അരിവാൾ രോഗത്തിന്‍റെ വേരറുക്കാൻ...

2047 ആകുമ്പോഴേക്ക് രാജ്യത്തു നിന്ന് അരിവാൾ രോഗംതുടച്ചു നീക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗം ശ്രദ്ധേയമാണ്; രോഗികളുടെ ക്ഷേമത്തിനായി 16,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്
അരിവാൾ രോഗത്തിന്‍റെ വേരറുക്കാൻ...

#റീന വർഗീസ് കണ്ണിമല

അരിവാൾ രോഗം- മൂർച്ചയേറിയ അരിവാൾ പോലെ ജീവിതത്തെ ചീന്തിയെടുക്കുന്ന ഈ രോഗം മലയാളിക്കു സുപരിചിതമല്ല. എന്നാൽ, വയനാട്-അട്ടപ്പാടി പ്രദേശങ്ങളിലെ ആദിവാസികൾക്ക് ഈ മാരകരോഗത്തിന്‍റെ കഷ്ടതകൾ ചിരപരിചിതമാണ്.

ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം, അഥവാ കോശ വിളർച്ച (Sickle-cell disease: SCD). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും വയനാടൻ ചെട്ടി സമുദായക്കാരിലും, കുറുമ, മൂപ്പൻ, കുറിച്യ വിഭാഗക്കാരിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

രോഗ ലക്ഷണങ്ങൾ

ശരീരത്തിലെ ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്ന രോഗാവസ്ഥയ്ക്കാണ് അരിവാൾ രോഗം (Sickle-cell anemia) എന്നു പറയുന്നത്. പാരമ്പര്യമായി ഈ രോഗഘടനയുള്ള വ്യക്തിക്ക് മഴയോ തണുപ്പോ ഏറ്റാൽ ശക്തമായ പനിയും അസഹ്യമായ വേദനയും ഉണ്ടാകുന്നു. നല്ല ആരോഗ്യവും കായികശേഷിയും പൊതുവേ തോന്നിക്കുന്നവർ പോലും ഈ രോഗം പ്രകടമായാൽ പെട്ടെന്ന് മരണപ്പെടുന്നു. ഇവർക്ക് ഗുരുതരമായ മറ്റു പല രോഗങ്ങളും ബാധിച്ച് അകാല മരണമുണ്ടാകാറുണ്ട്. ഇവർക്ക് സ്ഥിരമായുള്ള വേദനാസംഹാരികളുടെ ഉപയോഗം മൂലം പിന്നീട് അവയുടെ ഫലം കിട്ടാതെ വരുകയും രോഗിയുടെ അന്ത്യനാളുകളിൽ തീവ്രവേദനയോടു കൂടി മരണം സംഭവിക്കുകയും ചെയ്യുന്നു.

രോഗ നിർണയം

രോഗനിർണയം നടത്തുന്നതിനുള്ള സൗകര്യം കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ്, മാനന്തവാടിയിലുള്ള വയനാട് ജില്ലാ ആശുപത്രി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണുള്ളത്. മലമ്പനിയെ ചെറുക്കാൻ, മലമ്പനി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളാണ് അരിവാൾ രോഗത്തിനു കാരണമാകുന്നതെന്നാണ് നിഗമനം.

ചികിത്സ

അരിവാൾ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല. ഫോളിക്ക് ആസിഡ് വൈറ്റമിനാണ് രോഗത്തിന്‍റെ തീവ്രത കുറയ്ക്കാൻ നൽകാറ്. കുട്ടികളിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സാരീതി ശൈശവഘട്ടത്തിലാണ്. ജീൻ തെറാപ്പികൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്.

''അരിവാൾ രോഗം മുൻപൊക്കെ കുട്ടിക്കാലത്തു തന്നെ മരണമുണ്ടാക്കുന്ന മാരകരോഗമായിരുന്നു. അന്ന് അതുകൊണ്ടു തന്നെ ഹോമോസൈഗോട്ടുകൾ സമൂഹത്തിൽ കുറവുമായിരുന്നു. എന്നാൽ, വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിക്കനുസരിച്ച് ഈ സ്ഥിതി മാറി. രോഗം നിയന്ത്രിക്കാൻ ഹൈഡ്രോക്സിയൂറിയ എന്ന മരുന്ന് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തി. ഇന്ന് കഴിവതും ഈ മരുന്ന് എല്ലാവർക്കും നൽകുക എന്നതാണ് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധാഭിപ്രായം.

കേരളത്തിൽ ഇന്നുള്ള ആയിരത്തി ഇരുനൂറോളം അരിവാൾ രോഗികൾക്ക് ഹൈഡ്രോക്സിയൂറിയ അടക്കമുള്ള ചികിത്സയും പോഷാകാഹാര സപ്ലിമെന്‍റുകളും മാസം 2500 രൂപ സ്റ്റൈപ്പന്‍റും നൽകിവരുന്നു.

ഡോ. കെ.പി. അരവിന്ദൻ

1990 കളിൽ ഈ ഔഷധം ഉപയോഗിക്കാൻ തുടങ്ങിയ ശേഷം ഗണ്യമായ രീതിയിൽ രോഗലക്ഷണങ്ങളും മരണവും കുറയുകയുണ്ടായി. ഇന്ന് അരിവാൾ രോഗം മറ്റു പല രോഗങ്ങളെ പോലെ ചികിത്സിച്ച് നിയന്ത്രിതമാക്കി നിർത്താൻ കഴിയും. കുട്ടിക്കാലത്ത് വരുന്ന ടൈപ്പ് 1 ഡയബെറ്റിസ് രോഗികൾ ഇൻസുലിൻ കണ്ടുപിടിക്കുന്നതിനു മുൻപ് വളരെ നേരത്തെ മരിച്ചിരുന്നു. ഇപ്പോൾ മിക്കവരും ദീർഘകാലം ജീവിക്കുന്നു. സമാനമായ സ്ഥിതി തന്നെയാണ് അരിവാൾ രോഗികളിലുമുള്ളത്. കേരളത്തിൽ ഇന്നുള്ള ആയിരത്തി ഇരുനൂറോളം അരിവാൾ രോഗികൾക്ക് ഹൈഡ്രോക്സിയൂറിയ അടക്കമുള്ള ചികിത്സയും പോഷാകാഹാര സപ്ലിമെന്‍റുകളും മാസം 2500 രൂപ സ്റ്റൈപ്പന്‍റും നൽകിവരുന്നു. ഇന്ന് അധികം പേർക്കും അറുപതു വയസോ അതിൽ അധികമോ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു'', കോഴിക്കോട് ഗവ.മെഡിക്കൽ കോളെജ് പത്തോളജിസ്റ്റും പ്രൊഫസറുമായിരുന്ന ഡോ. കെ.പി.അരവിന്ദൻ പറയുന്നു.

കേന്ദ്ര സർക്കാർ ഇടപെടൽ

ഈ സാഹചര്യത്തിൽ 2047 ആകുമ്പോഴേക്ക് രാജ്യത്തു നിന്നു തന്നെ അരിവാൾ രോഗംതുടച്ചു നീക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗം ഏറെ ശ്രദ്ധേയമാണ്. അരിവാൾ രോഗികളുടെ ക്ഷേമത്തിനായി 16,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത് എന്ന് വെള്ളിയാഴ്ച അഗളിയിൽ പ്രസ്താവിച്ചത് കേന്ദ്രമന്ത്രി അർജുൻ മുണ്ടയാണ്. ഇതിന്‍റെ ഭാഗമായി അഗളിയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങിയ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയുടെ രണ്ടാം നിലയുടെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര മന്ത്രി, ഈ തുക രാജ്യത്തെ ഏഴുകോടിയോളം വരുന്ന രോഗികൾക്ക് ഉപകാരപ്രദമാകുമെന്നും പറഞ്ഞു.

കേന്ദ്രമന്ത്രി അർജുൻ മുണ്ട, അഗളിയിൽ പ്രവർത്തനം തുടങ്ങിയ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയുടെ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നു.
കേന്ദ്രമന്ത്രി അർജുൻ മുണ്ട, അഗളിയിൽ പ്രവർത്തനം തുടങ്ങിയ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയുടെ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നു.

ഇതിനെല്ലാം പുറമേ,പ്രത്യേക പരിരക്ഷ അർഹിക്കുന്ന വനവാസി പ്രാക്തന ഗോത്ര വർഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 12,500 കോടി വേറെയും നീക്കി വച്ചിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ ശിശുമരണം പ്രത്യേക പഠനവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നോളമില്ലാത്ത പ്രതീക്ഷയാണ് അരിവാൾ രോഗംമൂലം കഷ്ടപ്പെടുന്ന സാധുക്കൾക്ക് കേന്ദ്രത്തിന്‍റെ ഈ സുപ്രധാന നടപടി വഴി ഉണ്ടായിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com