അബുദാബി ക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു | Photo Gallery

27 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 18 മുതൽ വിശ്വാസികൾക്കു ദർശനം അനുവദിക്കും.
പണി പൂർത്തിയാകുന്ന അബുദാബിയിലെ സ്വാമിനാരായൺ ക്ഷേത്രം.
പണി പൂർത്തിയാകുന്ന അബുദാബിയിലെ സ്വാമിനാരായൺ ക്ഷേത്രം.

ദുബായ്: അറബ് ലോകത്തെ അഞ്ചാമത്തെ ക്ഷേത്രമായി അബുദാബിയിലെ സ്വാമിനാരായൺ ക്ഷേത്രം 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദുബായ് - അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ ക്ഷേത്രത്തിന്‍റെ അവസാനവട്ടം പണികൾ പുരോഗമിക്കുകയാണ്. 27 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ 18 മുതൽ വിശ്വാസികൾക്കു ദർശനം അനുവദിക്കും.

ഉദ്ഘാടനത്തിന് 42 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് അറിയുന്നത്. 2015ല്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്രം നിർമിക്കാൻ ഭൂമി അനുവദിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയിലായിരുന്നു ഈ പ്രഖ്യാപനം. 2018ല്‍ ക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്തി.

യുഎഇയിൽ പൂർണമായും ഇന്ത്യൻ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ആദ്യ ക്ഷേത്രമാണിത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന സവിശേഷതയും 700 കോടി രൂപ ചെലവിൽ പൂർത്തിയായ സ്വാമിനാരായൺ ക്ഷേത്രത്തിനാണ്. സ്വാമി നാരായണൺ സൻസ്ഥയുടെ ഗുജറാത്തിലെയും ഡൽഹിയിലെയും അക്ഷർധാം ക്ഷേത്രങ്ങളുടെ രൂപവും ഇതിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.

യുഎഇയുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴു ഗോപുരങ്ങളാണു ക്ഷേത്രത്തിനുള്ളത്. സ്വാമിനാരായണ്‍, അക്ഷർ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍, ശ്രീ രാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴു മൂർത്തികളും ക്ഷേത്രത്തിലുണ്ട്. കൈകൊണ്ട് കൊത്തിയെടുത്ത ശില്‍പ്പങ്ങളാണു ക്ഷേത്രത്തിലേത് എന്നത് മറ്റൊരു സവിശേഷത. രാജസ്ഥാനിൽ പണിപൂർത്തിയാക്കിയശേഷം അബുദാബിയിലേക്ക് എത്തിക്കുകയായിരുന്നു ഇവ.

അബുദാബിയിലെ ഉയർന്ന താപനില കണക്കിലെടുത്ത് 50 ഡിഗ്രി സെൽഷ്യസ് ചൂടിനെ അതിജീവിക്കുന്ന ശിലകളും നിർമാണ രീതിയുമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

അതേസമയം, ക്ഷേത്രം ഉദ്ഘാടനത്തിന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി മോദി ഇവിടെ പ്രവാസി സമ്മേളനത്തിലും പങ്കെടുക്കും. അഹ്‌ലാൻ മോദി എന്നു പേരിട്ടിരിക്കുന്ന സമ്മേളനം 13ന് ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലാണു നടക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 60,000 കടന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com