

"ഞാൻ എന്നും ജീരക വെള്ളം കുടിക്കും, തിളങ്ങുന്ന ചർമവും കരുത്തുറ്റ മുടിയും ലഭിച്ചു"; രോഗം വരാതായെന്ന് നടി
തിളങ്ങുന്ന ചർമ്മവും കരുത്തുള്ള മുടിക്കും വേണ്ടി എത്ര രൂപ മുടക്കാനും പലരും റെഡിയാണ്. എന്നാൽ നമ്മുടെ അടുക്കളയിലെ ഒരു കുഞ്ഞൻ സാധനത്തിൽ ചർമവും മുടിയും മികച്ചതാക്കാനുള്ള അത്ഭുതശക്തിയുണ്ടെന്നാണ് നടി ചിത്രാംഗദ സിങ് പറയുന്നത്. എന്താണെന്നല്ലേ? ജീരകം. തന്‍റെ സൗന്ദര്യത്തിന്‍റേയും ആരോഗ്യത്തിന്‍റേയും രഹസ്യം ജീരക വെള്ളം എന്നാണ് നടി പറയുന്നത്.
'എനിക്ക് വളരെ അധികം ഫലം കണ്ട ഒന്നുണ്ട്. എന്‍റെ ജീരക വെള്ളം. എന്‍റെ മുടി മികച്ചതായി, എന്‍റെ ചർമവും നഖങ്ങളും എല്ലാം മികച്ചതായി. രണ്ട് വർഷമായി ഞാൻ സ്ഥിരമായി കുടിക്കുന്നു. അതിന് മോശം രുചിയാണ്. പക്ഷേ നിങ്ങൾക്ക് മികച്ച ചർമം ലഭിക്കും.' - നടി പറഞ്ഞു.
ഡൽഹിയിലേക്ക് താമസം മാറിയതിന് ശേഷം തനിക്ക് ചെവിയിലും തൊണ്ടയിലും സ്ഥിരമായി ഇൻഫെക്ഷൻ വരുമായിരുന്നു. ആന്‍റിബയോട്ടിക് എടുത്താലെ രോഗം മാറിയിരുന്നുള്ളൂ. ജീരക വെള്ളം കുടിക്കാൻ തുടങ്ങിയതോടെ തനിക്ക് രോഗങ്ങൾ വരാതായി എന്നുമാണ് നടി പറയുന്നത്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. രോഗങ്ങളെ തടയാനാവുമെന്നും നടി വ്യക്തമാക്കി.