

ഉത്ര കൊലപാതകം സിനിമയാവുന്നു: നായികയായി ആത്മീയ, രാജകുമാരി പോസ്റ്റർ
കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകം സിനിമയാവുന്നു. രാജകുമാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആത്മീയയാണ്. നല്ല സിനിമ പ്രൊഡക്ഷൻ സ്പിന്‍റെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു.
കൊല്ലം അഞ്ചലിലെ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഉത്രയെ ഒഴിവാക്കാൻ സ്വന്തം ഭർത്താവ് തന്നെ പാമ്പിനെ ഉപയോഗിച്ച് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റുള്ള സാധാരണ മരണമായാണ് ആദ്യം കരുതിയത്. പൊലീസ് അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലാവുന്നത്. ഉത്ര കൊലപാതകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തേയാണ് ആത്മീയ അവതരിപ്പിക്കുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അഷ്നാ റഷീദ്. എഡിറ്റർ- അഖിൽ ദാസ്.. ഛായാഗ്രാഹകൻ - ശ്രീരാഗ് മാങ്ങാട്, ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം - ഡെൻസൺ ഡൊമിനിക്, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണി വെള്ളത്തൂവൽ, കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ, ഫിനാൻസ് കൺട്രോളർ - വിജയൻ ഉണ്ണി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂർ, ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.