

പ്രതീകാത്മക ചിത്രം
ലോകത്തെ ഏറ്റവും തണുപ്പേറിയ പ്രദേശമായ അന്റാർട്ടിക്കയെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിലെ കട്ടിയേറിയ മഞ്ഞുപാളികൾക്കടിയിൽ ഹിമാലയൻ പർവതനിരകളോളം വലിപ്പമുള്ള പുരാതന പർവതങ്ങൾ നിലനിന്നിരുന്നുവെന്നാണ് കണ്ടെത്തൽ. നൂറുകണക്കിന് ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പർവതനിരകളുടെ സാന്നിധ്യത്തിന് തെളിവുകൾ ലഭിച്ചതായി ഗവേഷകർ അറിയിച്ചു.
ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെയും ജർമനിയിലെ GFZ ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിലെയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. പഠനഫലം 'എർത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ്' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.
ഏകദേശം 650 മുതൽ 450 ദശലക്ഷം വരെ വർഷങ്ങൾക്ക് മുൻപാണ് ഈ പർവതങ്ങൾ രൂപപ്പെട്ടതെന്നാണ് ഗവേഷകരുടെ നിഗമനം. ഈ കാലഘട്ടത്തിൽ അന്റാർട്ടിക്ക ഇന്ത്യയുമായും ആഫ്രിക്കയുമായും കൂട്ടിയിടിച്ച് ഗോണ്ട്വാന എന്ന ഭീമൻ ഭൂഖണ്ഡം രൂപപ്പെട്ടിരുന്നു. അന്റാർട്ടിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പർവതനിർമാണ പ്രക്രിയയായിരുന്നു ഇതെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ എമിരിറ്റസ് പ്രൊഫസർ ഇയാൻ കാംപ്ബെൽ പറഞ്ഞു.
അന്റാർട്ടിക്കയുടെ 99.5 ശതമാനത്തിലധികം പ്രദേശവും കട്ടിയേറിയ മഞ്ഞുപാളികളാൽ മൂടപ്പെട്ടിരിക്കുകയാണ്. അതിനാൽ പാറകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം സിർക്കോൺ എന്നറിയപ്പെടുന്ന സൂക്ഷ്മ ധാതുക്കളെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. അന്റാർട്ടിക്കയുടെ തീരത്തോട് ചേർന്നുള്ള സമുദ്രത്തിലെ ഡ്രില്ലിങ് വഴി ശേഖരിച്ച അവശിഷ്ടങ്ങളിൽ നിന്ന് 1,712 സിർക്കോൺ തരികളാണ് ഇതിനായി പരിശോധിച്ചത്.
അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ മറഞ്ഞിരിക്കുന്ന ഭൂപ്രകൃതികൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. 2026 ജനുവരിയിൽ 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മഞ്ഞുപാളികൾക്കടിയിലെ ഭൂമിയുടെ പുതിയ ഭൂപടം ശാസ്ത്രജ്ഞർ പുറത്തുവിട്ടിരുന്നു. കൂർത്ത പർവതനിരകൾ, ആഴത്തിലുള്ള താഴ്വരകൾ, പുരാതന നദികളുടെ പാതകൾ എന്നിവയും അന്ന് കണ്ടെത്തിയിരുന്നു.
ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്ത് ദക്ഷിണധ്രുവത്തെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്ന വൻകരയാണ് അന്റാർട്ടിക്ക. ഏകദേശം 1.4 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ വൻകരയാണ്. ലോകത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ ഇവിടെ 98 ശതമാനത്തോളം ഭൂപ്രദേശവും കട്ടിയേറിയ മഞ്ഞുപാളികളാൽ മൂടപ്പെട്ടിരിക്കുന്നതാണ്. സ്ഥിരം ജനവാസമില്ലാത്ത അന്റാർട്ടിക്കയിൽ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.