തേങ്ങയരയ്ക്കാത്ത സാമ്പാർ: പാചകം
Representative image
സാമ്പാറിൽ തേങ്ങയരയ്ക്കണോ വേണ്ടയോ എന്ന് തെക്കൻ കേരളക്കാരും വടക്കൻ കേരളക്കാരും തമ്മിൽ വർഷങ്ങളായി തർക്കം തുടരുകയാണ്. ഇപ്പോൾ തേങ്ങയ്ക്ക് വില വല്ലാതെ കൂടിയ സാഹചര്യത്തിൽ, തേങ്ങയരയ്ക്കാതെ ഒരു സാമ്പാർ വച്ചു നോക്കിയാലോ? തേങ്ങാവാദമൊന്ന് മാറ്റിവച്ച്, നാവിൽ ടേസ്റ്റ് കിട്ടുന്നുണ്ടെങ്കിൽ സംഗതി ലാഭമായില്ലേ, സമയവും കുറച്ച് മതി!
വെണ്ടയ്ക്ക 5
വഴുതനങ്ങ 1
മുരിങ്ങക്ക ഇടത്തരം 1
ഉരുളക്കിഴങ്ങ് ഇടത്തരം 1
ഏത്തയ്ക്ക ചെറുത് 1
കുമ്പളങ്ങ 1
സാമ്പാര്‍ പരിപ്പ് 2 പിടി
മഞ്ഞള്‍പ്പൊടി 0.5 ടീസ്പൂൺ
മുളക് 1.5 ടീസ്പൂൺ
സാമ്പാര്‍ പൊടി 3 ടീസ്പൂൺ
മല്ലിപ്പൊടി 2 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
കറിവേപ്പില 1 കതിര്‍
വറ്റല്‍ മുളക് 4 എണ്ണം
ഉപ്പ് 1 ടീസ്പൂൺ
വാളന്‍പുളി 1 കഷണം
വാളൻപുളി ചെറുനാരങ്ങാ വലുപ്പത്തില്‍ ചെറിയ ബൗളിലിട്ട് വെള്ളമൊഴിച്ച് പിഴിഞ്ഞെടുക്കുക.
കുമ്പളങ്ങ തോലും കുരുവും കളഞ്ഞ് വയ്ക്കുക.
സാമ്പാര്‍ പരിപ്പ് കുതിര്‍ത്ത് വേവിച്ച് വയ്ക്കുക.
പരിപ്പ് വേവിച്ചത് കുക്കറിലിടുക. പച്ചക്കറികളും ഇടുക. പൊടികളും ചേര്‍ക്കുക. ഉപ്പിടുക. പുളിവെള്ളം ഒഴിക്കുക.
കഷണങ്ങളെല്ലാം മുങ്ങിക്കിടക്കുന്നത്ര വെള്ളം ഒഴിക്കണം.
കുക്കര്‍ അടച്ച് അടുപ്പത്ത് വച്ച് തീ കത്തിക്കുക.
ആദ്യ വിസില്‍ വരുമ്പോള്‍ തീയണയ്ക്കാം. പ്രഷര്‍ തനിയേ പോകണം.
പ്രഷര്‍ പോയ ശേഷം കുക്കര്‍ തുറക്കുക.
ചീനച്ചട്ടിയോ പാനോ അടുപ്പത്ത് വച്ച് കത്തിക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക.
തീ കുറയ്ക്കുക. കറിവേപ്പിലയും വറ്റല്‍ മുളകും ഇടുക.
തീ അണച്ച് ഇതെല്ലാം കൂടി കുക്കറിലേക്ക് ഒഴിക്കുക. ചെറുതായൊന്ന് ഇളക്കിക്കൊടുക്കുക.
സാമ്പാര്‍ റെഡി.