പൊങ്കാലയ്ക്കൊരുങ്ങി ആറ്റുകാല്‍

പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതല്‍ 26 വരെ, പൊങ്കാല 25ന്
Attukal Pongala 2024 date details
ആറ്റുകാൽ ക്ഷേത്രം.
Updated on

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മന്ത്രി വി. ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു.

ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകള്‍ വിഭാഗത്തിനും കെഎസ്ഇബിക്കും മന്ത്രി നിര്‍ദേശം നല്‍കി.

തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈല്‍ ടോയ്‍ലെറ്റുകള്‍, വാട്ടര്‍ടാങ്കുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെയും എക്സൈസിന്‍റെയും പരിശോധനകള്‍ കര്‍ശനമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.

ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും.

കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈല്‍ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com