
ഏറെക്കുറെ ഈഫൽ ടവറിന്റെ ഉയരത്തിൽ നിന്നാണ് തിരുവനന്തപുരത്ത് 20 പേരുടെ സംഘം കയറിൽ തൂങ്ങി ഇറങ്ങിയത്; 900 അടി ഉയരത്തിൽനിന്ന്, കൊണ്ടകെട്ടി മലയിൽനിന്ന്.
AMAS Kerala
AI generated summary, newsroom reviewed
വി.കെ. സഞ്ജു
ഈഫൽ ടവറിന്റെ മുകളിൽ കയറി താഴേക്കു നോക്കിയാൽ എങ്ങനെയിരിക്കും? താഴെ കളിപ്പാട്ടക്കട പോലെയൊക്കെ ആയിരിക്കുമല്ലേ പാരീസ് നഗരം കാണാനാവുക. ഇനിയാ ടവറിന്റെ 906 അടി പൊക്കത്തിലിരിക്കുന്ന ഗ്യാലറിയിൽനിന്ന് താഴേക്കൊരു കയറിൽ തൂങ്ങി ഇറങ്ങിയാൽ എങ്ങനെയുണ്ടാകുമെന്നു കൂടി ആലോചിക്കൂ...!
ഏറെക്കുറെ ഇതേ ഉയരത്തിൽ നിന്നാണ് തിരുവനന്തപുരം വെള്ളറടയ്ക്കടുത്ത് 20 പേരുടെ സംഘം കയറിൽ തൂങ്ങി ഇറങ്ങിയത്; 900 അടി ഉയരത്തിൽനിന്ന്, കൊണ്ടകെട്ടി മലയിൽനിന്ന്. കേരളത്തിൽ ഇനിയും അധികം പ്രചാരം നേടിയിട്ടില്ലാത്ത റാപ്പെല്ലിങ് എന്ന സാഹസിക വിനോദ പരിപാടിയുടെ ഭാഗമായിരുന്നു നവംബർ 15-നു സംഘടിപ്പിച്ച ഈ മലയിറക്കം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റാപ്പെല്ലിങ്.
ഭയത്തിന്റെ കഥയല്ല റാപ്പെല്ലിങ്, കടുകുമണിയോളം പോന്ന സൗന്ദര്യാനുഭൂതികൾ കടലല പോലെ വന്നു നിറയുന്ന അനുഭൂതികളുടെ കഥയാണത്.
AMAS Kerala
എല്ലാ ആധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. പക്ഷേ, എന്തുണ്ടെങ്കിലും അത്രയും ഉയരത്തിൽ നിന്നു താഴേക്കു നോക്കിയാൽ പേടിക്കുമെന്നാണ്, കൊണ്ടകെട്ടി മലയിറങ്ങിയ സാഹസിക സംഘത്തിൽ അംഗമായിരുന്ന ശിവകാമി സോമനാഥൻ പറയുന്നത്. പക്ഷേ, ആ ഭയത്തെക്കുറിച്ചല്ല, അതിനൊടുവിൽ മനസിൽ വന്നു നിറയുന്ന അഭിമാനത്തെക്കുറിച്ചും, അതുവരെയുള്ള സ്വപ്നസമാനമായ അനുഭവത്തെക്കുറിച്ചുമാണ് ശിവകാമിക്ക് കൂടുതൽ പറയാനുള്ളത്.
ഭയത്തിന്റെ കഥയല്ല റാപ്പെല്ലിങ്, കടുകുമണിയോളം പോന്ന സൗന്ദര്യാനുഭൂതികൾ കടലല പോലെ വന്നു നിറയുന്ന അനുഭൂതികളുടെ കഥയാണത്. ദൂരെ നിന്ന് നോക്കിയാൽ പിടിതരാത്തൊരു പാറക്കൂറ്റനാണ് കൊണ്ടകെട്ടി. ഇടയ്ക്കെവിടെയും ഒന്നിരുന്ന് സ്വസ്ഥമായി ശ്വാസം വിടാൻ പോലും ഇടം കിട്ടില്ലെന്നു തോന്നുന്ന തരത്തിൽ കുത്തനെ നിൽക്കുന്ന, ഭീമാകാരനായൊരു പാറ. പക്ഷേ, കണ്ടറിയുന്ന മലകളെ തൊട്ടറിയുമ്പോൾ കഥ മാറുകയാണ്. അകലങ്ങൾ അടുത്തെത്തുമ്പോൾ അനുഭൂതികളായി മാറുകയാണ്. നിന്നോ ഇരുന്നോ വേണമെങ്കിൽ ഒന്നു കിടന്നോ വിശ്രമിക്കാൻ പോലും ഇടമുള്ള പാറപ്പരപ്പുകൾ ഇടയിലുണ്ട്. മറ്റെവിടെയും കാണാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത കുഞ്ഞു ലോകം സ്വന്തം കാൽച്ചുവട്ടിൽ കാണാം.
ഇറക്കത്തിനിടയിലെ ഏറ്റവും മനോഹരമായ കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ ശിവകാമി പറഞ്ഞത് നോക്കെത്താത്ത ആഴങ്ങളെക്കുറിച്ചായിരുന്നില്ല, കൈയെത്തും ദൂരത്തു കണ്ട ആ കുഞ്ഞു ലോകത്തെക്കുറിച്ചായിരുന്നു. മറ്റെവിടെയും കണ്ടിട്ടില്ലാത്ത കാട്ടുചെടികൾ, അവയ്ക്കിടയിലൂടെ നിറം മാറിയോടുന്ന ഓന്തുകൾ, കടുകിനോളം പോന്ന കൊച്ചു പൂക്കൾ, സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നതുപോലുള്ള ചിത്രശലഭങ്ങൾ....
അരയിൽ കെട്ടിയ കയറിന്റെ ബലത്തിൽ 900 അടിയുടെ മധ്യത്തിൽ നിൽക്കുമ്പോൾ, ഭീതിയുടെ നിറമൊഴിഞ്ഞ മനസ് എന്ന ഓന്ത്, പൂക്കളുടെ നിറമണിയുന്ന അനുഭവം. താഴെയെത്തുമ്പോൾ സാഹസം സുരക്ഷിതമായി പൂർത്തിയാക്കിയതിന്റെ ആശ്വാസമല്ല, മനസ് നിറയുന്ന അഭിമാനമാണ്, ആരുടെയും സഹായമില്ലാതെ സ്വയം ഇതു പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ അഭിമാനം. അടുത്ത പുലരിയിലേക്ക് അത് തലേ ദിവസം കണ്ട മനോഹരമായൊരു പകൽ സ്വപ്നമായി മാറിയിട്ടുണ്ടാകും.
സാഹസികത ആരോഗ്യത്തിനും സന്തോഷത്തിനും എന്ന ആപ്തവാക്യം ഉയർത്തിക്കൊണ്ട് പ്രവർത്തനമാരംഭിച്ച സാഹസിക സംഘടനയാണ് അമാസ് കേരള.
AMAS Kerala
കൊണ്ടകെട്ടി മലയിലെ റാപ്പെല്ലിങ്ങിനു പിന്നിൽ അമാസ് കേരള എന്ന, എൻജിഒ മാതൃകയിൽ പ്രവർത്തിക്കുന്ന സംഘടനയായിരുന്നു. അക്കാഡമി ഫൊർ മൗണ്ടനിയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സ് എന്നതിന്റെ ചുരുക്കപ്പേരാണ് അമാസ്. ആസ്ഥാനം തിരുവനന്തപുരം. 2006-ൽ പ്രവർത്തനം തുടങ്ങിയ അവർ, രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഈ വർഷത്തെ നൂറാമത്തെ ഔട്ട്ഡോർ പരിപാടിയായിരുന്നു 900 അടി റാപ്പെല്ലിങ്. ഇരുപത് സാഹസികർ, പതിനൊന്ന് പരിശീലകർ, ചരിത്രമെഴുതിയ ഒരു മലയിലറക്കം.
സാഹസികത ആരോഗ്യത്തിനും സന്തോഷത്തിനും എന്ന ആപ്തവാക്യം ഉയർത്തിക്കൊണ്ട് പ്രവർത്തനമാരംഭിച്ച സാഹസിക സംഘടനയാണിത്. യുവാക്കൾക്കും വിദ്യാർഥികൾക്കും സാധാരണക്കാർക്കും പർവതാരോഹണത്തിൽ സഹായങ്ങൾ നൽകുക, ദുരന്തനിവാരണ പരിശീലനങ്ങൾ സംഘടിപ്പിക്കുക, കേരളത്തിൽ അഡ്വഞ്ചർ ടൂറിസത്തിന്റെ സാധ്യതകൾ ഉയർത്തുക, റെസ്പോൺസിബിൾ ട്രക്കിങ് പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഒപ്പം പരിസ്ഥിതി സംരക്ഷണ സൗഹൃദ പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നു.
ഒരു സുപ്രഭാതത്തിൽ 900 അടി മലയിറങ്ങാൻ ഇറങ്ങിപ്പുറപ്പെട്ടവരല്ല പങ്കെടുത്ത പലരും. 60 അടി മുതൽ തുടങ്ങിയ ഘട്ടംഘട്ടമായ വളർച്ചയുടെ താഴേക്കിറങ്ങളായിരുന്നു മിക്കവർക്കും. തുടക്കക്കാർക്ക് ബ്രൈമൂർ എസ്റ്റേറ്റിലെ 60 അടി റാപ്പെല്ലിങ്ങിൽ പങ്കെടുക്കാമെന്ന് അമാസിന്റെ പിആർഒയും പരിശീലകനുമായ ബിജിൻ നാഥ് പറയുന്നു. ശിവകാമിയുടെ ആദ്യ ഉദ്യമം കന്യാകുമാരിക്ക് അടുത്തൊരു വെള്ളച്ചാട്ടത്തിലായിരുന്നു, 75 അടി താഴ്ചയിലേക്ക്, 'സ്ട്രീം ഹണ്ട്' എന്ന പരിപാടിയിൽ. 60-75 അടിയൊക്കെ പൂർത്തിയാക്കുന്നവർക്ക് അടുത്ത പടി കൂനിച്ചി മലയിലെ 180 അടി റാപ്പെല്ലിങ്; പരിചയസമ്പന്നർക്ക് വെറും മൂന്ന് 'ജംപ്' കൊണ്ട് താഴെയെത്താം എന്നാണ് ബിജിന്റെ അഭിപ്രായം. അവിടെ ഇറങ്ങിയവരിൽ നിന്നാണ് കൊണ്ടകെട്ടി മലയിറങ്ങാനുള്ള ഇരുപതു പേരെ തെരഞ്ഞെടുത്തതെന്ന് അമാസ് കേരള ഡയറക്റ്റർ ടോമി ജോൺ.
180 അടി റാപ്പെല്ലിങ്ങിൽ ഒരു ആറു വയസുകാരനും പങ്കെടുത്തിരുന്നു. 900 അടി റാപ്പെല്ലിങ് പൂർത്തിയാക്കാൻ 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ സമയമെടുത്തവരുണ്ട്. അക്കൂട്ടത്തിൽ ഒരു പ്ലസ് ടു വിദ്യാർഥിനിയും. സംഘത്തിൽ പകുതിയോളം സ്ത്രീകളായിരുന്നു. കേരളത്തിനു പുറത്തുനിന്നുള്ളവർ അടക്കം പങ്കെടുത്തു. മലബാർ മേഖലയിൽ നിന്നായിരുന്നു കൂടുതൽ പങ്കാളിത്തമെന്നും ബിജിൻ.
ചുവടുകൾ മാത്രം നോക്കിയാൽ ചുറ്റുമുള്ള അപൂർവദൃശ്യങ്ങൾ കാണാതെ പോകും, അത് ഇറങ്ങുന്നവരുടെ നഷ്ടം!
AMAS Kerala
അമാസിന്റെ ഇവന്റുകൾ മിക്കവാറും ഒരേ പാറ്റേണിലാണ് നടത്തുന്നത്. ആദ്യം മലയുടെ മുകളിലേക്ക് നടന്നു തന്നെ കയറുക. വഴി ദുർഘടമാകുന്നിടത്ത് കയറിന്റെ സഹായം തേടുക. മുകളിൽ നടന്നെത്തുന്നവർക്ക് കയറിൽ ഇറങ്ങാനുള്ള അടിസ്ഥാന ശേഷിയുണ്ടാകുമെന്നു കരുതാമെന്ന് ബിജിൻ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രശ്നമുണ്ടെങ്കിൽ കയറുമ്പോൾ തന്നെ അറിയാം. 18 മുതൽ 60 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം; രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ 18-ൽ താഴെയുള്ളവർക്കും പങ്കെടുക്കാം. തൃപ്തികരമായ ആരോഗ്യമുള്ളവർക്ക് പ്രായക്കൂടുതലും തടസമല്ല, പുറപ്പെടും മുൻപ് ഡോക്റ്ററുടെ ഉപദേശം തേടണമെന്നു മാത്രം. ശരീരത്തിന് മതിയായ പരിശീലനം നല്ലതാണ്. അല്ലെങ്കിൽ വാമപ്പ് ചെയ്യാതെ ജിമ്മിൽ വർക്കൗട്ട് ചെയ്താൽ ഉണ്ടാകുന്നതു പോലുള്ള ശാരീരിക പ്രശ്നങ്ങളും വേദനകളും പ്രതീക്ഷിക്കാം.
രണ്ട് കയറുകളാണ് റാപ്പെല്ലിങ്ങിനെ നിയന്ത്രിക്കുന്നത്. അരയിൽ ഘടിപ്പിച്ച കയർ മുകളിൽ നിൽക്കുന്ന ട്രെയ്നറുടെ കൈയിലാണ്- അതാണ് ബിലേ റോപ്പ്. താഴെ നിൽക്കുന്ന ആളുടെ കൈയിൽ രണ്ടാമത്തെ കയറിന്റെ അറ്റം. ഇറക്കത്തിന്റെ നിയന്ത്രണം പൂർണമായും ഇറങ്ങുന്നയാളുടെ കൈയിൽ തന്നെയായിരിക്കും. സ്വയം കയർ അയയ്ക്കുന്നതാണ് ഇറക്കത്തിന്റെ വേഗം. അതനുസരിച്ച് മുകളിൽ നിന്നും കയർ അയച്ചുകൊടുക്കണം. മലയും കയറും വിദഗ്ധനും ഒപ്പമുണ്ടെങ്കിലും, ചുവടുകൾ സാഹസികർക്കു സ്വന്തം.
മുൻകൂർ കഠിന പരിശീലനമൊന്നുമില്ല, നിർദേശങ്ങളാണ് പ്രധാനം. അതൊക്കെ കൃത്യമായി പാലിച്ചാൽ ഒരു പോറൽ പോലുമേൽക്കാതെ താഴെയെത്താമെന്ന് സംഘാടകർ. പക്ഷേ, പാഠങ്ങൾ മറക്കാൻ ഭീതിയുടെ ഒരു നിമിഷം മതി. ഇറങ്ങുമ്പോൾ പലരും പഠിച്ചതൊക്കെ മറക്കും, ചിലർ ഇടയ്ക്ക് കുടുങ്ങും. അവരെ നോക്കാൻ മുകളിലും ഇടയിലും താഴെയും പരിശീലനം നേടിയ ട്രെയ്നർമാർ ഉണ്ടാകും. തിരിഞ്ഞുനോക്കാൻ പറഞ്ഞും നിർദേശങ്ങൾ ഓർമിപ്പിച്ചും അവർ ഇറക്കത്തിലുടനീളം കൂടെത്തന്നെ. ചുവടുകൾ മാത്രം നോക്കിയാൽ ചുറ്റുമുള്ള അപൂർവദൃശ്യങ്ങൾ കാണാതെ പോകും, അത് ഇറങ്ങുന്നവരുടെ നഷ്ടം!
ഭൂമിയിലെ സൗന്ദര്യം അഭൗമമായി മാറുന്നത് ഇത്തരം സാഹസങ്ങളിലെ തുറന്നു പിടിച്ചു കണ്ണുകൾക്കു മുന്നിലായിരിക്കും.
AMAS Kerala
റാപ്പെല്ലിങ്ങിന്റെ തുടക്കത്തിൽ, ആദ്യത്തെ ചുവട് വയ്ക്കും മുൻപ്, ഭീതിയുടെ നെരിപ്പോട് താങ്ങാനാവാതെ മുറുകെയടയ്ക്കുന്ന കണ്ണുകൾ തുറക്കാൻ പറയും ട്രെയ്നർമാർ. ആഴങ്ങളിലേക്ക് എയ്യുന്ന നോട്ടങ്ങൾക്കൊപ്പം ഭയം കൂടി ഒഴുകിയകലണം. ഭൂമിയിലെ സൗന്ദര്യം അഭൗമമായി മാറുന്നത് ഇത്തരം സാഹസങ്ങളിലെ തുറന്നു പിടിച്ചു കണ്ണുകൾക്കു മുന്നിലായിരിക്കും.
ഇറക്കുമതി ചെയ്ത, ഇഎൻ സർട്ടിഫൈഡ് ഉപകരണങ്ങളാണ് അമാസ് കേരളയുടെ റാപ്പെല്ലിങ്ങിൽ ഉപയോഗിക്കുന്നതെന്ന് ഭാരവാഹികൾ. ഭയം ഉള്ളിലാണ്, ധൈര്യമായി അത് പുറത്തു കളയാം.
നെയ്യാർ ഡാമിൽ തുടക്കക്കാർക്കു വേണ്ടിയുള്ള ക്ലൈബിങ്ങും റാപ്പെല്ലിങ്ങും അമാസ് നടത്തുന്നുണ്ട്. കുട്ടികൾക്കായി സമ്മർ ക്യാംപുണ്ട്, 750 രൂപ ഫീസ്. ഇത്തരം വലിയ റാപ്പെല്ലിങ്ങുകൾ മഹാരാഷ്ട്രയിലും മറ്റും നടത്തുന്നുണ്ടെന്നും, കേരളത്തിൽ സ്വകാര്യ മേഖലയിൽ മറ്റു ഗ്രൂപ്പുകൾ ഇത്ര സജീവമല്ലെന്നും ബിജിൻ പറയുന്നു.
ഈഫൽ ഗോപുരത്തിനു മുകളിൽ കയറുന്നവർ താഴേക്ക് നോക്കുന്നത് ലിഫ്റ്റിന്റെ സുരക്ഷിതത്വത്തിലായിരിക്കും. കൊണ്ടകെട്ടിയിൽ അത്രയും ആഴത്തിലേക്കിറങ്ങിയത് മുറുകെപ്പിടിച്ച കയറിന്റെയും, മുകളിൽ നിൽക്കുന്ന ട്രെയ്നറുടെയും, ഒപ്പമുള്ള സംഘാംഗങ്ങളുടെയും ധൈര്യത്തിലാണ്. താഴെയെത്തുമ്പോൾ മനസിൽ ശേഷിക്കുന്നത്, ഇറങ്ങിവന്ന മലയെക്കാൾ ഉയരമുള്ള സംതൃപ്തിയായിരിക്കും.
ആരോഗ്യ പ്രശ്നങ്ങളുള്ളവർ പങ്കെടുക്കും മുമ്പ് ഡോക്റ്ററുടെ ഉപദേശം തേടുക.
AMAS Kerala
പ്രായം: 18–60; ആരോഗ്യം ഡോക്റ്റർ ഉറപ്പ് നൽകിയാൽ പ്രായം കൂടുതലുള്ളവർക്കും പങ്കെടുക്കാം. 18-ൽ താഴെയുള്ളവർക്ക് രക്ഷിതാവിന്റെ സമ്മതപത്രം വേണം.
തുടക്കക്കാർക്ക്: ബ്രൈമൂർ എസ്റ്റേറ്റ് (60 അടി); നെയ്യാർ ഡാമിൽ ക്ലൈംബിങ്ങും റാപ്പെല്ലിങ്ങും; കുട്ടികൾക്ക് സമ്മർ ക്യാംപ്
ശ്രദ്ധിക്കുക: ആരോഗ്യ പ്രശ്നങ്ങളുള്ളവർ പങ്കെടുക്കും മുമ്പ് ഡോക്റ്ററുടെ ഉപദേശം തേടുക; ശരീരബലം ഉറപ്പാക്കുക
Phone: +91 94968 89644
AI generated summary, newsroom reviewed