അഗസ്ത്യാർകൂടം ട്രെക്കിങ് തുടങ്ങുന്നു: ബുക്കിങ് ഓൺലൈൻ മാത്രം | Video
ബിനിത ദേവസി
അഗസ്ത്യാർകൂടം, ദക്ഷിണേന്ത്യയിലെ ഏറ്റവും അപകടകരമായ ട്രെക്കിങ്, കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി. ഒരിക്കലെങ്കിലും അഗസ്ത്യമല കീഴടക്കണമെന്ന് ആഗ്രഹിക്കാത്ത യാത്രപ്രേമികളുണ്ടാകില്ല. അവർക്ക് ഇതൊരു സന്തോഷവാർത്തയാണ്, എന്നാൽ ചെറിയൊരു ആശങ്കയും ഇല്ലാതില്ല!
ഈ വർഷം ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് അഗസ്ത്യാർകൂടം ട്രെക്കിങ് നടത്താൻ വനം വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിലേതു പോലെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കഴിഞ്ഞ വർഷം മൂന്ന് ഘട്ടമായിട്ടായിരുന്നു ഓൺലൈൻ ബുക്കിങ്, എന്നാൽ, ഇത്തവണ രണ്ട് ഘട്ടമാണ്.
ജനുവരി 14 മുതൽ ജനുവരി 31 വരെയുള്ള ദിവസങ്ങളിൽ പോകണമെങ്കിൽ ജനുവരി 9ന് രാവിലെ 11 മണിക്ക് ബുക്ക് ചെയ്യണം. ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി 11 വരെയുള്ള ദിവസങ്ങളിലാണ് പോകുന്നതെങ്കിൽ ജനുവരി 23 രാവിലെ 11 മണിക്ക് ബുക്ക് ചെയ്യണം.
നേരിട്ട് ബുക്ക് ചെയ്യാനാവില്ല
മുൻ വർഷങ്ങളിലുണ്ടായിരുന്ന ഓഫ്‌ലൈൻ ബുക്കിങ് സംവിധാനം ഇത്തവണ ഇല്ല. സാധാരണയായി ഒരു ദിവസം 100 പേർക്കാണ് അഗസ്ത്യമലയിലേക്ക് പ്രവേശനം അനുവദിക്കുന്നത്, അതിൽ 70 ടിക്കറ്റുകൾ ഓൺലൈനായും 30 ടിക്കറ്റുകൾ ഓഫ്‌ലൈനായും എടുക്കാനുള്ള സംവിധാനമുണ്ടായിരുന്നു. ഇത്തവണ ആ സംവിധാനം പാടെ നിർത്തലാക്കിയിരിക്കുകയാണ് സർക്കാർ.
മുൻ വർഷങ്ങളിൽ ഓൺലൈൻ ബുക്കിങ്ങിനു ശേഷമുള്ള ദിവസങ്ങളിൽ തിരുവനന്തപുരം പിടിപി നഗറിലെ വനം വകുപ്പിന്‍റെ ഓഫിസിൽ പോയാൽ ടോക്കൺ പ്രകാരം ഓഫ്‌ലൈൻ ടിക്കറ്റുകൾ ലഭിക്കുമായിരുന്നു. കഴിഞ്ഞ വർഷം ഓഫ്‌ലൈൻ ടിക്കറ്റുകൾ തലേ ദിവസം മാത്രമേ നൽകാവൂ എന്നായിരുന്നു സർക്കാർ ഉത്തരവ്, ഏറ്റവുമൊടുവിൽ 2026ലാകട്ടെ ഓഫ്‌ലൈൻ സംവിധാനം തന്നെ നിർത്തലാക്കിയിരിക്കുകയാണ്.
ഓൺലൈൻ ടിക്കറ്റെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം നേരിട്ടു പോയി ബുക്ക് ചെയ്ത അനുഭവമുള്ളവർക്കാണ് ഇത്തവണത്തെ മാറ്റം ആശങ്കയുണ്ടാക്കുന്നത്.
ഓൺലൈൻ ടിക്കറ്റെടുക്കാൻ ചില ടിപ്സ്
11 മണിക്ക് ഒരു 5 മിനിറ്റ് മുമ്പ് വനം വകുപ്പിന്‍റെ forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ service online.gov.in/trekking എന്ന ലിങ്കിൽ കയറി ലോഗിൻ ചെയ്യണം.
പേരും വിലാസവും ക്യാപ്ചയും ഫിൽ ചെയ്ത് ഡിക്ലറേഷൻ ഫോം ടിക്ക് ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക, ഇത്തവണ തിരിച്ചറിയൽ കാർഡിന്‍റെ നമ്പർ ഓൺലൈൻ അപേക്ഷയിൽ വേണമെന്നും സർക്കാർ ഉത്തരവിലുണ്ട്.
കൃത്യം 11 മണിക്ക് സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
നേരെ പേയ്മെന്‍റ് പോർട്ടലിലേക്ക്. പേയ്മെന്‍റ് നടത്തുക.
ആദ്യ ശ്രമത്തിൽ കിട്ടിയില്ലെങ്കിൽ ഡേറ്റ് മാറ്റി മാറ്റി ബുക്ക് ചെയ്യാൻ ശ്രമിക്കുക.
പേരും അഡ്രസും തിരിച്ചറിയൽ കാർഡ് നമ്പറും വേഡിലോ മറ്റോ ടൈപ്പ് ചെയ്ത് ഇടുന്നതും നല്ലതാണ്, ഡേറ്റ് മാറ്റി ബുക്ക് ചെയ്യുമ്പോൾ നേരെ കോപ്പി പേസ്റ്റ് ചെയ്ത് സമയം ലാഭിക്കാം. സെക്കൻഡുകളുടെ വ്യത്യാസത്തിലായിരിക്കാം ചിലപ്പോൾ സ്ലോട്ടുകൾ നഷ്ടമാകുന്നത്. അതുകൊണ്ട് വേഗം പ്രധാനമാണ്.
ഓഫ് സീസൺ ട്രെക്കിങ്
കുറച്ചു വർഷങ്ങളായി വിവിധ ഏജൻസികൾക്കും അല്ലെങ്കിൽ പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകൾക്കും സീസൺ അല്ലാത്ത സമയത്ത് അഗസ്ത്യാർകൂടം ട്രെക്കിങ് നടത്താൻ വനം വകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് ഏജൻസിയും വേണ്ട ഗ്രൂപ്പും വേണ്ട, ഒരാൾക്ക് മാത്രമായും ബുക്ക് ചെയ്യാം.
ആഴ്ചയിൽ മൂന്ന് ദിവസം - തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രെക്കിങ് നടത്തുന്നത്. ഒരു ദിവസം 100 പേർക്ക് പോകാം. ഭക്ഷണം ഉൾപ്പടെ 4000 രൂപയായിരുന്നു ഫീസ്. ഈ വർഷത്തെ സീസണൽ ട്രെക്കിങ് കഴിയുമ്പോൾ ഈ തുകയിൽ ചെറിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. മാർച്ച് ആദ്യവാരത്തോടെ ഓഫ് സീസൺ ട്രെക്കിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
