നിപ്മറിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കളിക്കളം

പുനരധിവാസ കേന്ദ്രത്തിലെ ആദ്യ അഡാപ്റ്റീവ് ഗെയിം സോൺ
നിപ്മറിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക കളിക്കളം

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക പരിശീലനത്തിനും തെറാപ്പികൾക്കുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) അഡാപ്റ്റീവ് ഗെയിം സോൺ തുടങ്ങി. കളിയുല്ലാസത്തിനൊപ്പം ചികിത്സാപരമായ ഗുണങ്ങൾ കൂടി ലഭിക്കത്തക്ക രീതിയിലാണ് ഗെയിം സോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൈകാലുകൾക്ക് ശേഷി കുറഞ്ഞവർക്കും ഓട്ടിസം, ഇതര നാഡീസംബന്ധമായ വളർച്ചാ പ്രശ്നം നേരിടുന്നവർ, നട്ടെല്ലിന് ക്ഷതം ഏറ്റവർ, പക്ഷാഘാതം വന്നവർ എന്നിങ്ങനെ നിപ്മറിൽ പുനരധിവാസ ചികിത്സ തേടുന്ന കുട്ടികളുടേയും മുതിർന്നവരുടേയും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നനും മാനസികോല്ലാസം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ സ്പോർട്സ് ആക്റ്റീവിറ്റി സോൺ സജ്ജമാക്കിയിരിക്കുന്നത്.

ഓരോ വിഭാഗം ഭിന്നശേഷിക്കാരുടെയും ശാരീരികാവസ്ഥ കണക്കിൽ എടുത്തുകൊണ്ടുള്ള കളിയുപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടേയും മുതിർന്ന വരുടേയും സന്ധിബോധംവികസിപ്പിക്കുകയും ശാരീരിക ക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉതകുന്ന ഗയിമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു പറഞ്ഞു.

വീൽ ചെയറിലിരുന്ന് കളിക്കാവുന്ന ടേബിൾ ടോപ് സിമുലേഷൻ ക്രിക്കറ്റ്, മൂന്നു പേർക്ക് കളിക്കാവുന്ന ഫുട്ബോൾ,ഉയരം ക്രമീകരിക്കാൻ കഴിയുന്ന ബാസ്കറ്റ് ബോൾ റിങ് എന്നിവയും സോണിൽ ഒരുക്കിയിട്ടുണ്ട്. പൂർണമായും ശീതീകരിച്ച ഗെയിം സോൺ 41.35 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഒരു പുനരധിവാസ ചികിത്സാ കേന്ദ്രത്തിൽ ആദ്യമായാണ് വിപുലമായ അടപ്റ്റഡ് ഗെയിം സോൺ സജ്ജീകരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com