

ഗീതു മോഹൻദാസ്, രാം ഗോപാൽ വർമ
സിനിമകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്. യാഷിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരുന്നു. പിന്നാലെ ടീസർ അശ്ലീലമാണ് എന്നതരത്തിൽ വൻ വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ ഗീതു മോഹൻദാസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ. ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകൻ പോലും കാണിച്ചിട്ടില്ലെന്നാണ് അദ്ദേഹം കുറിച്ചത്.
‘‘യാഷ് അഭിനയിക്കുന്ന ‘ടോക്സിക്കി’ന്റെ ട്രെയിലർ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിന്‍റെ ഏറ്റവും വലിയ പ്രതീകം. ഈ സ്ത്രീയുടെ അത്രയും ചങ്കൂറ്റമുള്ള ഒരു പുരുഷ സംവിധായകൻ പോലുമില്ല. ഇത് ചിത്രീകരിച്ചത് അവരാണെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.’’- രാം ഗോപാൽ വർമ കുറിച്ചു.
ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് ടോക്സിക്കിന്‍റെ ടീസർ പുറത്തുവിട്ടത്. യാഷിന്റെ കഥാപാത്രത്തിന്റെ മാസ് ഇൻട്രൊയാണ് ടീസറിലുള്ളത്. ആക്ഷനും ഹോട്ട് ദൃശ്യങ്ങളും സമാസമം ചേർത്തൊരുക്കിയ ടീസരിലെ ദൃശ്യങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. രാജീവ് രവി ആണ് ഛായാഗ്രഹണം.