1.50 ലക്ഷത്തിന് 10 ദിവസത്തെ ഗ്രീസ് ട്രിപ്പ്; കുറഞ്ഞ ചെലവിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ കളിത്തൊട്ടിലിലേക്ക് യാത്ര നടത്തി ട്രാവൽ കണ്ടന്‍റ് ക്രിയേറ്റർ

10 ദിവസത്തെ ഗ്രീസ് യാത്രയ്ക്ക് ആകെ 1,50,506 രൂപ മാത്രമാണ് ചെലവായതെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു
A photo from her trip to Greece, shared on Instagram by travel content creator Charmi.

ട്രാവൽ കണ്ടന്‍റ് ക്രിയേറ്ററായ ചാർമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഗ്രീസ് യാത്രയുടെ ചിത്രം

Updated on

പുരാതന നിർമിതികൾ‌, നീലനിറത്തിലുള്ള കടൽ, മനോഹരമായ ദ്വീപുകൾ, ആകർഷകമായ ഗ്രാമങ്ങൾ എന്നിവയ്ക്ക് പേരുകേട്ട യൂറോപ്യൻ രാജ്യമായ ഗ്രീസിലേക്ക് യാത്ര ചെയ്യാൻ വലിയ തുക ആവശ്യമില്ലെന്ന് തെളിയിച്ച് ട്രാവൽ കണ്ടന്‍റ് ക്രിയേറ്റർ ചാർമി. 10 ദിവസത്തെ ഗ്രീസ് യാത്രയ്ക്ക് ആകെ 1,50,506 രൂപ മാത്രമാണ് ചെലവായതെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

യാത്രയിലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാനയാത്രകൾക്കായി ഏകദേശം 68,000 രൂപ ചെലവായി. വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി ഫെറി, ബസ്, മെട്രോ, ടാക്സി എന്നിവയ്ക്കായി 22,000 രൂപ ചെലവഴിച്ചു. താമസത്തിനായി ഹോട്ടലുകളും എയർബിഎൻബി ഉൾപ്പെടെ അഞ്ച് വ്യത്യസ്ത ഇടങ്ങളാണ് ഉപയോഗിച്ചത്. ഇതിനായി ഏകദേശം 37,000 രൂപ ചെലവായി. ഭക്ഷണത്തിനും മറ്റ് ചെറിയ ചെലവുകൾക്കുമായി 14,000 രൂപയോളം ചെലവഴിച്ചു. ടൂറുകൾക്കും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾക്കുമായി ഏകദേശം 8,000 രൂപ കൂടി ചെലവായി. ഇതോടെയാണ് 10 ദിവസത്തെ യാത്രയുടെ ആകെ ചെലവ് 1,50,506 രൂപ ആയത്.

ഗ്രീസിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ശൈത്യകാലം തെരഞ്ഞെടുക്കുന്നത് സഹായിക്കുമെന്ന് പ്രമുഖ ട്രാവൽ മീഡിയ കമ്പനിയായ ലോൺലി പ്ലാനറ്റ് പറയുന്നു. നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നതിനാൽ ചില ഹോട്ടലുകളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പ്രവേശന ഫീസും കുറയാറുണ്ട്. തിരക്ക് കുറവായതിനാൽ പ്രധാന കേന്ദ്രങ്ങൾ കൂടുതൽ സൗകര്യപ്രദമായി സന്ദർശിക്കാനും സാധിക്കും.

മ്യൂസിയങ്ങളും ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളും സൗജന്യ പ്രവേശനം അനുവദിക്കുന്ന ദിവസങ്ങളിൽ സന്ദർശിക്കുന്നതിലൂടെയും യാത്രക്കാർക്ക് പണം ലാഭിക്കാം. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ചില കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം ലഭിക്കാറുണ്ട്.

logo
Metro Vaartha
www.metrovaartha.com