

ഒന്നര മണിക്കൂർ ചികിത്സ, മുട്ടിന് ബാൻഡേജ് ഇട്ട് പറഞ്ഞുവിട്ടു, ബിൽ വന്നത് അഞ്ച് ലക്ഷത്തിന് മേലെ
വിദേശത്തേക്ക് കുടിയേറുന്നവർക്കെല്ലാം ഒരു കാര്യത്തിലാണ് പരാതി പറയാനുള്ളത്, ആരോഗ്യരംഗത്തേക്കുറിച്ച്. നാട്ടിലേതു പോലെ ആശുപത്രികളിൽ ചെന്ന് വേഗത്തിൽ ചികിത്സ തേടാൻ വിദേശത്ത് ആവില്ല എന്നതു തന്നെയാണ് പ്രശ്നം. മാത്രമല്ല ചികിത്സാ ചെലവും വളരെ കൂടുതലാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് യുഎസിൽ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യക്കാരന്‍റെ വിഡിയോ ആണ്. ചെറിയ പരുക്കിനെ തുടർ ചികിത്സ തേടിയ യുവാവിന് ബില്ല് വന്നത് അഞ്ച് ലക്ഷത്തിൽ അധികമാണ് എന്നാണ് വിഡിയോയിൽ പറയുന്നത്.
പാർഥ് വിജയ് എന്ന യുവാവാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മുട്ടിന് ചെറിയ പരുക്കേറ്റതിനെ തുടർന്ന് എമർജൻസി റൂം സന്ദർശിച്ച പാർഥിന് മെഡിക്കൽ ബിൽ വന്നത് അഞ്ച് ലക്ഷത്തിൽ അധികം രൂപയാണ് എന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്ക ജീവിക്കാൻ ഒരുപാട് പൈസ ആവശ്യമുള്ള സ്ഥലമാണെന്നാണ് പലരും പറയുന്നത്. ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് അമേരിക്ക എത്രത്തോളം ചെലവേറിയ സ്ഥലമാണെന്ന് ഞാൻ പറഞ്ഞുതരാം.- എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.
ഡിസംബർ 25ന് ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ന്യൂയോർക്കിൽ ഐസ് സ്കേറ്റിങ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്. ഐസ് സ്കേറ്റിങ് ചെയ്യുന്നതിനിടെ ആരോ മുട്ടിൽ ഇടിച്ചതിനെ തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ടു. ഫ്ട്രോക്ചർ സംഭവിച്ചെന്ന് കരുതിയാണ് ആശുപത്രിയിലെ എമർജൻസി റൂമിലേക്ക് പോകുന്നത്. ആംബുലൻസ് വിളിക്കുന്നത് വലിയ ചെലവായതിനാൽ ടാക്സിയിലാണ് ആശുപത്രിയിൽ പോയത്.
.5 മണിക്കൂർ നേരം മാത്രമാണ് ആശുപത്രിയിൽ ചെലവഴിച്ചത്. എക്സ് റേ ഇടുക്കുകയും മുട്ട് പരിശോധിക്കുകയും ചെയ്തു. മസിൽ ഇഞ്ചൊറിയാണ് സംഭവിച്ചതെന്ന് അറിഞ്ഞതോടെ ബാൻഡേജ് കെട്ടിത്തരികയും ചെയ്തു. മൂന്ന് ആഴ്ചയ്ക്ക് ശേഷം ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 1800 ഡോളർ (1.5 ലക്ഷം രൂപ) അടയ്ക്കണം എന്ന് പറഞ്ഞ് മെയിൽ വന്നു. പാർഥ് പണം അടച്ചത് കൂടാതെ 4000 - 4500 ഡോളർ (3.3 - 3.7 ലക്ഷം രൂപ) ഇൻഷുറൻസ് കമ്പനി നൽകി. ചെറിയ ചികിത്സയ്ക്കായി വേണ്ടിവന്ന ബിൽ 5800 - 6300 ഡോളറാണ് (4.8 - 5.2 ലക്ഷം രൂപ). ശമ്പളം കൂടുതലാണെങ്കിലും അതുപോലെ തന്നെ അമേരിക്കയിൽ ചെലവും കൂടുതലാണ് എന്നാണ് പാർഥ് പറയുന്നത്.