ചില്ലകൾ നിറയെ കുലച്ച് കാന്തല്ലൂരിൽ ആപ്പിള്‍ക്കാലം വരവായി

രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള അവാർഡ് നേടിയ ശേഷമുള്ള ആദ്യ ആപ്പിൾ സീസൺ
കാന്തല്ലൂരിൽ ആപ്പിള്‍ക്കാലം വരവായി
കാന്തല്ലൂരിലെ ആപ്പിൾ കൃഷി
Updated on

മൂന്നാർ: കാന്തല്ലൂരിൽ ആപ്പിൾ കാലമാണ്. രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള അവാർഡ് നേടിയ ശേഷമുള്ള ആദ്യ ആപ്പിൾ സീസൺ. ഭാവനയ്ക്കപ്പുറം ചില്ലകൾ നിറയെ കുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ജൂലൈ അവസാനത്തോടെ ആരംഭിക്കും. ശരാശരി ഒരു മരത്തിൽനിന്ന് 30 കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കുമെന്ന് കർഷകർ പറയുന്നു.

ചുവപ്പ്, പച്ച, മഞ്ഞ, പച്ച നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. വലുപ്പത്തിൽ ഇടത്തരമാണെങ്കിലും ഇവ നേരിൽ കാണാനും തൊട്ടറിയാനും കൃഷിക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ജൈവവളം ഉപയോഗിക്കുന്നതും ഓരോ വർഷവും ഇതിന് ഡിമാൻഡ് കൂട്ടുന്നു. ഒറ്റത്തവണ എൺപതോളം കായ്‌കളുണ്ടാകുന്ന ആപ്പിൾ മരങ്ങളുള്ള കാന്തല്ലൂരിലെ ‘ചീനി ഹിൽസ്' ഫാം ഏറെപ്പേർ സന്ദർശിക്കുന്നുണ്ട്.

കൂടാതെ തോപ്പിൽ ജോർജ്, അശോകവനം, കൊച്ചുമണ്ണിൽ ബാബു, ഐസക്, പെരുമാൾ സാമി, പുതുശേരി ജോർജ് എന്നിവരുടെ കൃഷിയിടങ്ങളിലുമാണ് ആപ്പിൾ കാണാൻ സാധിക്കുന്നത്. ഗോൾഡൻ അവാർഡ് നേടി രാജ്യത്തിന്‍റെ ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യആപ്പിൾകാലത്തെ ആഘോഷമാക്കുകയാണ് പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും.

ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി സഞ്ചാരികൾ വലിയ തോതിൽ എത്തുന്നുണ്ട്. കാന്തല്ലൂർ, കൊളച്ചിവയൽ, പെരുമല എന്നിവിടങ്ങളിലാണ് ആപ്പിൾ തോട്ടങ്ങൾ ഏറ്റവും അധികമുള്ളത്.

കടുത്ത വേനൽക്കാലം ആയിരുന്നതിനാൽ ആപ്പിൾ പഴങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി കർഷകർ പറയുന്നു. ആപ്പിളിനൊപ്പം പ്ലം, സ്ട്രോബറി, സബർജല്ലി, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗങ്ങളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com