നിങ്ങൾ സ്വന്തം മക്കളോട് സംസാരിച്ചിട്ടെത്ര നാളായി: ഈ പഠനം ശ്രദ്ധിക്കാം

മാതാപിതാക്കളോട് തുറന്നു സംസാരിച്ചാൽ പ്രശ്നത്തിനൊരു പരിഹാരമുണ്ടാകുമെന്ന ധാരണയാണു കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്
നിങ്ങൾ സ്വന്തം മക്കളോട് സംസാരിച്ചിട്ടെത്ര നാളായി: ഈ പഠനം ശ്രദ്ധിക്കാം

മുംബൈ : അടുത്തിടെ ഗ്രീൻ പെൻസിൽ ഫൗണ്ടേഷൻ എന്നൊരു സ്ഥാപനം മുംബൈ കല്യാണിലെ ഗവൺമെന്‍റ് സ്കൂളിലൊരു പഠനം നടത്തി, വിദ്യാർഥികളിലെ മാനസിക ആരോഗ്യത്തെക്കുറിച്ച്. അവർക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം നൽകുന്നത് എന്താണെന്നായിരുന്നു പ്രധാന ചോദ്യം. പഠനഭാരം തന്നെയാണ് പ്രധാനസമ്മർദ്ദം എന്നായിരുന്നു ഏറിയ പങ്ക് വിദ്യാർഥികളുടെയും മറുപടി. ഈ സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ അവർ തേടുന്ന വഴികളെക്കുറിച്ചും പഠനം വ്യക്തമാക്കുന്നുണ്ട്.

ഒറ്റയ്ക്കിരുന്നാൽ മതി, മാനസിക സമ്മർദ്ദം ആരോടും പങ്കുവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് 87 ശതമാനം വിദ്യാർഥികളും. മാതാപിതാക്കളുമായോ അധ്യാപകരുമായോ ഇത്തരം വിഷയങ്ങൾ പങ്കുവയ്ക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കളുമായുള്ള ആശയവിനിമയം അന്യമായിക്കൊണ്ടിരിക്കുകയാണെന്നു പഠനം വെളിപ്പെടുത്തുന്നു. സ്വന്തം കുട്ടികളോട് മനസ് തുറന്നു സംസാരിക്കാനുള്ള ഇടം മാതാപിതാക്കളും അധ്യാപകരും ഒരുക്കണം. മാതാപിതാക്കളോട് തുറന്നു സംസാരിച്ചാൽ പ്രശ്നത്തിനൊരു പരിഹാരമുണ്ടാകുമെന്ന ധാരണയാണു കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്,

ഇത്തരം പ്രശ്നങ്ങൾക്കു പോംവഴി കാണാൻ ഓൺലൈൻ പരിഹാരങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. 21 ശതമാനം വിദ്യാർഥികളുടെയും പ്രശ്ന പരിഹാര പ്ലാറ്റ്ഫോം ഇന്‍റർനെറ്റാണ്. വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങളിൽ ചെലവഴിക്കുന്ന സമയവും കൂടുതലാണ്. 35 ശതമാനം വിദ്യാർഥികളും രണ്ടു മുതൽ നാലു മണിക്കൂർ വരെ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു.

സൗഹാർദ്ദപരമായ അന്തരീക്ഷം വീടുകളിലും സ്കൂളുകളിലും ഒരുക്കിക്കൊടുക്കണമെന്നും പറയുന്നു സാമൂഹിക പ്രവർത്തകയായ രക്ഷിത മംഗളാനി. പരീക്ഷാസമയത്ത് കുട്ടികളിലെ സമ്മർദ്ദം കുറയ്ക്കാൻ അധ്യാപകരും മാതാപിതാക്കളും ശ്രമം നടത്തേണ്ടതുണ്ടെന്നും രക്ഷിത വ്യക്തമാക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com