

ആസ്റ്റർ ഡിഎം ഫൗണ്ടേഷനും പീസ് വാലിയും ചേർന്ന് നൽകുന്ന ഓട്ടോ റിക്ഷയുടെ താക്കോൽ അസിസ്റ്റന്‍റ് കലക്റ്റർ പാർവതി ഗോപകുമാർ ഐഎഎസ് അനീഷിനു കൈമാറുന്നു.
കൊച്ചി: വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ട വൈപ്പിൻ മുരിക്കുംപാടം സ്വദേശി അനീഷിന് ജീവനോപാധിയായി ഭിന്നശേഷിക്കനുസൃതമായി മാറ്റങ്ങൾ വരുത്തിയ ഓട്ടോ റിക്ഷ നൽകി ആസ്റ്റർ ഡിഎം ഫൗണ്ടേഷനും പീസ് വാലിയും.
ജില്ലാ കലക്റ്ററേറ്റിൽ നടത്തിയ ചടങ്ങിൽ അസിസ്റ്റന്‍റ് കലക്റ്റർ പാർവതി ഗോപകുമാർ ഐഎഎസ് ഓട്ടോ റിക്ഷയുടെ താക്കോൽ അനീഷിനു കൈമാറി. ജില്ലാ സാമൂഹിക നീതി ഓഫിസർ ജോൺ ജോഷി, ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ എജിഎം ലത്തീഫ് കാസിം, പീസ് വാലി ഉപാധ്യക്ഷൻ രാജീവ് പള്ളുരുത്തി എന്നിവർ സന്നിഹിതരായിരുന്നു.
ഏഴ് വർഷം മുൻപ് സംഭവിച്ച വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അനീഷിന്‍റെ ജീവിതം വീൽ ചെയറിൽ ഒതുങ്ങി പോയിരുന്നു.
ഓട്ടോ റിക്ഷ ഓടിച്ചു സ്വന്തം കാലിൽ നിൽക്കാനുള്ള 32 വയസുകാരന്‍റെ ആഗ്രഹം പീസ് വാലി ഉപാധ്യക്ഷൻ രാജീവ് പള്ളുരുത്തിയാണ് ആസ്റ്റർ ഡി എം ഫൌണ്ടേഷന്‍റെ പരിഗണനയിൽ എത്തിച്ചത്. മികച്ച ഗായകൻ കൂടിയാണ് അനീഷ്.
ബ്രേക്ക് കൈ കൊണ്ട് പ്രവർത്തിപ്പിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റിയതും, വീൽ ചെയറിൽ നിന്ന് പരസഹായമില്ലാതെ കയറാൻ ഉതകുന്ന രീതിയിൽ പുഷ് ബാക്ക് സീറ്റ്, അധിക ഫുട്ട് റെസ്റ്റുകൾ, ഹാൻഡിലുകൾ എന്നിവ ഘടിപ്പിച്ചതുമാണ് ഓട്ടോ റിക്ഷയിലെ പ്രധാന മാറ്റങ്ങൾ.