
#ഡോ. തൂലിക സേത്ത്
രാജ്യത്ത് അരിവാള്‍ രോഗം (Sickle cell disease) ബാധിച്ചവര്‍ക്കു പ്രത്യാശയേകുന്നതാണ് ഇക്കൊല്ലത്തെ ബജറ്റ്. രോഗത്തെക്കുറിച്ചുള്ള അവബോധത്തിനും രോഗനിര്‍ണയത്തിനുമുള്ള നിര്‍ദിഷ്ട പദ്ധതി രോഗബാധിതര്‍ക്കു പ്രതീക്ഷ പകരുന്നു. ഇരുമ്പിന്റെ കുറവിനാലല്ല, മറിച്ച്, ജനിതകവ്യതിയാനത്താലുണ്ടാകുന്ന ഒരുതരം വിളര്‍ച്ചയാണ് അരിവാള്‍ രോഗം. സാധാരണ വൃത്താകൃതിയില്‍ കാണുന്ന ചുവന്ന രക്താണുക്കള്‍, ഈ രക്തവൈകല്യത്തില്, സമ്മര്‍ദ സമയത്ത് "അരിവാള്‍' രൂപത്തില്‍ വികലമാകുന്നു. ഈ മാറ്റം ചുവന്ന രക്താണുക്കളെ ദൃഢമാക്കുകയും ചെറിയ രക്തക്കുഴലുകളെ തടയുന്നതിലേക്കു നയിക്കുകയും കഠിനമായ വേദനപോലുള്ള പ്രതിസന്ധികള്‍ക്കു കാരണമാകുകയും ചെയ്യുന്നു. രക്തകോശങ്ങള്‍ ദുര്‍ബലമാകുകയും എളുപ്പത്തില്‍ തകരുകയും ചെയ്യുന്നു. ഇതു വിളര്‍ച്ചയ്ക്കും, തകര്‍ന്ന രക്താണുക്കളില്‍ നിന്നുള്ള സ്വതന്ത്ര ഹീമോഗ്ലോബിന്‍ കാരണം, കോശജ്വലന അവസ്ഥയ്ക്കും കാരണമാകുന്നു.
ഈ ഘടകങ്ങളെല്ലാം അരിവാള്‍ രോഗികളില്‍ കാണപ്പെടുന്ന സ്ട്രോക്കുപോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. ഇതു ചിലപ്പോള്‍ ചെറിയ കുട്ടികളില്‍പോലും സംഭവിക്കാം. അരിവാള്‍ കോശമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയ്ക്കിടെ കഠിന വേദന സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അനുഭവപ്പെടാം. ഇത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരീക്ഷകള്ക്കിടയിലോ സമ്മര്‍ദമേറ്റുന്ന സന്ദര്‍ഭങ്ങളിലോ ഉണ്ടാകാം. കഠിന വേദനയുളവാക്കുന്ന ഈ ആക്രമണങ്ങള്‍ രോഗത്തിന്റെ മുഖമുദ്രയാണ്. രക്തക്കുഴലുകളുടെ തടസം കാരണമാണ് ഇത്തരത്തില്‍ കഠിന വേദന അനുഭവപ്പെടുന്നത്. അരിവാള്‍ രോഗികളില്‍ കാണുന്ന വൈകല്യത്തിന് ഇതു കാരണമാകുന്നു. അരിവാള്‍ രോഗമുള്ളവരില്‍ അണുബാധകളേല്ക്കാനുള്ള സാധ്യതയും കൂടുതലാണ്.
അരിവാള്‍ രോഗബാധിതരില്‍ അധികവും ഗിരിവര്‍ഗക്കാരോ വിദൂരമേഖലകളില്‍ താമസിക്കുന്നവരോ ആണ്. അവര്‍ രോഗനിര്‍ണയം നടത്താതെയും ചികിത്സ ലഭിക്കാതെയും തുടരുന്നു. ഗോത്രവര്‍ഗക്കാരല്ലാത്ത സമൂഹത്തെപോലും ഒരുപരിധിവരെ ഇതു ബാധിക്കുന്നു. ഹീമോഗ്ലോബിനോപ്പതിക്കായുള്ള എന്‍എച്ച്എം പരിപാടികളിലൂടെ രോഗികളുടെ അവസ്ഥ ക്രമാനുഗതമായി മെച്ചപ്പെടുകയാണ്. അവബോധം വര്‍ധിച്ചതും, ഗിരിവര്‍ഗകാര്യ- ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങള്‍ സ്വീകരിച്ച സുപ്രധാന നടപടികളും കാരണം സ്ഥിതിഗതികള്‍ ഇപ്പോള്‍ അതിവേഗം മെച്ചപ്പെടുന്നു. ഈ പ്രശ്നത്തെ നേരിടാനുള്ള ഭരണത്തിന്റെ സംയോജനം ഹൃദയസ്പര്‍ശിയാണ്. അരിവാള്‍ രോഗബാധിതരെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പരിരക്ഷാദാതാക്കള്ക്കും ഇത് ഉത്തേജനമേകുന്നു.
കാലേക്കൂട്ടിയുള്ള രോഗനിര്‍ണയം ഫലപ്രദമായ ചികിത്സ ആരംഭിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷാദാതാക്കള്ക്കും കൃത്യമായ രോഗനിര്‍ണയത്തിന്റെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബഹുമുഖ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണു കാലഘട്ടത്തിന്റെ ആവശ്യം. രോഗത്തിനു മാറ്റംവരുത്തുന്ന, വായിലൂടെ നല്കുന്ന മരുന്നുകള്‍ ലഭ്യമാണ്. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന പ്രതിരോധ കുത്തിവയ്പുകളും ലഭ്യമാണ്. ഏതു കോണിലും ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. രക്ത ബാങ്കുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. വിവിധ തരത്തിലുള്ള ട്രാന്സ്ഫ്യൂഷനുകള്ക്കുള്ള പിന്തുണയ്ക്കായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. ഇതിനൊപ്പം മതിയായ പരിശീലനം നല്‍കുന്നതും ഫലപ്രദമാകും. ആവശ്യമുള്ള തരത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട വൈദ്യസഹായം നല്‍കുന്നതിന്, നമ്മുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ വ്യത്യസ്ത തലങ്ങളെല്ലാം മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വ്യക്തമായ ശുപാര്‍ശാ മാര്‍ഗനിര്‍ദേശങ്ങളുള്ള കേന്ദ്രീകൃത സംവിധാനം, മെച്ചപ്പെട്ട രോഗീപരിചരണം ഉറപ്പാക്കും. വേണ്ടിവരുന്ന ചികിത്സയ്ക്കായി മികച്ച കേന്ദ്രങ്ങളിലേക്കു സമയബന്ധിതമായി ശുപാര്‍ശ ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.
രോഗം തടയാന്‍ കഴിയുമോ എന്നതാണു പ്രധാന ചോദ്യം. അതെ എന്നാണുത്തരം. കൃത്യസമയത്തു രോഗനിര്‍ണയം നടത്തുകയും മുന്നോട്ടുള്ള ജീവിതത്തില്‍ എന്താണു വേണ്ടത് എന്നതിനെക്കുറിച്ചു ദമ്പതികള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്താല്‍ അരിവാള്‍ രോഗം എളുപ്പത്തില്‍ തടയാനാകും. അടിസ്ഥാനപരമായി, അരിവാള്‍ രോഗം ജനിതക അവസ്ഥയാണ്. മാതാപിതാക്കള്‍ രണ്ടും അരിവാള്‍ കോശവാഹകര് എന്നറിയപ്പെടുന്നുവെങ്കില്, അവര്‍ ആരോഗ്യമുള്ളവരാണെങ്കില്‍ പോലും, അരിവാള്‍ രോഗമുള്ള കുഞ്ഞു ജനിക്കാനുള്ള സാധ്യത 25 ശതമാനമാണ്. സമയബന്ധിതമായ നിര്‍ണയവും കൗണ്‍സിലിങ്ങും ദമ്പതികള്‍ക്ക് അപകടഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എന്തുവേണമെന്നു തീരുമാനിക്കാനുള്ള അവസരവും നല്‍കും. നിങ്ങള്‍ക്കു പ്രമേഹത്തിന്റെയോ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെയോ കുടുംബ ചരിത്രമുണ്ടോ എന്നറിയുന്നതു പോലെ, വ്യക്തിയുടെ വാഹക നിലയെക്കുറിച്ചുള്ള അവബോധം ചികിത്സാ വിവരങ്ങളുടെ സുപ്രധാന ഭാഗമാണ്. രക്ത പരിശോധനയിലൂടെ ഈ വിവരങ്ങള്‍ ലഭ്യമാകും.
രാജ്യത്തുടനീളം അരിവാള്‍ രോഗമെന്ന പ്രശ്നമുണ്ട്. 17 സംസ്ഥാനങ്ങളിലെ ജനസംഖ്യയെ വലിയ തോതില്‍ ഈ രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളുള്ള സംസ്ഥാനങ്ങളുമുണ്ട്. പരിശീലനം, മോളിക്യുലര്‍ ലാബുകള്‍, പരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്ന ദമ്പതികളുടെ പ്രസവപൂര്‍വ പരിശോധന എന്നിവയ്ക്കു പിന്തുണ നല്‍കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും മികവിന്റെ അധിക കേന്ദ്രങ്ങള്‍ നിര്‍ണായകമാകും. അരിവാള്‍ രോഗം ബാധിച്ചവര്‍ക്കു സങ്കീര്‍ണമായ മൂന്നാംഘട്ട പരിചരണത്തിന് ആവശ്യമായ വിദഗ്ധ വൈദ്യസഹായം നല്കുന്നതില് ന്യൂഡല്‍ഹി എയിംസിലെയും മറ്റ് എയിംസുകളിലെയും രക്തപഠനശാസ്ത്ര (Hematology) വിഭാഗത്തിനു പ്രധാന പങ്കു വഹിക്കാന്‍ കഴിയും. വിവിധ പരിശീലനങ്ങള്‍ക്കു പിന്തുണയേകുന്നതും സാധ്യമാകും.
അരിവാള്‍ രോഗത്തിന്റെ മേഖലയിലെ ദ്രുതഗതിയിലുള്ള കണ്ടുപിടിത്തങ്ങള്‍ നമ്മുടെ രോഗികളിലേക്ക് എത്തേണ്ടതുണ്ട്. ഇതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മാത്രമല്ല, ഗിരിവര്‍ഗകാര്യ മന്ത്രാലയത്തിന്റെയും മറ്റു മന്ത്രാലയങ്ങളുടെയും കൂട്ടായതും സമര്‍പ്പിതവുമായ പരിശ്രമം ആവശ്യമാണ്. ഗിരിവര്‍ഗ രോഗികളിലെ അരിവാള്‍ രോഗപരിചരണം ആരോഗ്യ തുല്യതയിലേക്കുള്ള സുപ്രധാനവും ഏറ്റവും ആവശ്യമുള്ളതുമായ ചുവടുവയ്പാണ്.
(ന്യൂഡല്‍ഹി എയിംസിലെ ഹെമറ്റോളജി വിഭാഗം പ്രൊഫസറാണ് ലേഖിക)