസം കൊണ്ട് പ്രദർശിപ്പിച്ചു. മുപ്പത് വർഷമായി തിയെറ്ററുകൾ അടഞ്ഞു കിടന്ന കശ്മീർ താഴ്‌വരയാണ് പൊടുന്നനെ ആഗോള സിനിമയുടെ അതിവിശാലതയിലേക്ക് കൺ മിഴിച്ചത്.
വിളക്ക് തെളിയാത്ത തിയെറ്ററുകൾ
ശ്രീനഗറിലെ പഴയ റീഗൽ തിയെറ്റർ.
ഒരു കാലത്ത് കശ്മീരിന്‍റെ സാംസ്കാരിക ജീവിതത്തിന്‍റെ ഭാഗമായിരുന്ന സിനിമയ്ക്കു മേൽ 1989-ലാണ് കരിനിഴൽ വീണത്. തീവ്രവാദ സംഘടനകളുടെ കർശനമായ വിലക്കിനെത്തുടർന്ന് താഴ്‌വരയിലെ 15-ലധികം തിയേറ്ററുകൾ ഒറ്റരാത്രികൊണ്ട് പൂട്ടേണ്ടി വന്നു. പല്ലാഡിയം, റീഗൽ, ഷിറാസ് തുടങ്ങിയ പ്രമുഖ തിയേറ്ററുകൾ പിൽക്കാലത്ത് സുരക്ഷാ ക്യാംപുകളോ ഷോപ്പിങ് കോംപ്ലക്സുകളോ ആശുപത്രികളോ ഒക്കെയായി മാറിയെന്ന് ഹുസൈൻ പറഞ്ഞു. മുതിർന്നവർ പറഞ്ഞുകേട്ട അറിവ് മാത്രമാണ് ഈ തിയെറ്ററുകളെക്കുറിച്ച് ഹുസൈനുള്ളത്.
1999-ൽ റീഗൽ, നീലം, ബ്രോഡ്‌വേ തിയേറ്ററുകൾ തുറന്ന് സിനിമയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും, ആദ്യ ദിനം തന്നെ റീഗൽ തിയേറ്ററിന് മുന്നിലുണ്ടായ മാരകമായ ഗ്രനേഡ് സ്ഫോടനം ആ ശ്രമങ്ങളെ പൂർണമായി തകർത്തു കളഞ്ഞു. അതിനുശേഷം 20 വർഷത്തിലധികം കാശ്മീരിലെ ഒരു തലമുറയ്ക്ക് ബിഗ് സ്ക്രീനിൽ സിനിമ കാണാനുള്ള ഭാഗ്യമുണ്ടായില്ല. എന്നാൽ, ജമ്മു മേഖലയിൽ ഈ പ്രതിസന്ധി ഉണ്ടായിരുന്നില്ല; അവിടെ തിയേറ്ററുകൾ സജീവമായി തുടർന്നു.
സിനിമയുടെ തിരിച്ചുവരവ്
ഐനോക്സ് മൾട്ടിപ്ലക്സ്, ശ്രീനഗർ.
2022 സെപ്റ്റംബറിലാണ് ശ്രീനഗറിൽ ഐനോക്സ് (INOX) മൾട്ടിപ്ലക്സ് തുറന്നുകൊണ്ട് താഴ്‌വരയിൽ സിനിമയുടെ ഔദ്യോഗികമായ മടങ്ങിവരവ് സാധ്യമായത്. ഇതിനു പിന്നാലെ കശ്മീരിലെ എല്ലാ ജില്ലകളിലും 100 സീറ്റുകൾ വീതമുള്ള മൾട്ടിപർപ്പസ് സിനിമാ ഹാളുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും വേഗത്തിൽ പുരോഗമിക്കുകയാണ്.
പൂട്ടിയിട്ട തിയേറ്ററുകളുടെ കറുത്ത ഓർമകളിൽ നിന്ന് ദാൽ തടാകത്തിലെ ഓപ്പൺ എയർ ഫ്ലോട്ടിങ് തിയേറ്ററുകളിലേക്കുള്ള കാശ്മീരിന്‍റെ ഈ സിനിമാ പ്രയാണം താഴ്‌വരയിൽ വീണ്ടെടുക്കപ്പെടുന്ന സമാധാനത്തിന്‍റെയും സർഗാത്മകതയുടെയും കൂടി തെളിവായി മാറുകയാണ്.